പ്രതിരോധിക്കാം എലിപ്പനി

കോട്ടയം ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ. വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാമി (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം. ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ മലിനജലവുമായി സമ്പർക്കത്തിൽവരുന്നവർ 200 എംജി ഡോക്‌സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ആറാഴ്ചവരെ കഴിക്കണം. ജോലിതുടർന്നും ചെയ്യുന്നുവെങ്കിൽ രണ്ടാഴ്ച ഇടവേളയ്ക്കുശേഷം വീണ്ടും കഴിക്കണം. ഭക്ഷണം കഴിച്ചശേഷംമാത്രം ഗുളിക കഴിക്കണം. ഗുളിക കഴിക്കുന്നതോടൊപ്പം രണ്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഗുളിക കഴിച്ചശേഷം ഉടനെ കിടക്കരുത്. തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നതിന് തലേദിവസം ഭക്ഷണശേഷം ഗുളികകഴിക്കണം. എലിപ്പനി -പ്രതിരോധം ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ, പാദം വിണ്ടുകീറിയവർ, ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്. ശരീരത്തിൽ മുറിവുകൾ ഉള്ളവർ ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽവരുന്ന ജോലികൾ ചെയ്യരുത്. ജോലിചെയ്യുന്നവർ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്‌സിസൈക്ലിനും കഴിക്കണം. ചെരുപ്പ് ധരിക്കണം. മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്‌സിസൈക്ലിൻ ഗുളികകഴിച്ച് മുൻകരുതലെടുക്കുക. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക. ആഹാരവും കുടിവെള്ളവും എലിമൂത്രം കലർന്ന് മലിനമാകാതെ മൂടിവെക്കുക. കടുത്ത പനി, തലവേദന, ക്ഷീണം, ശരീരവേദന, കാൽവണ്ണയിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെകണ്ട് ചികിത്സതേടണം. മലിനജലവുമായി സമ്പർക്കമുണ്ടെങ്കിൽ ഡോക്ടറോട് പറയണം. കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്.









0 comments