സിറ്റൗട്ടിൽ കാട്ടാന, വൃദ്ധ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊമ്പുകുത്തി പടലിക്കാട്ടിൽ ദാസനും പുഷ്‌പയും കാട്ടാന എത്തിയ വീടിന് മുന്നിൽ
മുണ്ടക്കയം
സിറ്റൗട്ടിൽ വരെ ആന കയറിയതോടെ ജീവൻ ഏത് നിമിഷവും നഷ്ടപ്പെടുമെന്ന ഭീതിയിൽ വൃദ്ധ ദമ്പതികൾ.
കോരുത്തോട് കൊമ്പുകുത്തി പടലിക്കാട്ടിൽ ദാസന്റെയും ഭാര്യ പുഷ്പയുടെയും സിറ്റൗട്ടിലാണ് വെള്ളി രാത്രി പതിനൊന്നോടെ കാട്ടാനയെത്തിയത്. വീടിന് സമീപത്തെ കപ്പ കൃഷി ആന നശിപ്പിക്കുന്ന ശബ്ദം കേട്ട് പുഷ്പ സിറ്റൗട്ടിലിറങ്ങി. പുറത്തിറങ്ങി
ആനയെ ശബ്ദമുണ്ടാക്കി ഓടിക്കാനായി വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റ് ഡിഷ് എടുക്കാനാണ് പുറത്തിറങ്ങിയത്. വീട്ടിലേക്ക് കയറുന്നതിനിടെ പുഷ്പയുടെ നേരെ കാട്ടാന ചീറിയടുത്തു. സിറ്റൗട്ടിൽ മുൻകാൽ എടുത്തുവച്ച ആന പുഷ്പയെ പിടിക്കുവാനായി ആയുന്നതിന് മുമ്പ് ദാസൻ ഭാര്യയെ ഹാളിലേക്ക് തള്ളി മാറ്റി.
ഇതിന് പിന്നാലെ പ്ലാക്കൽ സജിമോന്റെ വീടിന് സമീപവും ആനയെത്തി. കഴിഞ്ഞ രാത്രിയിൽ പുളിക്കൽ പത്മനാഭപിള്ളയുടെ വീടിനുനേർക്ക് ആക്രമണമുണ്ടായി. മുൻ കതക് കുത്തിപ്പൊളിച്ച ആന കട്ടിൽ, മേശ, ടിവി അടക്കമുള്ളവ നശിപ്പിച്ചു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേഖലയിൽ ഏറെ നാളായി കാട്ടാനശല്യം രൂക്ഷമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുകയാണ്.









0 comments