സഫാരി നടത്താം സുഖമായി

മലയോര ഹൈവേയായി വികസിപ്പിക്കുന്ന പ്ലാച്ചേരി– കരിങ്കല്ലുമുഴി റോഡ്
മുണ്ടക്കയം വനവും വന്യമൃഗങ്ങളും കണ്ട് യാത്രക്കാർക്ക് ആസ്വാദ്യയാത്ര നടത്താൻ മലയോര ഹൈവേ വേഗത്തിലാകും. പ്ലാച്ചേരി മുതൽ കരിങ്കല്ലുമുഴി വരെ 7.35 കി. മീ. മലയോര ഹൈവേ നിർമാണം ഉടൻ തുടങ്ങും. വനത്തിലൂടെയുള്ള നിലവിലുള്ള റോഡ് പുതുപുത്തനാകും. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട മലയോര ഹൈവേ റീച്ചിന് 34.60 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. ഇത് വർധിക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി പഞ്ചായത്തിലെ 20, 21, 22, 23 വാർഡുകളിലൂടെയും മണിമല പഞ്ചായത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്. 2017ൽ ഭരണാനുമതിയും 2022ൽ സാമ്പത്തികാനുമതിയും ലഭിച്ചതാണ്. പുതുക്കിയ എസ്റ്റിമേറ്റിൽ സാങ്കേതികാനുമതിയും ലഭ്യമായി. നേരത്തെയുള്ള കരാറുകാരൻ ഒഴിഞ്ഞതിനാൽ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് സ്ഥാപനത്തെ സർവേ നടത്താൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പൂർത്തിയാക്കിയ സർവേ റിപ്പോർട്ട് കിഫ്‌ബിയുടെ ടെക്നിക്കൽ റിസോഴ്‌സ് സെൽ വിഭാഗം പദ്ധതി നിർവഹണ രേഖ പരിഷ്‌കരിച്ചുവരികയാണ്. പിഇഡി അംഗീകാരം ലഭിച്ചാൽ പ്രവൃത്തി ടെൻഡർ ചെയ്യും. വനഭൂമി ഏറ്റെടുക്കുന്നതിന് രണ്ടാംഘട്ട അനുമതിക്കായി നടപടികളെടുക്കുന്നുണ്ട്. വനഭൂമിക്കു പകരം ചെമ്പ് വില്ലേജിൽ കണ്ടെത്തിയിട്ടുള്ള 0.27 ഹെക്ടർ ഭൂമി വനം വകുപ്പിന് കൈമാറും. നിർദിഷ്ട മലയോര ഹൈവേയുടെ വീതി 12 മീറ്ററാണ്. റോഡിന്റെ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ആറ് മീറ്റർ വീതിയുണ്ടാകും. റോഡിന്റെ ഇരുവശങ്ങളിലുമായി ഓരോ മീറ്റർ വീതിയിൽ ഷോൾഡറും 1.5 മീറ്റർ വീതിയിൽ ഡ്രയിനേജും വരും. ഇതിന് സ്വകാര്യവ്യക്തികളുടെ ഭൂമികൂടി സൗജന്യമായി വിട്ടുകിട്ടേണ്ടതുണ്ട്. ഭൂമി വിട്ടുനൽകുന്ന ഉന്നതികളിലെ സ്ഥലം ഉടമകൾക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കുന്നത് കിഫ്‌ബിയുടെ പരിഗണനയിലാണ്. ഇവ ചർച്ചചെയ്യാൻ പൂഞ്ഞാർ എംഎൽഎ സെബാസ്‌റ്റ്യൻ കുളത്തിങ്കൽ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, കെആർഎഫ്ബി എന്നിവരുടെ സംയുക്തയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.








0 comments