യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് ‐ 7


വേണു
Published on Aug 25, 2025, 02:54 PM | 10 min read
മാർച്ച് 20. മാനസ്
രാത്രി മുഴുവൻ വിട്ട് വിട്ട് പെയ്‌ത മഴ രാവിലെ ഒന്നടങ്ങിയെങ്കിലും ആകാശം ഇരുണ്ടുമൂടി നിൽക്കുന്നു. മാനസ് നാഷണൽ പാർക്കിന്റെ പ്രധാന ഗേറ്റ് വഴി വേണം ഇന്ന് ഉള്ളിലേക്ക് പോകാൻ. ആദ്യത്തെ വണ്ടി ഞങ്ങളുടേതാണ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അസംഖ്യം അദൃശ്യകണങ്ങൾ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന മൂടലിൽ ദൂരക്കാഴ്‌ചകൾ ദൃശ്യമല്ല. പുകപിടിച്ച് മയങ്ങി നിൽക്കുന്ന ചക്രവാളങ്ങൾക്ക് മീതെ, ഉണങ്ങിയ മരച്ചില്ലകൾ കറുത്ത മിന്നൽപ്പിണരുകൾ പോലെ ആകാശത്തേക്ക് നീണ്ടുപോകുന്നു. വഴിയിൽ കണ്ട വലിയൊരു മരത്തിന്റെ അടിഭാഗം ഏകദേശം രണ്ടടി വീതിയിൽ ചുറ്റും ചെത്തി മാറ്റിയിരിക്കുന്നു. മുന്നോട്ട് പോകുന്തോറും ഇത്തരത്തിൽ മുറിവേറ്റ മരങ്ങൾ കൂടുതൽ കണ്ടു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ നിയന്ത്രണമില്ലാത്ത വൃക്ഷവളർച്ച പുൽമേടുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നമായി മാറുകയാണെന്നും അതിനാൽ മരങ്ങൾ തെരഞ്ഞെടുത്ത് ഇതുപോലെ മൂട് ചെത്തി ഉണക്കിക്കളയുകയാണ് ചെയ്യുന്നതെന്നും ബോഡോ പറഞ്ഞു. വീണ്ടും മഴ തുടങ്ങി. ഇപ്പോഴത് വളരെ നേർത്ത പൊടിമഴയാണ്. ഇടുക്കിയിലെ കർഷകർ ഇത്തരം മഴയെ വിളിക്കുന്നത് നാൽപ്പതാം നമ്പർ മഴ എന്നാണ്. പഴയ കാലത്ത് നെയ്‌ത്ത് നൂലിന്റെ കനം പറഞ്ഞിരുന്നത് നമ്പറുകളിലാണ്. അന്ന് കിട്ടുന്ന ഏറ്റവും നേർത്ത നൂലാണ് നാൽപ്പതാം നമ്പർ.
പോബിത്തൊറയിൽ സഫാരിക്കായി
ഒരുങ്ങിയ ആന
ഉയരത്തിൽ നനഞ്ഞു നിൽക്കുന്ന പുല്ലുകളുടെ ഇടയിൽ നിന്ന് വട്ടത്തിൽ വളഞ്ഞ് നീണ്ട്, അറ്റം കൂർത്ത ഒരു ജോടി വലിയ കൊമ്പുകൾ പെട്ടെന്നുയർന്ന് വന്ന് ഞങ്ങളുടെ നേരെ തിരിഞ്ഞു നിന്നു. പോത്തുകളുടെ ചെറിയൊരു കൂട്ടമാണ്. പല പ്രായത്തിലായി ഏഴെട്ടെണ്ണം കാണണം. ഏറ്റവും ശ്രദ്ധേയം ഈ വലിയ കൊമ്പുകളുടെ കൃത്യമായ പ്രതിസമാനതയാണ്. തൊട്ടടുത്ത് തന്നെ ഒരു കാണ്ടാമൃഗം വലിയൊരു പോത്തിന്റെ പിന്നിലൂടെ ശാന്തമായി നടന്നുപോയി. ദൂരെ ആനകളുടെ ഒരു കൂട്ടം കണ്ടു. ഇവിടുത്തെ ആനകൾക്കും കാണ്ടാമൃഗങ്ങൾക്കും ഏകദേശം ഒരേ നിറമാണ്. ഇവിടെയെല്ലാം കാണുന്ന വെളുത്ത കളിമണ്ണിന്റെ നിറമാണത്. മഴ നിന്നിരിക്കുന്നു. ജിപ്സികൾ കൂടുതൽ എത്തിത്തുടങ്ങി. നാരു പോലെയുള്ള രോമങ്ങൾ അവിടവിടെ എഴുന്നുനിൽക്കുന്ന നഗ്നമായ നീണ്ട കഴുത്തും പച്ചയിറച്ചിയുടെ നിറമുള്ള ചെറിയ കഷണ്ടിത്തലയുടെ തുടർച്ചയായി കുന്തമുന പോലുള്ള വലിയ കൊക്കും, കറുത്ത തൂവലുകളും വെളുത്ത കണ്ണുകളുമുള്ള വലിയൊരു പക്ഷി നീണ്ട കാലുകൾ നീട്ടിവച്ച് ധൃതിയിൽ നടന്നുപോയി. ലെസ്സർ അഡ്ജ്യൂടന്റ് സ്റ്റോക് എന്നാണിതിന്റെ പേര്. ഇതിലൊരെണ്ണത്തിനെ തിരുവനന്തപുരം മൃഗശാലയിൽ പണ്ട് കണ്ടിട്ടുണ്ട്. ഇതും വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു പക്ഷിയാണ്. ഇവിടെ ഇതിനെ ബോർത്തുകുല എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞിട്ട് ഇതിന്റെ തന്നെ ഇനിയും വലിയ മറ്റൊരിനമുണ്ടെന്നും അതിന്റെ പേര് ഹർഗീല എന്നാണെന്നും മദൻ ബോഡോ കൂട്ടിച്ചേർത്തു. ഈ പ്രദേശത്ത് ജനിച്ചു വളർന്നയാളാണ് മദൻ ബോഡോ. ബോഡോലാൻഡ് എന്ന പ്രത്യേക സ്റ്റേറ്റിനായുള്ള അഞ്ചു വർഷം നീണ്ട സായുധസമരം ഏറ്റവും മോശമായി ബാധിച്ചത് മാനസ് നാഷണൽ പാർക്കിലെ അന്തേവാസികളെ ആയിരുന്നു. ഈ കാടുകളായിരുന്നു ഗറില്ലകളുടെ പ്രധാന താവളം. 1993‐ൽ വിഷയം ഒത്തുതീർപ്പാകുമ്പോഴേക്കും മാനസിലെ നൂറോളം കാണ്ടാമൃഗങ്ങളിൽ ഒരെണ്ണംപോലും ബാക്കിയുണ്ടായിരുന്നില്ല. പോത്തുകളും ബാരാസിംഘാ എന്നറിയപ്പെടുന്ന അപൂർവമായ മാനുകളും കഷ്ടിച്ച് മാത്രമാണ് രക്ഷപ്പെട്ടത്. കൊമ്പനാനകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇപ്പോഴിവിടെ കാണുന്ന കാണ്ടാമൃഗങ്ങൾ, പിന്നീട് കാസിറംഗയിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ തുറന്നുവിട്ടതും അവരുടെ സന്തതികളുമാണ്. കാണ്ടാമൃഗത്തിന്റെ ശരാശരി ആയുസ്സ് അമ്പത് കൊല്ലമാണ്.
