വീണ്ടും അപകടമുണ്ടാക്കി ആവേ മരിയ ബസ്‌, മരണപ്പാച്ചിലിന്‌ പൂട്ടിട്ട് ഡിവൈഎഫ്ഐ

കാലിൽ ബസ്‌ കയറി വയോധികയ്‌ക്ക്‌ പരിക്ക്‌

സ്വകാര്യബസ് അപകടം

തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലിൽ ബസ് കയറ്റിയതിനെ തുടർന്ന് ആവേ മരിയ ബസ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ തടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Aug 23, 2025, 01:15 AM | 1 min read

തലയോലപ്പറമ്പ്

കോട്ടയം –എറണാകുളം റൂട്ടിൽ മരണപ്പാച്ചിൽ പതിവാക്കിയ സ്വകാര്യ ബസ്‌ കാലിലൂടെ കയറി വയോധികയ്‌ക്ക്‌ പരിക്ക്‌. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും നിൽക്കാതെ ജീവനക്കാർ ബസ്‌ നിർത്താതെ പോയി. വൈക്കപ്രയാർ കമ്മട്ടിത്തറയിൽ രമണിയുടെ(75) കാൽപ്പാദത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ്‌ സ്‌റ്റാൻഡിൽ വെള്ളി വൈകിട്ട്‌ 4. 30 ഓടെയാണ്‌ സംഭവം. രമണി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം സംഭവിച്ചിട്ടും ബസിലെ ജീവനക്കാർ തികച്ചും മനുഷ്യത്വരഹിതമായാണ്‌ പെരുമാറിയത്. സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ വൻ പ്രതിഷേധം നടത്തി. ആവേ മരിയ കമ്പനിയുടെ ബസുകൾ സ്റ്റാൻഡിൽ തടഞ്ഞിട്ട്‌ പ്രതിഷേധിച്ചു. തടഞ്ഞിട്ട ബസ്സുകളിൽ പലതിനും ശരിയായ പെർമിറ്റോ, ഇൻഷുറൻസ് പരിരക്ഷയോ ഇല്ല. ജനങ്ങളുടെ ജീവന് പുല്ലുവിലപോലും കൽപ്പിക്കാത്ത ആവേ മരിയ ബസ് കമ്പനി നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഒരു ബസ് പോലും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ഡിവൈഎ-ഫ്‌ഐ താക്കീത്‌ തൽകി. നൂറുകണക്കിന് യാത്രക്കാരും ബഹുജനങ്ങളും പ്രതിഷേധത്തിൽ അണിചേർന്നു. ആവേ മരിയ കമ്പനിയുടെ ബസുകൾ എണ്ണമറ്റ അപകടങ്ങളാണ് തുടർച്ചയായി സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം വെള്ളൂർ പഞ്ചായത്തംഗമായ കെ എസ് സച്ചിന് നേരെ ബസ് ഓടിച്ചുകയറ്റാൻ ശ്രമിച്ചു. സച്ചിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളായ ആർ രോഹിത്ത്, എസ് സന്ദീപ് ദേവ്, ആകാശ് യശോധരൻ, ജി സാജൻ, മിൽട്ടൺ ആന്റണി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ സലീം, രഞ്‌ജുഷ ഷൈജി, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ, സിപിഐ എം തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ കെ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. തലയോലപ്പറമ്പ് സിഐ വിപിൻ ചന്ദ്രനുമായി നടത്തിയ ചർച്ചയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home