വൈക്കം - വെച്ചൂർ റോഡിനായി ഭൂമി ഏറ്റെടുക്കൽ

പുനരധിവാസ പാക്കേജിന് അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2025, 01:27 AM | 1 min read

വൈക്കം

വീതികൂട്ടി ആധുനിക നിലവാരത്തിൽ നിർമിക്കുന്ന വൈക്കം– വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി വീടുകൾ, കടകൾ എന്നിവ പൂർണമായും നഷ്ടപ്പെടുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കും നൽകുന്ന പുനരധിവാസ പാക്കേജിന് ലാൻഡ് റവന്യൂ കമീഷണർ അന്തിമ അനുമതി നൽകി. 95.28 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജിനാണ് അനുമതി. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽപെട്ട 103 ഗുണഭോക്താക്കളെ കഴിഞ്ഞ ഫെബ്രുവരി 17 മുതൽ 20 വരെ തീയതികളിലായി നേരിൽ കണ്ട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ രേഖകൾ പരിശോധിച്ചാണ് പാക്കേജിന് അന്തിമ രൂപം നൽകിയത്. വൈക്കം– വെച്ചൂർ റോഡിനായി 963 പേരിൽ നിന്നുമായി ഏറ്റെടുക്കുന്ന 15 ഏക്കർ ഭൂമിയുടെ അവകാശികൾക്ക് ഭൂമിവില നൽകുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇതിനായി 85.77 കോടി രൂപ കിഫ്ബിയിൽ നിന്ന് റോഡ് നിർമിക്കുന്ന കെആർഎഫ്ബിക്ക് കൈമാറി. ഈ തുക തഹസിൽദാർക്ക് കൈമാറിയ ശേഷം വസ്തു ഏറ്റെടുക്കൽ സംബന്ധിച്ച് അന്തിമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന് 963 ഭൂവുടമകളുടെ രേഖ പരിശോധനയ്ക്കു ശേഷം ഉടൻ തന്നെ പണം കൈമാറാൻ കഴിയുമെന്ന് സി കെ ആശ എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home