ആനകളുടെ വലിയൊരു കൂട്ടം ദൂരെക്കണ്ട് മണ്ഡൽ ഏതോ വഴിയില്ലാ വഴിയിലുടെ വണ്ടി കയറ്റിയിറക്കി അവരുടെ തൊട്ടടുത്ത് കൊണ്ടുപോയി നിർത്തിത്തന്നു. പശ്ചിമഘട്ട വനങ്ങളിൽ കാണുന്ന ആനകളുടെ വലുപ്പം ഇവയ്‌ക്കില്ല എന്നു തോന്നി. പ്രായമായ പിടിയാനയാണ് കൂട്ടത്തിനെ നയിക്കുന്നത്. കൂട്ടത്തിൽ മഹാഭൂരിപക്ഷവും പിടിയാനകളാണ്. തീരെ ചെറിയ കുട്ടികൾ ഒന്നുപോലും കണ്ടില്ല. വളരെ അടുത്തുചെന്നിട്ടും ആനകൾ ശാന്തരായി നിൽക്കാനുള്ള ഒരു കാരണം അതായിരിക്കണം. പിടിയാനകളോടൊപ്പം മൂന്ന് കുട്ടിക്കൊമ്പന്മാരും മുതിർന്ന ഒരു കൊമ്പനും ചേർന്നതാണ് കൂട്ടം. എല്ലാംകൂടി പത്ത് മുപ്പതെണ്ണം കാണും. കൊമ്പൻ ഇടയ്‌ക്കിടെ തുമ്പിക്കൈ ഉയർത്തി മണംപിടിച്ച് അന്തരീക്ഷം പരിശോധിക്കുന്നുണ്ട്. ഇപ്പോൾ അവന്റെ നീക്കങ്ങൾക്ക് കൂടുതൽ ഉദ്ദേശ്യശ്രദ്ധ തോന്നുന്നുണ്ട്. അവൻ വെറുതെ അന്തരീക്ഷം മണത്തു നിൽക്കുകയല്ല, കൃത്യമായ എന്തോ ഒന്ന് അന്വേഷിക്കുകയാണ്. കൊമ്പൻ മുന്നോട്ടുവന്ന് ആദ്യം ഒരു പിടിയാനയെ ശ്രദ്ധാപൂർവം മണത്തുനോക്കി. ഉദ്ദേശിച്ച ഫലം ലഭിക്കാതെ കൊമ്പൻ വീണ്ടും മണം പിടിച്ചു മുന്നോട്ടുവന്നു. അടുത്തുകണ്ട മറ്റൊരു പിടിയാനയുടെ നേരെ തിരിഞ്ഞ് അവിടെയും ഒന്നു മണത്തിട്ട് പിന്നിലൂടെ വന്ന് തുമ്പിക്കൈ എടുത്ത് കൊമ്പൻ പിടിയുടെ പുറത്ത് വച്ചു. പിടിയാന അനങ്ങാതെ നിന്നു. അടുത്ത നിമിഷത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കൊമ്പൻ പിടിയുടെ മേലേക്ക് ചാടിക്കയറി. കൊമ്പന്റെ ഭാരത്തിൽ പിടിയാന ആദ്യമൊന്നുലഞ്ഞെങ്കിലും അവിടെത്തന്നെ ഉറച്ചുനിന്നു. കുറച്ചു മാറി ഒരു കൊച്ചു കൊമ്പൻ കാഴ്‌ച കണ്ടു നിന്നു. മറ്റുള്ളവർ അത് അവഗണിച്ച് തീറ്റി തുടർന്നു. എല്ലാം പെട്ടെന്ന് കഴിഞ്ഞു.
