മീനച്ചിലാർ ശുചീകരണ സന്ദേശം ഉയർത്തി കയാക്കിങ്

പാലാ
മീനച്ചിലാർ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഉയർത്തി ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടവഞ്ചിയാത്രയും കയാക്കിങ് പ്രദർശന മത്സരവും. ഓളപ്പരപ്പിൽ ആവേശം ഉണർത്തി ചിരിയോരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നാടിനാഘോഷമായി. തുടർന്ന് മീനച്ചിലാർ തീരവും മുനിസിപ്പൽ പാർക്കും ശുചീകരിച്ച സംഘാടകർ അനുബന്ധ പരിപാടികളുടെ ഭാഗമായി ജല ദുരന്തനിവാരണം, ദന്താരോഗ്യം, ക്യാൻസർ അവബോധം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും നടത്തി. നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ ബിജി ജോജോ അധ്യക്ഷയായി. നിഷ ജോസ് കെ മാണി, സംവിധായകൻ ഭദ്രൻ മാട്ടേൽ തുടങ്ങിയവർ മുഖ്യാതിഥികളായി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച്, റോട്ടറി ക്ലബ്, ഈരാറ്റുപേട്ട– ഏറ്റുമാനൂർ, കൊച്ചിൻ പാഡിൽ ക്ലബ്, ടെൻസിങ് നേച്ചർ ആൻഡ് അഡ്വഞ്ചർ ക്ലബ്, പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ എൻഎസ്എസ് യൂണിറ്റ്, മുനിസിപ്പൽ എംപ്ലോയിസ് ഓർഗനൈസേഷൻ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ് എന്നിവ ചേർന്നായിരുന്നു പരിപാടി. ഡോ. ജിയോ ടോം ചാൾസ് ദന്ത ആരോഗ്യത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി. കയാക്കിങ് അനുഭവത്തെപ്പറ്റിയും കാൻസർ അവബോധത്തെപ്പറ്റിയും നിഷ ജോസ് കെ മാണി ക്ലാസ് നയിച്ചു. സംവിധായകൻ ഭദ്രൻ മാട്ടേൽ കയാക്കിങ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.









0 comments