കോട്ടയം നഗരത്തിലും അക്രമം

കോട്ടയത്ത് സിഐടിയുവിന്റെ ബോർഡ് നശിപ്പിക്കുന്ന ബിജെപിക്കാർ
കോട്ടയം
കോട്ടയം നഗരത്തിലും ആർഎസ്‌എസ് ബിജെപി കലാപം സൃഷ്‌ടിക്കാൻ ശ്രമം. പ്രകടനത്തിന്റെ മറവിൽ ടാക്‌സി സ്‌റ്റാൻഡിൽ സ്ഥാപിച്ചിരുന്ന സിഐടിയുവിന്റെ കൊടിമരം ആർഎസ്‌എസ് ഗുണ്ടകൾ തകർത്തു. ഇതുതടയാനെത്തിയ ടാക്‌സി ഡ്രൈവർമാരായ അനന്ദു, നന്ദു എന്നിവരെ ക്രൂരമായി മർദിച്ചു. ഇരുമ്പുവടി, ദണ്ഡ് അടക്കമുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇവിടെ ഉണ്ടായിരുന്ന ഇരുചക്രവാഹനവും സംഘം തകർത്തു. പൊലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. മർദനമേറ്റവരെ പിന്നീട് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, മന്ത്രി വി എൻ വാസവന്റെയും ചിത്രമുള്ള വലിയ ഫ്ലക്‌സ് ബോർഡുകളും തകർത്തു. കൊടിമരം തകർത്തതിലും പ്രവർത്തകരെ മർദിച്ചതിലും പ്രതിഷേധിച്ച് നഗരത്തിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി. നഗരം ചുറ്റി നടന്ന പ്രകടനം പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തിനുസമീപം സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ പ്രഭാകരൻ, കെ ആർ അജയ്, ഷീജ അനിൽ, എരിയ കമ്മിറ്റിയംഗം അജയൻ കെ മേനോൻ എന്നിവർ സംസാരിച്ചു.









0 comments