മാനസ് നാഷണൽ പാർക്കിലെ അടിഭാഗം ചെത്തിക്കളഞ്ഞ മരം
കൊമ്പനാനകൾ ആനക്കൂട്ടത്തിലെ സ്ഥിരം അംഗങ്ങളല്ല. ഗർഭധാരണത്തിന് ഒരു പിടിയാന തയ്യാറാണെന്ന ഗന്ധസന്ദേശങ്ങൾക്ക് കാടിന്റെ നാനാഭാഗത്തേക്കും കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. അത്രയും ദൂരെ നിന്നുകൊണ്ട് ആ സന്ദേശങ്ങൾ മണത്ത് മനസ്സിലാക്കാനുള്ള കഴിവ് കൊമ്പന്മാർക്കും ഉണ്ട്. ഈ സന്ദേശങ്ങളാണ് ഒരു കൊമ്പനെ ആനക്കൂട്ടത്തിലേക്കാകർഷിക്കുന്നത്. ആനക്കൂട്ടം ആത്യന്തികമായി പെണ്ണുങ്ങൾ നയിക്കുന്നതും ഭരിക്കുന്നതുമായ ഒരു കൂട്ടു കുടുംബമാണ്. പ്രത്യുൽപ്പാദനം എന്ന ഒരേയൊരു ആവശ്യത്തിന് വേണ്ടി മാത്രമാണ് അവർ കൊമ്പന്മാരെ കൂട്ടത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. അതും രണ്ടുമൂന്നാഴ്‌ചകൾക്കുള്ളിൽ അവസാനിക്കും. വീണ്ടും മറ്റൊരു കൂട്ടത്തിൽ നിന്നുള്ള സന്ദേശം കിട്ടുന്നതുവരെ കൊമ്പന്മാർ പലരും തനിച്ചായിരിക്കും. അതാണ് ഒറ്റയാൻ. കുട്ടിക്കൊമ്പന്മാരും പ്രായപൂർത്തിയാകുന്നതോടെ കൂട്ടത്തിൽനിന്ന് പുറത്താകും. ചെറിയമ്മമാരും ചേച്ചിമാരും കൊഞ്ചിച്ച് വളർത്തിയ കുട്ടിക്കുറുമ്പൻ വലുതായിരിക്കുന്നു. ഈ പ്രായത്തിൽ അവനിവിടെ സ്‌ത്രീകളുടെ കൂടെ ചുറ്റിക്കളിച്ച് നിൽക്കുന്നത് ശരിയല്ല. അതുകൊണ്ട് ദൂരെയെവിടെയെങ്കിലും പോയി പെണ്ണ് നോക്ക്, ചെല്ല്, എന്നുപറഞ്ഞ് എല്ലാവരും ചേർന്ന് അവനെ നിഷ്‌കരുണം പുറത്താക്കും. അവന്റെ ജിവിതത്തിലെ ഏറ്റവും വിഷമം പിടിച്ച സമയമായിരിക്കും ഇത്. അപ്രതീക്ഷിതമായ ഈ ഒറ്റപ്പെടലിൽ ചകിതനായ ചില്ലിക്കൊമ്പൻ അരിശം തീർക്കാൻ മരങ്ങൾ മറിച്ചിടുകയും കാട്ടുപന്നിക്കൂട്ടങ്ങളുടെ പിന്നാലെ ചിന്നം വിളിച്ചോടുകയും ചെയ്യും. ഒടുവിൽ നിവൃത്തിയില്ലാതെ, അജ്ഞാതമായ ഏതോ വാഗ്ദത്ത വനഭൂമിയിൽ നിന്നുയരാനിരിക്കുന്ന മദഗന്ധങ്ങൾക്ക് നേരേ തുമ്പിക്കൈ ഉയർത്തിക്കൊണ്ട്, പുതിയൊരു ലോകത്തിലേക്ക് അവൻ പതുക്കെ നടക്കാൻ തുടങ്ങും.
മഴ വീണ്ടും ആരംഭിച്ചു. ഇത്തവണ നാൽപ്പതാം നമ്പറല്ല, തുള്ളിമഴയാണ്. മൂന്ന് ദിവസത്തേക്ക് സനാതൻ പ്ലാൻ ചെയ്‌ത ഓപ്പറേഷൻ മാനസ് ഞാൻ രണ്ടു ദിവസമാക്കി കുറച്ചിരുന്നു. അതിന്റെ അർഥം ഇന്നുതന്നെ ഭൂട്ടാൻ അതിർത്തിയിലെ മാഥൻഗുഡിയിൽ പോയി വരണം എന്നാണ്. ജിപ്സിയുടെ റൂഫ് കാൻവാസിന് താങ്ങാൻ പറ്റുന്ന മഴയല്ല പെയ്യുന്നത്. ക്യാമറ ഈർപ്പം പിടിച്ച് എറർ കാണിക്കാൻ തുടങ്ങി. ഛായാഗ്രഹണം തൽക്കാലം അസാധ്യമാണ്. അങ്ങോട്ടുള്ള രണ്ട് മണിക്കൂർ യാത്രയിൽ ജിപ്സിയുടെ പിൻസീറ്റിൽ കൂനിക്കൂടിയിരുന്ന് ആകെ കണ്ടത് വണ്ടിയുടെ മുന്നിലെ ചില്ലിൽ വീണു ചിതറുന്ന മഴത്തുള്ളികൾ മാത്രമായിരുന്നു. മാഥൻഗുഡിയിൽ ഇന്ത്യയെ ഭൂട്ടാനിൽനിന്ന് വേർതിരിക്കുന്നത് മാനസ് നദിയാണ്. അതിർത്തിയിൽ ഇന്ത്യയ്‌ക്ക് കാവൽ നിലയങ്ങളൊന്നുമില്ല. ഭൂട്ടാന്റെ ഭാഗത്ത് അവരുടെ ഒരു താൽക്കാലിക സംവിധാനം ഉണ്ട്. ഈ പ്രദേശത്തെപ്പറ്റിയുള്ള വിവരണങ്ങളിലെല്ലാം സ്ഥിരമായി കാണുന്നതാണ് ഇവിടുത്തെ മാസ്മരികമായ പ്രകൃതിഭംഗിയെക്കുറിച്ചുള്ള ആഘോഷങ്ങൾ. എന്നാൽ മഴമഞ്ഞിന്റെ മങ്ങിയ വെളുപ്പിനടിയിൽ ഇപ്പോൾ അതൊന്നും ദൃശ്യമല്ല. മാനസ് നദിയുടെ കൂടുതൽ ഭംഗിയുള്ള കാഴ്‌ചകൾ ഭൂട്ടാൻ ഭാഗത്ത് നിന്നാണ് കാണാൻ കഴിയുക എന്നും, അവിടെപ്പോയി പടമെടുക്കാൻ തടസ്സമൊന്നുമില്ല എന്നും ബോഡോ പറഞ്ഞു. എന്നാൽ അതിർത്തിയിലുണ്ടായിരുന്ന റോയൽ ഭൂട്ടനീസ് ആർമിയുടെ ഉദ്യോഗസ്ഥർ അതനുവദിച്ചില്ല. നിങ്ങളുടെ പ്രധാനമന്ത്രി മോദി നാളെ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ വരുന്നുണ്ടെന്നും അതിനാൽ അതിർത്തികളെല്ലാം അടച്ചിടാനാണ് ഓർഡറെന്നും ഒരു ഓഫീസർ മുറി ഇംഗ്ലീഷിൽ പറഞ്ഞു. ഇവിടെനിന്ന് മുന്നൂറ്റി അമ്പത് കിലോമീറ്റർ അകലെയാണ് തിംഫു. തിരിച്ചുവരുമ്പോൾ മഴ നിന്നു. എന്നാൽ കുറച്ച് നേരത്തിന് ശേഷം നാൽപ്പതാം നമ്പറായി വീണ്ടും തിരികെ വന്നു. വളരെ ദൂരെ ഉയരത്തിലുള്ള പുല്ലിന്റെ പിന്നിൽ മറഞ്ഞുനിൽക്കുന്ന ചെമ്മൺ നിറങ്ങൾ ബാരാസിംഘാ മാനുകൾ ആണെന്ന് മണ്ഡൽ കൈചൂണ്ടിപ്പറഞ്ഞു. എല്ലാം സമ്മതിച്ച് ഞാൻ മിണ്ടാതെ ഇരുന്നു. രണ്ട് ദിവസമായി നടപ്പ് തീരെയില്ലെങ്കിലും കാലിന് വേദനയുണ്ട്. രാവിലെ വേദനയ്‌ക്കുള്ള മരുന്ന് കഴിക്കാൻ മറന്നോ എന്നാണ് സംശയം. നാളെ ഇരുനൂറ് കിലോമീറ്റർ ദൂരം ഓടിക്കാനുണ്ട്. രാത്രി വീണ്ടും മഴ തുടങ്ങി. പെട്ടെന്നാണോർത്തത്, ഇതിനെല്ലാമിടയിൽ ജെയിംസ് പറഞ്ഞ നാരങ്ങാകൃഷിയുടെ അവസ്ഥ എന്തായി എന്നന്വേഷിക്കാൻ മറന്നല്ലോ എന്ന്. എന്തായാലും അതൊക്കെ അവിടെ ഭംഗിയായി നടക്കുന്നുണ്ടായിരിക്കും എന്ന് സമാധാനിച്ച് ഉറങ്ങാൻ കിടന്നു.
മാനസ് നാഷണൽ പാർക്കിൽ ആനകൾ ഇണചേരുന്നു
മാർച്ച് 21. പോബിത്തൊറ
മാനസിൽ നിന്ന് ഗുവഹാട്ടിയിലെത്തണമെങ്കിൽ നൂറ്റമ്പത് കിലോമീറ്റർ യാത്ര ചെയ്‌ത് ബ്രഹ്മപുത്ര വീണ്ടും കടക്കണം. അവിടെനിന്ന് വീണ്ടും ഒന്നര മണിക്കൂർ കിഴക്കോട്ട് പോയാൽ പോബിത്തൊറ എന്നൊരു ഗ്രാമത്തിലെത്തും. ഇതു വളരെ ചെറിയൊരു വന്യമൃഗസങ്കേതമാണ്. ഇവിടുത്തെ ഒരു സാധാരണ റിസോർട്ടിൽ ഇന്നുള്ള ഏക അതിഥി ഞാൻ മാത്രമാണ്. ഇവിടെ ഭക്ഷണമില്ല. ഉച്ചഭക്ഷണത്തിന് പുറത്ത് പോകണം. റിസോർട്ടിന്റെ ഉടമ ബോബിയും ഭക്ഷണം കഴിക്കാൻ ഒപ്പം വന്നു. പൊടിമീൻ വറുത്തതും കട്ല കറിവച്ചതും ചോറുമാണ് കിട്ടിയത്. ഊണ് കഴിഞ്ഞ് കുറേനേരം കിടന്നുറങ്ങി. വൈകീട്ട് വെറുതേ അടുത്തൊക്കെ ചുറ്റിനടന്നു കണ്ടു. എല്ലായിടത്തും പാടങ്ങളാണ്. ഗ്രാമം ചുറ്റിപ്പോകുന്ന ചെറുനദികൾ ബ്രഹ്മപുത്രയുടെ കൈവഴികളാണ്. എല്ലായിടത്തും ചതുപ്പ് സ്വഭാവമുള്ള ഭൂമിയാണ്. മഴക്കാലത്ത് ഇതെല്ലാം വെള്ളത്തിനടിയിലാകും. ഇന്നു പകൽ മുഴുവൻ വിട്ട് വിട്ട് മഴയായിരുന്നു. വിണ്ടും പെയ്യാനുള്ള ലക്ഷണം കണ്ട് വേഗം തിരിച്ചുനടന്നു. ഉച്ചയ്‌ക്ക് പോയ സ്ഥലത്ത് തന്നെയാണ് രാത്രി ഭക്ഷണത്തിനും പോയത്. ഇത്തവണ പൊടിമീൻ വറുത്തതും കാരറ്റ് സാലഡും മാത്രമായിരുന്നില്ല, ഓൾഡ് മങ്ക് റമ്മും ഉണ്ടായിരുന്നു. അസമിൽ മദ്യത്തിന് വിലക്കുറവാണ്. അറുപത് മില്ലിക്ക് ബാറിലെ വില എഴുപത് രൂപ. നാളെ രാവിലെ അഞ്ചരയ്‌ക്കുള്ള ആനസഫാരി ബുക്ക് ചെയ്‌തിട്ടുണ്ട്. മഴയാണെങ്കിൽ എല്ലാം വെറുതേയാകും.
