കൈക്കൂലി വാങ്ങിയ നഗരസഭ ഓവർസിയർ അറസ്റ്റിൽ

ജയേഷ്
ഈരാറ്റുപേട്ട
കൈക്കൂലി വാങ്ങിയ നഗരസഭ ഓവർസിയറെ വിജിലൻസ് പിടികൂടി. ഈരാറ്റുപേട്ട നഗരസഭയിലെ എൻജിനിയറിങ് വിഭാഗം തേഡ് ഗ്രേഡ് ഓവർസിയർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജയേഷാ(38)ണ് അറസ്റ്റിലായത്. ചൊവ്വാ പകൽ മൂന്നിന് വിജിലൻസ് ഡിവൈഎസ്‌പി പി വി മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്. അരുവിത്തുറ സ്വദേശി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. പരാതിക്കാരന്റെ കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 5000 രൂപ കൈക്കൂലി ജയേഷ് ആവശ്യപ്പെട്ടു. കൈകൂലി നൽകാത്തതിനെ തുടർന്ന് ഫയൽ ദിവസങ്ങൾ തടഞ്ഞുവെച്ചു. തുടർന്ന് 3000 രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിച്ചു. സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം നൽകാനാണ് ജയേഷ് പറഞ്ഞത്. അതുപ്രകാരം 3000 രൂപ നൽകുകകയും സ്ക്രീൻഷോട്ട് ജയേഷിന് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. കൈകൂലി അക്കൗണ്ടിൽ നൽകിയ സ്ക്രീൻഷോട്ടും തുക ആവശ്യപ്പെടുന്ന ഫോൺ സംഭാഷണവും പരാതിക്കാരൻ അന്വേഷക ഉദ്യോഗസ്ഥർക്ക് കൈമാറി. വിജിലൻസ് സിഐ മനു വി നായർ, എഎസ്‌ഐമാരായ അനിൽകുമാർ, അരുൺ ചന്ദ്, രജീഷ് കുമാർ, കെ പി രാജേഷ്, ജോഷി എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെ പിടികൂടിയത്.









0 comments