കാഞ്ഞിരപ്പള്ളി ബൈപാസ്: കരാറുകാരനെ മാറ്റും കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിൽ സമയനിഷ്‌ഠ പാലിക്കാത്ത കരാറുകാരനെ മാറ്റാൻ തീരുമാനമായി. പദ്ധതി റീ ടെൻഡർ ചെയ്യാൻ കിഫ്ബി തീരുമാനിച്ചതായി ഗുജറാത്ത് ബാക്ക് ബോൺ കൺസ്ട്രക്ഷൻ കമ്പനിക്ക് നോട്ടീസ് നൽകി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം ഈ വർഷം മാർച്ച് മാസത്തിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചത്. നാലുമാസം കൂടി കാലാവധി ദീർഘിപ്പിച്ച് നൽകിയെങ്കിലും നിർമാണം പൂർത്തികരിക്കാനായില്ല. ഇതിനാലാണ് കരാറുകാരനെ ഒഴിവാക്കിയത്. ദേശീയപാത 183 ലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നാരംഭിച്ച് മണിമല റോഡിന്റെയും ചിറ്റാർ പുഴയുടേയും മുകളിലൂടെ മേൽപാലം നിർമിച്ച് ടൗൺ ഹാളിന്റെ പുറകുവശത്തു കൂടി പുതക്കുഴിയിൽ ഫാബീസ് ജങ്‌ഷനിൽ ദേശീയപാതയിൽ എത്തുന്ന വിധമാണ് ബൈപാസിന്റെ രൂപരേഖ. റോഡുപണി ഏതാണ്ട് പൂർത്തിയായി. ഫ്ലൈ ഓവറിന്റെ കമ്പി പാകലും പൂർത്തിയായി. പഞ്ചായത്ത് ഓഫിസ് ജങ്‌ഷനിൽ ട്രാഫിക്റൗണ്ടാന സ്ഥാപിക്കുവാൻ മണ്ണും നീക്കി. ബൈപാസ് റോഡിൽ മെറ്റലും നിരത്തിയിട്ടുണ്ട്.1.80 കിലോമീറ്റർ ദൂരമുള്ളതാണ് ബൈപാസ്. അതിവേഗം നിർമാണം പൂർത്തീകരിക്കും ബൈപാസ് നിർമാണം അതിവേഗം പൂർത്തികരിക്കുവാൻ നടപടി സ്വീകരിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു. 78.69 കോടിരൂപയാണ് പദ്ധതി തുക. സ്ഥലം ഏറ്റെടുക്കുന്നതിനായി 24.76 കോടി രൂപ നൽകി. നിലവിലുണ്ടായിരുന്ന കരാറുകാരന് ഇത് വരെയുള്ള ബില്ലിന്റെ തുകയും കിഫ്ബി നൽകിയിട്ടുണ്ട്. ഫണ്ടില്ലാത്തതിനാൽ നിർമാണം തടസ്സപ്പെട്ടെന്ന കരാറുകാരന്റെ വാദം ശരിയല്ലെന്നും ചീഫ് വിപ്പ് പറഞ്ഞു.









0 comments