കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2025, 02:22 AM | 1 min read

കോട്ടയം

സാധാരണക്കാരന്റെ പോക്കറ്റ്‌ കാലിയാകാതെ ഇത്തവണയും ഓണമാഘോഷിക്കാൻ സർക്കാർ കരുതൽ. ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലകുറവിൽ ലഭ്യമാക്കാനുമായി കൺസ്യൂമർ ഫെഡ്‌ ഓണച്ചന്തകൾ ജില്ലയിൽ ആരംഭിച്ചു. ആന്ധ്ര ജയഅരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻപയർ‍, കടല, ഉഴുന്ന്‌, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി‍‍, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ഇനി ജനങ്ങളിലേക്കെത്തും. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും. ജില്ലയിലാകെ 114 ചന്തകളാണ്‌ ഉള്ളത്‌. ഒമ്പതെണ്ണം ത്രീവേണി സൂപ്പർ മാർക്കറ്റിലും 105 എണ്ണം സഹകരണസംഘങ്ങളുടെ നേതൃത്വത്തിലുമാണ്‌ പ്രവർത്തിക്കുക. തേയില, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, സവാള തുടങ്ങിയവയ്ക്കും പ്രത്യേക വിലക്കുറവുണ്ട്. പച്ചക്കറി ഉൾപ്പെടെയുള്ളവയും സ്റ്റാളുകളിൽ സജ്ജീകരിക്കും. ദിനേശ്‌, റെയ്‌ഡ്‌കോ, മിൽമ തുടങ്ങിയവയുടെ ഉൽപന്നങ്ങൾക്കും പ്രത്യേകം വിലക്കുറവുണ്ട്‌. സഹകരണസംഘങ്ങൾ കർഷകരിൽനിന്ന്‌ നേരിട്ട്‌ കൊപ്ര ശേഖരിച്ച്‌ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ്‌ ചന്തകളിൽ ലഭിക്കുക. കോടൂർ, കാട്ടൂർ, കൊടിയത്തൂർ, അഞ്ചരക്കണ്ടി സഹകരണസംഘങ്ങളുടെ വെളിച്ചെണ്ണ സ്റ്റാളുകളിൽ ലഭ്യമാകും. ഓണച്ചന്തകൾ സെപ്‌തംബർ നാലിന്‌ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home