കേരള ചിക്കൻ
സ്‌റ്റൈലായി; വിലയും കുറവ്

ഹോൾചിക്കന്റെ പാക്കിങ്
ജ്യോതിമോൾ ജോസഫ്
Published on Jul 06, 2025, 01:29 AM | 1 min read
കോട്ടയം കുടുംബശ്രീ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ പുതിയ രൂപത്തിലെത്തുന്നു. ഫ്രോസൺ മേഖലയിലെ ചുവടുവയ്‌പ്പിന് പിന്നാലെയാണ് ജില്ലയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നത്. ബഡ്‌ജറ്റ് ബൈറ്റ്‌സ് എന്നപേരിൽ എത്തുന്ന ഉൽപ്പന്നമാണ് ഇതിൽ ആദ്യത്തേത്. ആഗസ്‌തോടെ ബഡ്‌ജറ്റ് ബൈറ്റ്‌സ് വിപണിയിലെത്തും. സാധാരണക്കാർക്ക് ലഭ്യമാക്കത്തക്കവിധം 89 രൂപയ്‌ക്കാണ് വിപണിയിലെത്തിക്കുക. ചിക്കൻബോൺ കൂടി ഉൾപ്പെടുത്തിയുള്ള ഇറച്ചിയായിരിക്കും ബഡ്‌ജറ്റ് ബൈറ്റ്‌സ്. ഒപ്പം ചിക്കൻ ലിവർ, ഗിസാഡ്, ഫുൾ ചിക്കൻ, സ്‌കിൻലെസ് ഫുൾ ചിക്കൻ, ഡോഗ് സ്‌പെഷ്യൽ പാക്ക് എന്നിവയുമെത്തും. റെഡി ടു കുക്ക് ഇനങ്ങൾ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഉടൻ വിപണിയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കറി കട്ട് ആണ് ആദ്യം വിപണിയിലെത്തിയത്. രണ്ടാംഘട്ടത്തിൽ ബിരിയാണി കട്ട്, ഡ്രംസ്‌റ്റിക്, ചിക്കൻ ബ്രസ്‌റ്റ് പീസ് എന്നിവയുമെത്തി. കേരള ചിക്കൻ ലൈവ് ഔട്ട്‌ലെറ്റുകൾക്ക് പുറമെ ഫ്രോസൺ ചിക്കൻ മേഖലയിലേക്കും വിപണനം വ്യാപിപ്പിച്ച് സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ചാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. കൊടുങ്ങൂരിൽ ഫ്രോസൺ ഔട്ട്‌ലെറ്റും ആരംഭിച്ചിട്ടുണ്ട്. കേരള ചിക്കൻ ഔട്ട്‌ലെറ്റിനോട് ചേർന്നാണിത്. ആവശ്യക്കാർ ഉള്ളതിനാൽ കുമ്മനത്തും ഫ്രോസൺ ഔട്ട്‌ലെറ്റ് ഉടൻ ആരംഭിക്കും. ജില്ലയിൽ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച വിറ്റുവരവാണുള്ളത്. വിൽപ്പനയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ജില്ല. 2024–-2025 വർഷത്തിൽ 14.67 കോടിയുടെ വിൽപ്പനയാണ് നടന്നത്. 2021 ലാണ് ജില്ലയിൽ പദ്ധതി തുടങ്ങിയത്. 45 ഫാമുകളിലായി 148000-–- 150000 കോഴികളെ വളർത്തുന്നു. 14 ഔട്ട്‌ലെറ്റുകൾവഴി വിറ്റഴിക്കുന്നു. കൊടുങ്ങൂർ, മാന്തുരുത്തി, കറുകച്ചാൽ(പനയമ്പാല), തെങ്ങണ, ചങ്ങനാശേരി, വെണ്ണിമല, ഇല്ലിവളവ്, കളത്തിപ്പടി, കുമ്മനം, ഏറ്റുമാനൂർ, ചേർപ്പുങ്കൽ, പാലാ, പുതുവേലി, -കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകൾ. എലിക്കുളത്ത് ഔട്ട്‌ലറ്റ് ഉടൻ തുടങ്ങും.









0 comments