മാർച്ച് 22. പോബിത്തൊറ, -
ഗുവഹാട്ടി
നാൽപ്പത് വർഷങ്ങൾ മുമ്പൊ രു മഴക്കാലത്ത് ബ്രഹ്മപുത്രയുടെ പ്രളയ പ്രവാഹത്തിൽ അകപ്പെട്ട് കുറേദൂരം ഒഴുകിപ്പോയ രണ്ട് കാണ്ടാമൃഗങ്ങൾക്ക് ഒടുവിൽ കാലുകുത്താനുള്ള നിലം കിട്ടിയത് ഇവിടെ അടുത്തുള്ള ചെറിയൊരു തുരുത്തിലായിരുന്നു. ഗ്രാമവാസികൾ കൂട്ടമായി വന്ന് അവയെ അത്ഭുതത്തോടെ നോക്കിനിന്നു. മിക്കവരും കാണ്ടാമൃഗത്തിനെ കാണുന്നത് ആദ്യമായാണ്. വെള്ളമിറങ്ങി കര തെളിഞ്ഞിട്ടും കാണ്ടാമൃഗങ്ങൾ പോകാതെനിന്നു. മാത്രമല്ല അടുത്ത മഴയ്‌ക്ക് വീണ്ടും രണ്ട് കാണ്ടാമൃഗങ്ങൾ കൂടി ഇതേപോലെ അവിടെ വന്നുകൂടി. ഏതാനും വർഷങ്ങൾക്കകം പോബിത്തൊറയുടെ പുൽപ്പരപ്പുകളിൽ കന്നുകാലികളോടൊപ്പം കാണ്ടാമൃഗങ്ങളും മേഞ്ഞു നടക്കുന്നത് സാധാരണ കാഴ്‌ചയായി മാറി. ഇന്ന് കാണ്ടാമൃഗങ്ങളുടെ സാന്ദ്രത ലോകത്തിൽ ഏറ്റവുമധികമുള്ള പ്രദേശം പോബിത്തൊറ ആണ്. വെറും ഇരുപത് ചതുരശ്ര കിലോമീറ്ററിൽ നൂറ് കാണ്ടാമൃഗങ്ങളാണുള്ളത്. ഇതെല്ലാം വിശദമായി പറഞ്ഞുതന്നത് അപ്പോൾ മാത്രം പരിചയപ്പെട്ട, നാട്ടുകാരനായ ഗണേഷ് ഡേക്കയാണ്. എന്നോടൊപ്പം പ്രാതൽ കഴിക്കാൻ ഡേക്കയും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴിവിടെ വനം വകുപ്പ് വാച്ചറാണ്. നാൽപ്പത് വർഷം മുമ്പ് ആദ്യത്തെ കാണ്ടാമൃഗങ്ങളെ കാണാൻ ഓടിക്കൂടിയവരിൽ പയ്യനായ ഗണേഷ് ഡേക്കയും ഉണ്ടായിരുന്നു.
ഇവിടെ ഉണ്ടെന്ന് കരുതപ്പെടുന്ന നൂറ് കാണ്ടാമൃഗങ്ങളിൽ പത്തെണ്ണത്തിനെ ഇന്ന് രാവിലെ വെറും ഒന്നര മണിക്കൂറിനുള്ളിൽ, ആനപ്പുറത്തിരുന്നുകൊണ്ട് അടുത്തു കണ്ടു. അടുത്തെന്നാൽ വെറും പതിനഞ്ചടി ദൂരത്തിൽ. രാവിലെ മഴ മാറിനിന്നു സഹായിച്ചതുകൊണ്ടാണ് ഇന്ന് ആനസഫാരി സാധ്യമായത്. ഇവിടെ ആനസഫാരി മാത്രമല്ല, ജീപ്പ് സഫാരിയുമുണ്ട്. മരങ്ങൾക്കിടയിലെ വഴികളിലൂടെ മാത്രം പോകുന്ന ജിപ്സികളേക്കാൾ എന്തുകൊണ്ടും നല്ലത് ആനകളാണ്. ആനകൾ തൊട്ടടുത്ത് വന്നാലും കാണ്ടാമൃഗങ്ങൾക്ക് പരാതിയില്ല. ഞങ്ങളുടെ ആനക്കാരൻ ജുഗാന്തർ ഡേക്ക, തീരെച്ചെറിയ ഒരു കുട്ടിയുമായി നിൽക്കുന്ന ഒരു അമ്മക്കാണ്ടാമൃഗത്തിന്റെ അടുത്തേക്ക് ആനയെ തെളിച്ചു. ഈ കുട്ടി ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എന്ന് ആനപ്പുറത്ത് എന്റെ പിന്നിൽ ഇരുന്ന ഗാർഡ് സൈനുൾ ഹക്ക്, എന്റെമുന്നിലിരുന്ന അഞ്ച് വയസ്സുകാരി മകൾ ചിത്രയ്‌ക്ക് പറഞ്ഞുകൊടുത്തു. ചിത്ര ബാപ്പയെ സന്ദർശിക്കാൻ ഉമ്മയോടൊപ്പം ഗുവഹാട്ടിയിൽനിന്ന് വന്നതാണ്. ഇവിടെ നല്ലൊരു സ്‌കൂളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ രണ്ടായി നിൽക്കേണ്ടി വരില്ലായിരുന്നു എന്ന് സൈനുൾ പറഞ്ഞു. ചിത്ര ആദ്യമായാണ് ആനപ്പുറത്ത് കയറുന്നത്. പരന്നുകിടക്കുന്ന പുൽമൈതാനത്ത് എവിടെ നോക്കിയാലും മേഞ്ഞുനിൽക്കുന്ന അനേകം കാണ്ടാമൃഗങ്ങളെ കാണാം. ഒരു സ്ഥലത്ത് ഞങ്ങൾ എട്ടെണ്ണം വരെ കണ്ടു. ഇതൊന്നും കൂട്ടങ്ങളല്ല. പലതും അമ്മമാരും പല പ്രായത്തിലുള്ള കുഞ്ഞുങ്ങളുമാണ്. മൈതാനത്തിന്റെ അരികിൽ കൊഴുത്ത ചെളിയിൽ മുങ്ങി അലസമായി കിടന്നിരുന്ന വലിയൊരു കാണ്ടാമൃഗം ആണായിരിക്കാനാണ് സാധ്യത.
