ഉദ്‌ഘാടനംനാളെ
ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ജന്മനാട്ടിൽ ആശുപത്രി ഉയരുന്നു

വന്ദനദാസിന്റെ ഓർമയ്ക്കായി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രി
കടുത്തുരുത്തി
ജോലിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ഓർമകൾ എന്നും നിലനിൽക്കാൻ ജന്മനാട്ടിൽ രണ്ടാമത്തെ ആശുപത്രികൂടി ഉയരുന്നു. ഡോ. വന്ദനയുടെ അച്ഛനായ കെ ജി മോഹൻദാസും അമ്മ ടി വസന്തകുമാരിയും ചേർന്ന് മധുരവേലി പ്ലാമൂട് ജങ്ഷനിൽ ആരംഭിക്കുന്ന ആശുപത്രി ഞായർ പകൽ 11.30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ ഫാർമസിയും ഡിഡിആർസി ലാബ് ഐഎംഎ ജില്ലാ ചെയർമാൻ ഡോ. ആർ പി രൻജിനും ഉദ്‌ഘാടനംചെയ്യും. അമ്മവീടായ ഹരിപ്പാട് തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാടായ മുട്ടുചിറയ്ക്ക് സമീപം മധുര വേലിയിൽ ആറ് കിടക്കളോട് കൂടി കിടത്തി ചികത്സിക്കുന്ന ആശുപത്രി ആരംഭിക്കുന്നത്. നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന വന്ദനയുടെ ആഗ്രഹം സഫലീകരിക്കുകയാണ് വന്ദനയുടെ മാതാപിതാക്കൾ. വന്ദനയുടെ വീടിനോട് ചേർന്ന് ആധുനിക നിലവാരത്തിലുള്ള ഒരു ആശുപത്രി ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്താൽ തുടങ്ങുമെന്ന് കോ ഓർഡിനേറ്റർമാരായ പി ജി ഷാജി മോനും ബിജി വിനോദും അറിയിച്ചു.









0 comments