എംഡിഎംഎയുമായി 3 പേർ പിടിയിൽ

കോട്ടയം
ജില്ലയിൽ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ടയിൽനിന്ന് രണ്ടും മണർകാടുനിന്ന് ഒരാളുമാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടൻ വീട്ടിൽ അബ്ദുള്ള ഷഹാസ് (31) ആണ് 13.64 ഗ്രാം എംഡിഎംഎയുമായി മണർകാട് പൊലീസിന്റെ പിടിയിലായത്. മണർകാടുള്ള ബാർ ഹോട്ടലിൽ ജീവനക്കാരുമായി തർക്കം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ സജീറിന്റെ നേതൃത്വത്തിൽ ഞായർ പകൽ 12.15നാണ് പൊലീസ് എത്തിയത്. തുടർന്ന് മുറിയെടുത്ത താമസിച്ചിരുന്നയാളെ ചോദ്യം ചെയ്യുകയും പരിശോധനയിൽ സിപ്‌ലോക് കവറുകളിലാക്കി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനികുന്നേൽ സഹിൽ (31), ഇളപ്പുങ്കൽ പുത്തുപ്പറമ്പിൽ യാമിൻ(28) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശനി രാത്രി പത്തേകാലോടെ ഈരാറ്റുപേട്ട ടൗണിന് സമീപം സ്ഥിതിചെയ്യുന്ന അങ്കാളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 4.640 ഗ്രാം എംഡിഎംഎ കാറിൽനിന്ന് പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട എസ്എച്ച്ഒ കെ ജെ തോമസ്, എസ്‌ഐ ടി ബി സന്തോഷ്, എഎസ്‌ഐ ജയചന്ദ്രൻ, സിപിഒമാരായ ടി ആർ രാജേഷ്, എ എസ് സുധീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് കേസുകളിലായി 18. 28 ഗ്രാം എംഡിഎംഎയാണ് ഇന്ന് ജില്ലയിൽ നിന്നും പിടികൂടിയിട്ടുള്ളത്.









0 comments