പോബിത്തൊറയിലെ കാണ്ടാമൃഗങ്ങൾ
ആനകളെപ്പോലെ നടപ്പുനീളെ കാഷ്ഠിക്കുന്ന സ്വഭാവം കാണ്ടാമൃഗങ്ങൾക്കില്ല. അവർക്ക് ഈ ആവശ്യത്തിനായി പ്രത്യേക സ്ഥലങ്ങളുണ്ട്. കുറഞ്ഞത് രണ്ടാഴ്‌ചയെങ്കിലും അവരാ സ്ഥലം തുടർച്ചയായി ഉപയോഗിക്കും. ഇതറിയാവുന്ന വേട്ടക്കാർ അത്തരം സ്ഥലങ്ങൾ കണ്ടുപിടിച്ച് കാറ്റിനെതിരെയുള്ള മറവിൽ തോക്കുമായി ഒളിച്ചിരിക്കും. ഒന്നും സംശയിക്കാതെ രാവിലെ കാഷ്ഠിക്കാൻ വരുന്ന കാണ്ടാമൃഗത്തിന്റെ നേരെ തൊട്ടടുത്തുനിന്ന് വെടി പൊട്ടിക്കുന്ന വേട്ടക്കാരന് വേണ്ടത് ചെറിയൊരു കൊമ്പ് മാത്രമാണ്. മനുഷ്യന്റെ മുടിയിലും നഖങ്ങളിലും കാണപ്പെടുന്ന പ്രധാന വസ്‌തുവായ കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ മൂക്കിന് മുകളിൽ മുളച്ച് നിൽക്കുന്ന ഒറ്റക്കൊമ്പിലും അടങ്ങിയിരിക്കുന്നത്. എന്നാൽ അന്ധവിശ്വാസികളുടെ അരമനകളിൽ ആനക്കൊമ്പിനേക്കാൾ മൂല്യമുണ്ട് കാണ്ടാമൃഗത്തിന്റെ കൊമ്പിന്. വിഷം ചെറുക്കാനും ലൈംഗികശേഷി ഉയർത്താനും ആയുസ് വർധിപ്പിക്കാനുമുള്ള കഴിവ് ഈ കൊമ്പുകൾക്കുണ്ട് എന്ന അബദ്ധധാരണ പൗരസ്‌ത്യ രാജ്യങ്ങളിൽ ഇപ്പോഴും പരക്കെയുണ്ട്. രണ്ട് കിലോ മാത്രം തൂക്കമുള്ള ഒരു രോമക്കൊമ്പിന് വേണ്ടിയാണ് രണ്ട് ടൺ ഭാരമുള്ള ഒരപൂർവ ജീവിയുടെ ജീവനെടുക്കുന്നത്. കാണ്ടാമൃഗങ്ങളെ വംശനാശത്തിൽനിന്നു രക്ഷിക്കാനുള്ള അവസാന ശ്രമമായി അവയുടെ കൊമ്പുകൾ മുറിച്ചുമാറ്റി അവയെ വേട്ടക്കാർക്ക് വേണ്ടാത്തവരാക്കുന്ന രീതി ഇപ്പോൾ പലയിടത്തും നിലവിലുണ്ട്. പക്ഷേ ഇവിടെ അതിന്റെ ആവശ്യമില്ലെന്നും പത്ത് കൊല്ലത്തിനിടയിൽ ഒരു കാണ്ടാമൃഗം പോലും ഇവിടെ കൊല്ലപ്പെട്ടിട്ടില്ലെന്നും സൈനുൾ പറഞ്ഞു. ചിത്ര എന്തോ പറഞ്ഞ് ബാപ്പയുമായി പിണങ്ങി മിണ്ടാതിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ അവൾക്ക് കൂട്ടിലിട്ട് വളർത്താനൊരു തത്തയെ പിടിച്ചു കൊടുക്കാത്തതാണ് കാര്യമെന്ന് ബാപ്പ പറഞ്ഞു. ശരിയാണോ എന്ന് ചിത്രയോട് ചോദിച്ചപ്പോൾ ഒന്ന് മടിച്ചിട്ട് അതേ, എന്നവൾ തലയാട്ടി. ബാപ്പയോട് പറ ഒരു കാണ്ടാമൃഗത്തിനെ പിടിച്ചുതരാൻ, കിട്ടിയാൽ അതിന്റെ പുറത്ത് കയറി നമുക്ക് സ്‌കൂളിൽ പോകാം, ചോദിച്ചുനോക്ക്, എന്ന് ചിത്രയോട് ഞാൻ രഹസ്യമായി പറഞ്ഞു. ചിത്ര ശ്രമപ്പെട്ട് തിരിഞ്ഞുനോക്കിയിട്ട്, എനിക്ക് തത്ത മതി, സ്‌കൂളിൽ പോകാൻ ഓട്ടോ വരും, എന്നു പറഞ്ഞു.
