കോട്ടയം സ്വദേശിക്ക് ജപ്പാൻ സർക്കാരിന്റെ പുരസ്കാരം

കോട്ടയം
ജപ്പാൻ സർക്കാരിന്റെ ഈ വർഷത്തെ "ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ’ പുരസ്‌കാരം ജപ്പാനിലെ മലയാളി ശാസ്‌ത്രജ്ഞൻ കോട്ടയം തിരുനക്കര സ്വദേശി ഡി ശക്തികുമാറിന്. ജപ്പാനിൽ വിവിധ മേഖലകളിലെ സമഗ്രസംഭാവനയും സയൻസ്, ടെക്നോളജി, വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യാ-– ജപ്പാൻ ബന്ധം ദൃഢമാക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമാണ് പുരസ്‌കാരം. ഇന്ത്യൻ ജെഎസ്‌പിഎസ് അലുമ്‌നി അസോസിയേഷന്റെ ചെയർമാനും ഇന്ത്യാ–-ജപ്പാൻ സൊസെറ്റി ഫോർ പ്രമോഷൻ ഓഫ് സയൻസിന്റെ പ്രസിഡൻ്റുമാണ്. അഞ്ചിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്താണ് പുരസ്കാരം സമ്മാനിക്കുക. 25 വർഷമായി ജപ്പാനിൽ കഴിയുന്ന ശക്തികുമാർ ജപ്പാനിലെ ടോയോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ഹൈദരാബാദ് ഐഐടിയിലെ പ്രൊഫസറുമാണ്. കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയതിന് ശേഷം, എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. തിരുനക്കര ശക്തിഭവനിൽ പരേതരായ പി ദാസപ്പൻ നായരുടേയും ടി ഡി രാധാമണിയമ്മയുടേയും മകനാണ്. കോട്ടയം സ്വദേശി നീനയാണ് ഭാര്യ. മക്കൾ. അങ്കിത് എസ് നായർ, അഭയ് എസ് നായർ.









0 comments