നെഹ്‌റു ട്രോഫിയുടെ ആവേശത്തിൽ ജലോത്സവപ്രേമികൾ
കോട്ടയം കരുത്ത് കാട്ടുമോ

കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പൻ ചുണ്ടൻ പോളിഷ് ചെയ്‌ത് മിനുക്കിയപ്പോൾ
കോട്ടയം
പുന്നമടയിലെ ജലരാജാവിനെ ഇന്നറിയാം; നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ കുമരകത്തിന്റെയും കുട്ടനാടിന്റെയും കരുത്താവാഹിച്ച് മൂന്ന് ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്നുണ്ട് – പായിപ്പാട് ചുണ്ടൻ(കുമരകം ടൗൺ ബോട്ട് ക്ലബ്), നടുവിലേപറമ്പൻ ചുണ്ടൻ(കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചങ്ങനാശേരി ബോട്ട് ക്ലബ്).
രണ്ടാഴ്‌ചയിലധികം നീണ്ട പരിശീലനംകഴിഞ്ഞ് വെള്ളിയാഴ്‌ച എല്ലാ തുഴച്ചിലുകാർക്കും വിശ്രമദിവസമായിരുന്നു. ചുണ്ടൻ പോളിഷ് ചെയ്‌ത് മിനുക്കി. പുന്നമടക്കായലിന്റെ ജലരാജപട്ടം ഇത്തവണ സ്വന്തമാക്കുമെന്ന വാശിയിലാണ് ഓരോ ക്ലബ്ബും.
കുമരകം ടൗൺ ബോട്ട് ക്ലബ് ശനി രാവിലെ 6.30ന് ചക്രംപടിയിൽനിന്ന് പുറപ്പെടും. കഴിഞ്ഞതവണ മില്ലിസെക്കന്റുകൾക്ക് നഷ്ടമായ കിരീടം ഇത്തവണ കുമരകത്തിന്റെ കരയിലെത്തിക്കുമെന്ന വാശിയിലാണ് മുമ്പ് പലതവണ ചാമ്പ്യൻമാരായിട്ടുള്ള ക്ലബ്. നെഹ്‌റു ട്രോഫി മത്സരം നടക്കുന്ന ട്രാക്കിലെത്തി ക്ലബ് ഇത്തവണ പരിശീലനം നടത്തിയിരുന്നു. പായിപ്പാടൻ 2–ലായിരുന്നു പരിശീലനം. പുന്നമടയിലേക്ക് പുറപ്പെടുന്ന ചുണ്ടൻ രാവിലെ എട്ടിന് ചന്തക്കവലയിൽ എത്തുമ്പോൾ ഗംഭീര യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് കുമരകത്തെ വള്ളംകളിപ്രേമികൾ.
നെഹ്‌റു ട്രോഫിയിൽ കന്നിക്കാരായ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ഫൈബർ ചുണ്ടൻവള്ളങ്ങളിലായിരുന്നു പരിശീലനം. ശനി രാവിലെ എട്ടിന് ചീപ്പുങ്കലിൽനിന്ന് ചുണ്ടൻ പുന്നമടയിലേക്ക് പുറപ്പെടും. വള്ളാറപ്പള്ളിയിൽനിന്നാണ് ടീം കയറുക.
ബോയയിൽ ആയിരുന്നു ചങ്ങനാശേരി ടൗൺ ബോട്ട് ക്ലബ്ബിന്റെ പരിശീലനം. നെഹ്‌റു ട്രോഫിയിൽ ക്ലബ് രണ്ടാംതവണയാണ് മത്സരിക്കുന്നത്. കുട്ടനാടിന്റെ കരുത്തുമായി എത്തുന്ന ക്ലബ് ഇത്തവണ മുൻവർഷത്തേക്കാൾ ആവേശത്തിലാണ്. ശനി രാവിലെ എട്ടിന് കിടങ്ങറയിൽനിന്ന് പുറപ്പെടും. ചങ്ങനാശേരി നഗരത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തിയിരുന്നു.









0 comments