നെഞ്ചുലഞ്ഞ്‌ നവനീത്‌, നിശ്ചലയായി നവമി

navami

തീരാനോവായി...... ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അവസാനമായി ഒരുനോക്കു കാണുന്ന മകൾ നവമി

വെബ് ഡെസ്ക്

Published on Jul 05, 2025, 03:15 AM | 1 min read

തലയോലപ്പറമ്പ്‌ ‘അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലമ്മാ...' നെഞ്ചുലഞ്ഞ്‌ അലമുറയിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടിയപ്പോൾ അരികിൽ നവമി നിശ്ചലമായിരുന്നു. ചികിത്സയുടെ ഭാഗമായി നെക്‌കോളർ ധരിച്ചാണ്‌ മണിക്കൂറോളം അവൾ അമ്മയ്‌ക്കരികിൽ ഇരുന്നത്‌. ഉറക്കെ കരയാതെ ദുഖം ഉള്ളിലൊതുക്കിയുള്ള ഇരിപ്പ്‌ കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. ആന്ധ്രാപ്രദേശ്‌ ചിറ്റൂർ അപ്പോളോ നഴ്‌സിങ് കോളേജിലെ അവസാനവർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിയായ നവമി ഒരുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. പഠനത്തിനായി വായ്‌പ എടുത്തിരുന്നു. നവമിയുടെ ഒപ്പ്‌ കൂടി ഉണ്ടായിരുന്നെങ്കിൽ മാത്രമേ അവസാന ഗഡു ലഭിക്കുകയുള്ളൂ. ഒപ്പം ചികിത്സയും നടത്താമെന്ന രീതിയിലാണ്‌ നാട്ടിലെത്തിയത്‌. പത്തിലും പ്ലസ്‌ ടുവിലും എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ നവമിയെ നഴ്‌സായി കാണുകയെന്നത്‌ ബിന്ദുവിന്റെ വലിയ ആഗ്രഹമായിരുന്നു. അവസാന പരീക്ഷയ്ക്ക്‌ ആറുമാസം മാത്രം ബാക്കി നിൽക്കെയുള്ള അമ്മയുടെ വിയോഗം കുഞ്ഞുമനസിൽ തീരാനോവായ്‌. തൊടുപുഴ അൽ അസർ കോളേജിൽനിന്ന്‌ സിവിൽ എൻജിനിയറിങ് കഴിഞ്ഞ നവനീത്‌ കഴിഞ്ഞമാസമാണ്‌ ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക്‌ പ്രവേശിച്ചത്‌. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ നവനീത്‌ പ്ലസ്‌ടുവിനും മികച്ച വിജയം കൈവരിച്ചു. ആദ്യശമ്പളവുമായി അമ്മയെ കാണാൻ വരുന്നതിനിടെയാണ്‌ അപകടവിവരം അറിയുന്നത്‌. എല്ലാം സ്വപ്‌നങ്ങളും ബാക്കിയാക്കിയുള്ള അമ്മയുടെ അവസാന യാത്രയ്ക്ക്‌ മുമ്പ്‌ അന്ത്യചുംബനം നൽകുമ്പോൾ പുറകിൽ ഇരുവരും സ്വന്തമാക്കിയ സമ്മാനങ്ങൾ തെളിഞ്ഞ്‌ കാണാമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home