പച്ച പടരട്ടെ നാടാകെ

മീനടം സ്‌പിന്നിങ് മില്ലിലെ പച്ചത്തുരുത്ത്
കോട്ടയം
ജില്ലയിൽ ഏഴ് ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാൻ ഹരിതകേരളം മിഷൻ. ഇതുവരെ 1,82,000ലേറെ തൈകളാണ് നട്ടത്. ഗ്രാമ, നഗര പ്രദേശങ്ങളിൽ പച്ചപ്പൊരുക്കി ഹരിതാഭ ഭൂപ്രകൃതി സൃഷ്ടിക്കാനുള്ള ‘ഒരു തൈനടാം’ കാമ്പയിന്റെ ഭാഗമാണിത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളെ പച്ചപുതപ്പിക്കും. ഇൗ വർഷം പരിസ്ഥിതി ദിനത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. നാല് മാസം നീളുന്ന പരിപാടിയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ മരത്തൈകൾ നട്ട് പരിപാലിക്കും. സാമൂഹ്യ വനവൽക്കരണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകർമസേന തുടങ്ങിയവയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളാണ് നടപ്പാക്കുന്നത്. വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ 1539.45 സെന്റിൽ 164 പച്ചത്തുരുത്തുകളും യാഥാർഥ്യമാക്കി. 300 പച്ചത്തുരുത്തുകളാണ് ലക്ഷ്യം. ഒഴിഞ്ഞ സ്ഥലങ്ങൾ, തരിശിടങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. വലിയ മരങ്ങള്‍ മുതല്‍ അടിക്കാടുകള്‍ വരെ പച്ചത്തുരുത്തിന്റെ ഭാഗമാക്കും. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി തൈകൾ നട്ട് ചെറുവനങ്ങൾ സൃഷ്‌ടിക്കും. ജില്ലയിൽ 63 സ്‌കൂളുകളിലും 14 കോളേജുകളിലും പച്ചത്തുരുത്ത് നിർമിച്ചിട്ടുണ്ട്. 9 ബ്ലോക്ക് പരിധികളിൽ മാതൃകാ തുരുത്തുകളും മികച്ച നിലയിൽ പരിപാലിക്കുന്നു. ഏറ്റവും മികച്ച മുന്ന് പച്ചത്തുരുത്തുകൾക്ക് ജില്ലാ പുരസ്‌കാരവും നൽകും. ഓർമമരം, ചങ്ങതിക്കൊരു മരം, ദേവഹരിതം കാമ്പയിനും പുരോഗമിക്കുന്നു.









0 comments