ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നാളെ ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2025, 12:15 AM | 1 min read

കോട്ടയം

സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വ്യാഴാഴ്‌ച ആരംഭിക്കും. ജില്ലയിലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ, കോട്ടയം ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പാമ്പാടി പൊൻകുന്നം വർക്കി സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂൾ, രാമപുരം സെന്റ് ആഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നീ അഞ്ച് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 231 പഠിതാക്കളും രണ്ടാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 237 പഠിതാക്കളും എഴുതും. 24 വയസ്‌ മുതൽ 65 വയസ് വരെയുള്ളവരാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും കൃത്യമായ പഠനക്ലാസുകളും നിരന്തരമൂല്യനിർണയവും കോഴ്‌സിന്റെ ഭാഗമായി നടത്തിയിരുന്നതായി സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി വി മാത്യു പറഞ്ഞു. പരീക്ഷ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗവും കോഴ്‌സിന്റെ രജിസ്‌ട്രേഷൻ പാഠപുസ്തക വിതരണം, പഠനക്ലാസ്, തുടർ മൂല്യനിർണയം എന്നിവ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുമാണ് നടക്കുന്നത്. കോഴ്‌സിനു ചേരാനുളള കുറഞ്ഞ പ്രായം 22 വയസാണ്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് തുല്യതാ കോഴ്‌സ് നടക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ 20 വരെ പിഴയില്ലാതെ സ്വീകരിക്കും. 2600 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പഠിതാക്കൾ 300 രൂപ രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വയസ്‌ക്കരക്കുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ 0481 2302055, 9447050515 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.



deshabhimani section

Related News

View More
0 comments
Sort by

Home