ബ്ലേഡ് മാഫിയയുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

കോട്ടയം വ്യാപാര മേഖലയിലെ ബ്ലേഡ് -ഗുണ്ടാ മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ദേശസാൽകൃത ബാങ്കുകൾ സിബിൽ സ്കോറിന്റെ അപര്യാപ്തത മൂലം വായ്പാ നിഷേധം നടത്തുന്നതിനാൽ സ്വകാര്യ വ്യക്തികളിൽനിന്ന് പണം കടം എടുക്കുന്ന പ്രവണത കൂടി വരികയാണ്. ഈ സാഹചര്യം മുതലെടുത്താണ് ബ്ലേഡ് മാഫിയ വീണ്ടും സജീവമാകുന്നത്. പലിശ മുടക്കുന്ന വ്യാപാരികളെ നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സമ്പ്രദായം ജില്ലയിലെ പ്രധാന വ്യാപാര മേഖലകളിൽ സർവ സാധാരണമായിരിക്കുകയാണ്. രാമപുരത്ത് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരിയും കരാറുകാരനുമായ വിഷ്ണുവിന്റെയും ഭാര്യ രശ്മിയുടെയും മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ബ്ലേഡ് മാഫിയക്കെതിരെയുള്ള സംഘടിത ചെറുത്തുനിൽപ്പിന്റെ ഭാഗമായിട്ടുള്ള സമരപരിപാടികൾക്ക് വ്യാപാരി വ്യവസായി സമിതി നേതൃത്വം നല്കുമെന്ന് സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.









0 comments