ഒരു തണ്ടിൽനിന്ന് 120 കിലോ
കപ്പയ്‌ക്ക് ഇത്ര "അഹങ്കാരം' പാടില്ല

കൈപ്പുഴ കുന്നുംപുറത്ത് മാത്യുവിന്റെ പുരയിടത്തിൽനിന്ന് 120 കിലോ തൂക്കമുള്ള കപ്പ നാട്ടുകാരുടെ നേതൃത്വത്തിൽ വിളവെടുക്കുന്നു
ഏറ്റുമാനൂർ
വിളവെടുപ്പ് മാസമായ ചിങ്ങത്തിൽ രാവിലെ രണ്ടുകഷണം കപ്പ പുഴുങ്ങിയടിക്കാം എന്ന് കരുതിയാണ് മാത്യു പുരയിടത്തിലെ കപ്പ പറിക്കാനെത്തിയത്. പിടിച്ചിട്ടും വലിച്ചിട്ടും ചുവട് മാന്തി നോക്കിയിട്ടും കിഴങ്ങ് പോരുന്നില്ല. കപ്പയ്‌ക്ക് ഇത്ര "അഹങ്കാരമോ'. ഒടുവിൽ ചെറിയ "ഖനനം' തന്നെ വേണ്ടിവന്നു. പറിച്ചെടുത്തപ്പോൾ ഒറ്റ മൂട്ടിൽനിന്ന് കിട്ടിയത് 120 കിലോ ആമ്പക്കടൻ കപ്പ. കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ മാത്യു രാവിലെ എട്ടിന് സഹോദരങ്ങളുടെ സഹായത്തോടെ ആരംഭിച്ച കപ്പ പറിയ്ക്കൽ ഉച്ചയോടെയാണ് അവസാനിച്ചത്. സമയം നീണ്ട് ഉച്ചയായതോടെ തണലിനായി ടാർപോളിനും വലിച്ചുകെട്ടേണ്ടി വന്നു. ആർപ്പുവിളിയുടെ അകമ്പടിയോടെയാണ് അപൂർവ വിളവെടുപ്പ് നടന്നത്. കൗതുക കാഴ്‌ച കാണാൻ നിരവധിയാളുകളുമെത്തി. ഭീമൻ കപ്പയ്‌ക്കൊപ്പം നാട്ടുകാർ സെൽഫിയും എടുത്തു. കൃഷിഭവൻ ഉദ്യോഗസ്ഥർ, വാർഡംഗം പി ഡി ബാബു എന്നിവരും സ്ഥലത്തെത്തി. പലയിനം കൃഷികൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വർഷമാണ് ആമ്പക്കാടൻ കപ്പ കൃഷിയിൽനിന്നു അപൂർവ നേട്ടം ഉണ്ടായതെന്നും വിളവിന്റെ രഹസ്യത്തിലേക്കുള്ള വഴി ചാണകവും ചാരവും മാത്രമാണെന്നും കർഷകൻ പറഞ്ഞു.









0 comments