അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
വിജ്ഞാനോത്സവത്തിന് ഇന്ന് തുടക്കം

കോട്ടയം
അറിവിന്റെ മധുരവും മത്സരത്തിന്റെ വാശിയും ഒത്തുചേർന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 14–ാമത് സീസണിന് ചൊവ്വ സ്‌കൂൾതല മത്സരങ്ങളോടെ തുടക്കമാകും. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതലം പകൽ ഒന്നിന് പള്ളം സിഎംഎസ് ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്‌ഘാടനംചെയ്യും. ജില്ലയിൽ ആയിരത്തിലധികം സ്‌കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ അക്ഷരമുറ്റം ക്വിസിൽ പങ്കെടുക്കും. 12 സബ്‌ജില്ലകളിലും ഉദ്‌ഘാടനചടങ്ങ് നടക്കും. പകൽ രണ്ടിന് ആരംഭിക്കുന്ന മത്സരത്തിൽ 20 ചോദ്യങ്ങളാണ് ഉണ്ടാകുക. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ, ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. 27നാണ് സബ്‌ജില്ലാ മത്സരം. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമായി പ്രസംഗമത്സരം നടത്തും. സ്‌കൂൾതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് സബ്‌ജില്ലാതല പ്രസംഗമത്സരത്തിൽ പങ്കെടുക്കാം. ഒക്‌ടോബർ 12ന് ജില്ലാതല മത്സരവും 26ന് സംസ്ഥാനതല മത്സരവും നടക്കും. സബ്‌ജില്ലാതലം മുതൽ വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. സബ്‌ജില്ലാമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 500 രൂപയുമാണ് ക്യാഷ് പ്രൈസ്. സ്‌കൂൾതല വിജയികൾക്ക് സബ്‌ജില്ലാ മത്സരവേദിയിൽ സമ്മാനം നൽകും. സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്.









0 comments