ഡിലിഷസാണ് ‘ഡൽഹി’ ആപ്പിൾ

നഗരത്തിൽ വിൽപ്പനക്ക് എത്തിച്ച ഡൽഹി ആപ്പിൾ
കോട്ടയം
കഴിക്കാൻ മൃദുലമാണെങ്കിലും ഡിലിഷസ് ആപ്പിൾ എന്ന പേരൽപ്പം കടുപ്പമാണ്. അങ്ങനെ ഡിലിഷസ് ആപ്പിൾ ലോപിച്ച് ഡൽഹി ആപ്പിളായി. തരിതരിപ്പും മധുരവുമാണ് രുചി. കിലോയ്‌ക്ക് 200 രൂപയാണ് വില. ചെറുതിന് 180 രൂപ. കശ്‌മീരിൽ നിന്നാണ് ഡൽഹിയിൽ എത്തുന്നത്. അങ്ങനാകാം ഡൽഹി ആപ്പിളെന്ന് പേര് വീണതെന്ന് കോട്ടയം ശാസ്‌ത്രി റോഡിൽ പഴങ്ങൾ കച്ചവടം നടത്തുന്ന പി വി പ്രസാദ് പറഞ്ഞു. രുചിയിലെ വൈവിധ്യം തന്നെയാണ് ഡൽഹി ആപ്പിളിനെ പ്രിയമാക്കുന്നത്. ആപ്പിൾ കഴിക്കുന്നത് ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനം. വിറ്റാമിനുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മം, കാഴ്‌ച, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും ഗുണകരമാണ്. പ്രമേഹം നിയന്ത്രിക്കാനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്റെ മൂന്നില്‍ രണ്ടും കശ്മീര്‍ താഴ്വരയില്‍ നിന്നാണ്. രാജ്യത്ത് ആകെ വിളയുന്ന 2.5 ദശലക്ഷം മെട്രിക് ടണ്‍ ആപ്പിളില്‍ രണ്ട് ദശലക്ഷവും കശ്മീരിൽ നിന്നാണ്. അങ്ങനെ വരുന്ന വഴിയിൽ ഡിലീഷസ് ആപ്പിൾ ഡൽഹി ആപ്പിളായി.









0 comments