പെരുന്തുരുത്ത് സ്കൂളിലെ പച്ചത്തുരുത്തിന് അംഗീകാരം

ജില്ലയിലെ മികച്ച പച്ചത്തുരുത്ത്
കടുത്തുരുത്തി
ജില്ലയിലെ മികച്ച പച്ചത്തുരുത്തായി പെരുന്തുരുത്ത് ഗവ. എസ് കെവി യുപി സ്കൂളിന്റെ ഗ്രൗണ്ടിനോടനുബന്ധിച്ചുള്ള പച്ചതുരുത്തിനെ തെരഞ്ഞെടുത്തു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് അംഗീകാരം നൽകിയത്. മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ പി കെ സോമനാണ് പച്ചതുരുത്തിന്റെ ശിൽപി. 2016 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ ഗ്രൗണ്ടിനാടനുബന്ധിച്ചുള്ള 70 സെന്റ് സ്ഥലത്താണ് അധ്യാപകരെയും കുട്ടികളെയും ചേർത്ത് അന്നത്തെ പഞ്ചായത്തംഗം കൂടിയായ ഇദ്ദേഹം ചെടികൾ നട്ട് ഇതിനുള്ള ആദ്യ ചുവട് വയ്പ് നടത്തിയത്. എന്നാൽ ചെടികൾ പിന്നീട് നശിപ്പിക്കപ്പെട്ടു. തുടർന്ന് സ്ഥലത്ത് വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, ചേന എന്നിവ നട്ട് ഇടയിൽ മരങ്ങളും തൈകളും നട്ട് പരിപാലിച്ചു. 2020ൽ പഞ്ചായത്തംഗത്തിന്റെ ചുമതല ഒഴിഞ്ഞ ശേഷം ഈ പ്രവൃത്തികൾ തുടരുന്നതിനായി തൊഴിലുറപ്പ് തൊഴിലാളിയായി സ്വയം കാർഡ് സമ്പാദിക്കുകയും തൊഴിലാളികളുടെ സേവനങ്ങൾ കൂടി ഇവിടെ പ്രയോജനപ്പെടുത്തി. ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂച്ചെടികളുമുണ്ട് ഇൗ പച്ചത്തുരുത്തിൽ. അയൽപുരയിടത്തിൽ നിന്നും ജലം പമ്പ് ചെയ്ത് വിവിധ ടാങ്കുകളിൽ ശേഖരിച്ച് നനയ്ക്കുന്ന പ്രവൃത്തിയും ഇദ്ദേഹം ചെയ്തുപോന്നു. സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും ഇദ്ദേഹത്തെ ആദരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. സിപിഐ എം കല്ലറ ലോക്കൽ കമ്മിറ്റിയംഗം, കല്ലറ പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ്, പട്ടികജാതി ക്ഷേമസമിതി കോട്ടയം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തുടങ്ങി നിരവധി ചുമതലകൾ ഇദ്ദേഹം നിർവഹിച്ചുവരുന്നു.









0 comments