മാനസ് നാഷണൽ പാർക്കിലെ കാട്ടുപോത്തുകൾ
ആനസഫാരി കഴിഞ്ഞ് മൃഗസങ്കേതത്തിന് ചുറ്റുമുള്ള വഴിയിലൂടെ വെറുതേ കാറിൽ ഒന്ന് കറങ്ങി. ചെറിയൊരു പ്രൈമറി സ്‌കൂൾ കണ്ടു. അവിടെ ക്ലാസ് തുടങ്ങിയിട്ടില്ല. വലിയ പാടങ്ങളുടെ കരയിൽ പണി പൂർത്തിയാകാത്ത ഒരു വീടിന്റെ മുന്നിൽ കണ്ട വീട്ടമ്മയോട് കാണ്ടാമൃഗങ്ങളെക്കുറിച്ച് ചോദിച്ചു. അതിപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നവർ പറഞ്ഞു. രാത്രിയിൽ പറമ്പിലും പാടത്തും കാണ്ടാമൃഗങ്ങൾ സ്ഥിരമായി വരാറുണ്ടെന്നും കാണ്ടാമൃഗം കടിച്ച ചെടികൾ തഴച്ചു വളരുമെന്നൊരു വിശ്വാസം ഇവിടെയുണ്ടെന്നും പറഞ്ഞ് അവർ ചിരിച്ചു.
കുറച്ചുകൂടി പോയപ്പോൾ മണ്ണുവഴി ഇന്നലെ വന്ന പ്രധാന റോഡിൽ പോയിച്ചേർന്നു. ഉയരത്തിലുള്ള നീണ്ട ചിറയുടെ മേലെയാണ് പുത്തൻ ടാറിട്ട റോഡ്. റോഡിന്റെ ഒരുവശത്ത് അനന്തമായി നീളുന്നത് പച്ചപ്പാടങ്ങളാണ്. മറുവശത്ത് കാണുന്ന പുൽമൈതാനം ഇന്ന് രാവിലെ ആനപ്പുറത്തിരുന്നു കണ്ട കാണ്ടാമൃഗരാജ്യമാണ്. മൈതാനത്തെ ഇളംമൂടലിൽ ദൂരെ പൊട്ടുകൾപോലെ മേയുന്ന കന്നുകാലികളോടൊപ്പം കാണ്ടാമൃഗങ്ങളേയും കാട്ടുപോത്തുകളേയും കാണാം. ഇവയിൽ ചിലതിനെ രണ്ടു മണിക്കൂർ മുമ്പ് മാത്രം തൊട്ടടുത്തുനിന്ന് കണ്ടതാണ്. എങ്കിലും ഇപ്പോൾ ഇവിടെ ദൂരെ നിന്നു നോക്കുമ്പോൾ പുതുതായി കാണുന്നതുപോലെയാണ് തോന്നുന്നത്. കഴിഞ്ഞ മാസം വരെ ഈ മൈതാനങ്ങൾ ചതുപ്പുകളായിരുന്നു. തണുപ്പ് മാസങ്ങളിൽ ഇവിടെ വന്നാൽ ചതുപ്പുകളിൽ കാണ്ടാമൃഗങ്ങളോടൊപ്പം തീറ്റ തേടുന്ന ആയിരക്കണക്കിന് ദേശാടനപ്പക്ഷികളെയും കാണാൻ കഴിയും. ഇപ്പോൾ ആ സമയം കഴിഞ്ഞിരിക്കുന്നു. ദേശാടകരെല്ലാം മടങ്ങിപ്പോയിരിക്കുന്നു.
ഗുവഹാട്ടിയിൽ ആദ്യം എത്തേണ്ട സ്ഥലത്തേക്ക് ഇവിടെനിന്ന് അറുപത് കിലോമീറ്റർ മാത്രമാണ് ദൂരം.
ഹോട്ടലിൽ പോയി കുറച്ചുസമയം വിശ്രമിച്ചിട്ട് പോകാനിറങ്ങി. ഇതെഴുതുമ്പോൾ‐ 2024 ഒക്ടോബർ‐ ലോകത്തിൽ അന്തരീക്ഷമാലിന്യം ഏറ്റവുമധികമുള്ള നാൽപ്പത് നഗരങ്ങളിൽ മുപ്പത്തി അഞ്ചും ഇന്ത്യയിലാണ്. അതിൽത്തന്നെ ഒന്നാം സ്ഥാനത്തുള്ള ബേഗുസരായി വഴിയാണ് നാല് ദിവസം മുമ്പ് സിലിഗുറിയിൽ എത്തിയത്. ഇനി പോകാനുള്ള ഗുവഹാട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന രാജ്യതലസ്ഥാനമായ ദില്ലിയ്‌ക്ക് ഇപ്പോൾ വെങ്കലമെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. കോട്ടയത്തെ കൂട്ടുകാരൻ ജപ്പാൻ നേരത്തെ പരിചയപ്പെടുത്തിയ ജയരാജ് ഗുവഹാട്ടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഞാനിവിടെ അദ്ദേഹത്തിന്റെ അതിഥിയാണ്. ഇന്നത്തെ ഉച്ചഭക്ഷണം ജയരാജിനോടൊപ്പമാണെന്ന് ആദ്യം തന്നെ തീരുമാനിച്ചതാണ്. എന്നാൽ ആ തീരുമാനം നടപ്പാക്കാൻ ഗുവഹാട്ടിയിലെ തിരക്ക് സമ്മതിക്കുന്നില്ല. അവസാനത്തെ രണ്ട് കിലോമീറ്റർ ദൂരം കടക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തു. ഒരാൾക്ക് നടക്കാൻപോലും ഇടമില്ലാത്ത ഇടവഴികളിൽ എണ്ണമറ്റ മോട്ടോർ സൈക്കിളുകളും കൈവണ്ടികളും സൈക്കിൾ റിക്ഷകളും വഴിവാണിഭക്കാരും തലച്ചുമടുകാരും തുടങ്ങി സ്‌കൂൾ ബസുകളും പൊലീസ് വണ്ടികളും വരെ ഞെരുങ്ങി നിൽക്കുന്നു. അടുത്തടുത്തായുള്ള രണ്ട് റെയിൽവേ ഗേറ്റുകൾ മാറി മാറി അടഞ്ഞും തുറന്നും എല്ലാവരുടേയും ക്ഷമ പരീക്ഷിക്കുന്നു. കൊൽക്കത്ത കഴിഞ്ഞാൽ ഈ ഭാഗത്തുള്ള ഏറ്റവും വലിയ റെയിൽവേ ജങ്‌ഷനായ ഗുവഹാട്ടി സെൻട്രൽ തൊട്ടപ്പുറത്താണ്.
