നവനീതിനെ ചേർത്തുപിടിച്ച് മന്ത്രി ആർ ബിന്ദു ‘‘
അമ്മയായി കരുതണം, എന്തുണ്ടെങ്കിലും വിളിക്കണം’’

കോട്ടയം മെഡിക്കൽ കോളേജിൽ പഴയകെട്ടിടം തകർന്ന് മരിച്ച ഡി ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി മകൻ നവനീതിനെ മന്ത്രി ഡോ. ആർ ബിന്ദു ആശ്വസിപ്പിക്കുന്നു
കോട്ടയം
‘‘മോന്റെ അമ്മയുടെ പേര് തന്നെയാണ് എന്റേതും. അമ്മയായി കരുതണം. എന്തുണ്ടെങ്കിലും വിളിക്കണം. എന്റെ നമ്പർ സേവ് ചെയ്‌തോളൂ. എനിക്ക് മിസ്‌കോൾ അടിച്ചേക്കൂ. ഞാനും സേവ് ചെയ്യാം’’ മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീതിനെ ചേർത്തുപിടിച്ച് മന്ത്രി ആർ ബിന്ദു പറഞ്ഞു. മന്ത്രി ഫോൺ നമ്പർ പറഞ്ഞപ്പോൾ നവനീത് മൊബൈലിൽ സേവ് ചെയ്‌ത് മന്ത്രിയെ തിരിച്ചുവിളിച്ചു. മന്ത്രിയും നമ്പർ സേവ് ചെയ്‌തു. അമ്മയുടെ മരണത്തോടെ മാനസികമായി തകർന്ന നവനീത് തൊട്ടടുത്തുള്ള അമ്മയുടെ ചേച്ചിയുടെ വീട്ടിലാണ് കഴിയുന്നത്. ബിന്ദുവിന്റെ വീട്ടിലെത്തി അമ്മ സീതാലക്ഷ്‌മി, ഭർത്താവ് വിശ്രുതൻ എന്നിവരെ കണ്ടപ്പോൾ മകനെക്കുറിച്ച് മന്ത്രി ചോദിച്ചു. അവൻ ചേച്ചിയുടെ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ മന്ത്രി അങ്ങോട്ട് പോകുകയായിരുന്നു. പുറത്തിറങ്ങാതെ അകത്തെ മുറിയിൽ ഇരിക്കുകയായിരുന്ന നവനീതിനടുത്ത് മന്ത്രി ഇരുന്നു. കുടുംബത്തിനൊപ്പം സർക്കാർ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. തനിക്ക് ജോലി വേണ്ടെന്നും സഹോദരി നവമിക്ക് നല്ല ചികിത്സ നൽകി സുഖപ്പെടുത്തിയാൽ മതിയെന്നും നവനീത് പറഞ്ഞു. അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്‌തിട്ടുണ്ടെന്നും ഡോക്ടർമാരുടെ വിദഗ്‌ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. വിഷമിക്കരുതെന്നും വീട്ടിനകത്ത് തന്നെ ഇരിക്കരുതെന്നും കൂട്ടുകാർക്കൊപ്പം പുറത്തൊക്കെ പൊകണമെന്നും മന്ത്രി ഉപദേശിച്ചു. നവനീതിന്റെ പഠനവിവരവും അന്വേഷിച്ചു. വീട് നിർമാണം പൂർത്തിയാക്കാൻ 12.80 ലക്ഷം രൂപ അനുവദിച്ചകാര്യവും വേഗത്തിൽ പണി തീർക്കുമെന്നും മന്ത്രി പറഞ്ഞു. സി കെ ആശ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.









0 comments