സിപിഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

വൈക്കം
വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തുടങ്ങി. ആർ ബിജു നഗറിൽ(വടക്കേനട എൻഎസ്എസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ പോലും ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംവിധാനമായി മാറി. മതപരിവർത്തനമെന്ന ഇല്ലാത്ത കഥ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. പ്രത്യേകമായ ടാർഗറ്റ് നിശ്ചയിച്ചാണ് ആർഎസ്എസും സംഘപരിവാറും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. വി കെ സന്തോഷ് കുമാർ, വി ടി തോമസ്, എം എ ഷാജി, സി കെ ആശ എംഎൽഎ, ജിജോ ജോസഫ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ, പി പി സുനീർ എം പി, ടി വി ബാലൻ, സി പി മുരളി, പി പ്രസാദ്, കെ കെ അഷ്റഫ്, പി വസന്തം എന്നിവർ സംസാരിച്ചു. വലിയ കവലയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം മുതിർന്ന നേതാവ് പാലായിലെ കെ എസ് മാധവൻ പതാക ഉയർത്തി. ജെട്ടി മൈതാനിയിലെ പി എസ് ശ്രീനിവാസൻ - സി കെ വിശ്വനാഥൻ നഗറിൽ കമ്യൂണിസ്റ്റ് പാർടിയുടെ ജന്മശതാബ്ദി സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി കെ ആശ എംഎൽ എ അധ്യക്ഷയായി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ പ്രമുഖ വിപ്ലവ ഗായിക പി കെ മേദിനിയെ ആദരിച്ചു. ഞായർ രാവിലെ 9.30ന് ആർ ബിജു നഗറിൽ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് ശേഷം പ്രതിനിധികളുടെ രാഷ്ട്രീയ - സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുക്കും.









0 comments