പൊക്കമുള്ള മതിൽക്കെട്ടിനുള്ളിൽ പല നിലകളായി ഉയരത്തിൽ നിൽക്കുന്ന വലിയൊരു ഓഫീസ് സമുച്ചയത്തിന്റെ മുക്കാലും അടഞ്ഞ ഗേറ്റിന് മുന്നിൽ ഒടുവിൽ എങ്ങനെയോ എത്തി. എന്താണെന്ന് സെക്യൂരിറ്റി ചോദിച്ചു. ഗസ്റ്റ് ഹൗസിലേക്കാണ് പോകേണ്ടതെന്ന് ഞാൻ പറഞ്ഞു. വീണ്ടും ചോദ്യങ്ങൾ തുടർന്നു. ജയരാജ് സാബിന്റെ അതിഥിയാണെന്ന് പറഞ്ഞപ്പോൾ അവർ ഐഡി ആവശ്യപ്പെട്ടു. അത് എടുത്ത് കൊടുക്കുന്നതിനിടയിൽ എന്തോ കണ്ടിട്ടെന്നപോലെ, പെട്ടെന്ന് സെക്യൂരിറ്റിക്കാരന്റെ ശരീരഭാഷ മാറുന്നത് കണ്ടു. സാബ് ആ രഹാ ഹെ എന്ന് ശബ്ദം താഴ്‌ത്തിപ്പറഞ്ഞ് അയാൾ ഒരു നിമിഷം ശ്വാസംപിടിച്ച് നിവർന്നുനിന്നു. തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ച് കൈ വീശിക്കൊണ്ട് ഒരാൾ ധൃതിയിൽ റെയിൽ മുറിച്ച് വരുന്നു. ഇതു തന്നെയായിരിക്കണം ജയരാജ് എന്ന് ഞാനൂഹിച്ചു.
ഗുവഹാട്ടിയിൽ ഒരു രാത്രി തങ്ങുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതിനായി ജയരാജ് ഒരുക്കിത്തന്നത് പഞ്ചനക്ഷത്ര നിലവാരമുള്ള ഗസ്റ്റ് ഹൗസിലെ വലിയൊരു സ്വീറ്റ് റൂമാണ്. മാത്രമല്ല, പരമ്പരാഗത അസാമിസ് രീതിയിൽ ഗംഛാ എന്ന മേൽവസ്‌ത്രവും ജാപ്പി എന്ന് പേരുള്ള പരന്ന മുളന്തൊപ്പിയും സമ്മാനമായി നൽകുകയും ചെയ്‌തു. എന്റെ കാലിന്റെ അവസ്ഥ അതുപോലെ തന്നെ തുടരുകയാണ്. ഇതിന് ഏറ്റവും നല്ല മരുന്ന് മുറിവെണ്ണയാണെന്നറിയാം. എന്നാൽ എന്റെ വിപുലമായ മരുന്ന് ശേഖരത്തിൽ അതു മാത്രമില്ല. ഗുവഹാട്ടി കഴിഞ്ഞാൽ മുറിവെണ്ണ കിട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇല്ല. ഫോണിൽ നോക്കിയപ്പോൾ ശാന്തിഗിരിയുടെ ഇവിടെയുള്ള ഒരു ബ്രാഞ്ചിന്റെ നമ്പർ കിട്ടി. വിളിച്ചപ്പോൾ അത് കുറേ ദൂരെയാണ്. അതൊന്നും സാരമില്ലെന്ന് ജയരാജ് പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ ജയരാജിന്റെ ഡ്രൈവർ മുറിവെണ്ണയുടെ ഓയിൻമെന്റ് രൂപത്തിലുള്ള നാല് ട്യൂബുകളുമായി വന്നു. അതിന്റെ ബലത്തിൽ മാത്രമാണ് മുന്നോട്ടുള്ള യാത്ര സാധ്യമായതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.
രാത്രി കുറേനേരം ഞങ്ങൾ സംസാരിച്ചിരുന്നു. അതിഥിയെ സൽക്കരിക്കാൻ ജയരാജ് കാണിക്കുന്ന ഉത്സാഹം പക്ഷേ, സ്വന്തം കാര്യത്തിൽ കാണുന്നില്ല. ഒടുവിൽ നാലിന് ഒന്ന് എന്ന അനുപാതത്തിൽ പത്തു മണിയോടെ സൽക്കാരം അവസാനിപ്പിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു. നാളെ അതിരാവിലെ ട്രാഫിക് തുടങ്ങുന്നതിന് മുമ്പുതന്നെ എനിക്കിറങ്ങണം. ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് ഇതുവഴിയല്ല മടങ്ങി വരുന്നത്. റിട്ടേൺ പോയിന്റായ തവാങ്ങിൽനിന്ന് സിലിഗുറി വഴി വേണം തിരിച്ചുപോകാൻ. അതു കൊണ്ട് ഇവിടെ വച്ചുതന്നെ നന്ദി പ്രകാശനവും യാത്രപറച്ചിലും കഴിഞ്ഞു. എന്നാൽ നാമറിയാത്ത മറ്റനേകം പ്ലാനുകൾ നമ്മോടൊപ്പം സദാ സഞ്ചരിക്കുന്നുണ്ടെന്നും, അവസരം കിട്ടിയാൽ നമ്മുടെ പ്ലാനുകളെ തള്ളിമാറ്റി പകരം കയറിനിൽക്കാൻ അവരെപ്പോഴും ശ്രമിക്കുമെന്നും നമ്മൾ പലപ്പോഴും ഓർക്കാറില്ല. (തുടരും)









0 comments