നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐5

വേണു
Published on Aug 12, 2025, 11:09 AM | 10 min read
മാർച്ച് 15. ബാരാബർ, നളന്ദ
മഹാബോധിയുടെ പരിസരങ്ങളിൽ അഞ്ചാറ് മണിക്കൂറെങ്കിലും ഇന്നലെ ചുറ്റി നടന്നിട്ടുണ്ടാകണം. അതിൽ പാതി സമയവും ക്ഷേത്രത്തിനുള്ളിൽ ചെരുപ്പിടാതെയാണ് നടന്നതെങ്കിലും ഓരോ ചുവടുവച്ചതും വളരെ ശ്രദ്ധിച്ചാണ്. ഇടയ്‌ക്ക് കാലിന് ചെറിയ വിശ്രമം കൊടുക്കാനും സാധിച്ചിരുന്നു. ഒന്നും തെറ്റിച്ചിട്ടില്ല. എന്നിട്ടും രാവിലെ നോക്കുമ്പോൾ കാലിലെ നീര് അങ്ങനെത്തന്നെയുണ്ട്. എങ്കിലും എനിക്ക് പ്രത്യേകിച്ച് അങ്കലാപ്പൊന്നും തോന്നിയില്ല. സത്യത്തിൽ മയിൻപാട്ടിലെ വീഴ്‌ചയ്‌ക്ക് ശേഷം മനസ്സ് ഒരുപാട് ശാന്തമായതുപോലെയാണ് തോന്നുന്നത്.
ഇനി പോകാനുള്ളത്, ഇന്ത്യയുടെ സുവർണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുപ്തകാലത്ത് മഗധയിൽ ഉണ്ടായിരുന്നതും, അക്കാലത്ത് ലോകത്തിലെ ഏറ്റവും മഹത്തായ പഠനകേന്ദ്രമായി മഹാപണ്ഡിതർ മാനിച്ചിരുന്നതും, മഹാവിഹാര എന്ന് ഔദ്യോഗികമായി അറിയപ്പെട്ടിരുന്നതുമായ നളന്ദ വിശ്വവിദ്യാലയത്തിന്റെ അവശിഷ്ടഭൂമിയിലേക്കാണ്. അങ്ങോട്ടുള്ള വഴിയിൽ ബാരാബർ ഗുഹകൾ, രാജ്ഗിർ എന്നീ സ്ഥലങ്ങളും കാണണം. എല്ലാം ബോധ്ഗയയിൽനിന്ന് വളരെ അടുത്താണ്. ഇവിടെനിന്ന് നളന്ദയിലേക്ക് നേരിട്ടുള്ള ദൂരം എൺപത് കിലോമീറ്റർ മാത്രമാണ്. എന്നാൽ ബാരാബർ ഗുഹകൾ കാണണമെങ്കിൽ അൽപ്പം മാറി സഞ്ചരിക്കണം.
മഹ്വാ ബഗീച്ച ഗ്രാമത്തിലെ വൈക്കോലടുക്കുകൾ
തെക്കൻ ബിഹാറിലെ താരതമ്യേന ശാന്തഹരിതമായ ഭാഗങ്ങളിലൊന്നാണ് ബോധ്ഗയ. ബിഹാറിനെ തെക്കുവടക്കായി പകുത്താണ് ഗംഗാനദി കിഴക്കോട്ടൊഴുകുന്നത്. ഗംഗയുടെ പ്രളയപ്രദേശങ്ങളാണ് ബിഹാറിലെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണ്. വെള്ളമില്ലാത്ത ഒരു കനാലിന്റെ കരയിലുള്ള ചെറിയൊരു വഴിയിലൂടെയാണ് ഞാനിപ്പോൾ പോകുന്നത്. ഇവിടെയെല്ലാം വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. കടുകാണ് പ്രധാന വിള. കനാലിന്റെ സിമന്റ് തറയിൽ കടുക് കറ്റകൾ വെയിലത്തുണങ്ങാൻ കിടക്കുന്നു. ഒരു സ്‌ത്രീയും പുരുഷനും ഉണങ്ങിയ കറ്റകൾ മാറി മാറി നിലത്തടിച്ച് മണികൾ കൂട്ടിവയ്‌ക്കുന്നു. മഹ്വാ ബഗീച്ച എന്ന മോഹനനാമമുള്ള ഒരു ഗ്രാമത്തിന്റെ വശത്ത് വെറുതേ ഇറങ്ങിനോക്കി. വലിയൊരു മലയുടെ തൊട്ട് താഴെയാണ് ഗ്രാമം. ഇവിടെയും കൊയ്‌ത്ത് കഴിഞ്ഞിരിക്കുന്നു. നെല്ലാണിവിടുത്തെ പ്രധാന വിള. വട്ടത്തിൽ ഉയർത്തിപ്പൊക്കിയ വൈക്കോലടുക്കുകളുടെ മുകളിലെ കോണാകൃതിയിലുള്ള വൈക്കോൽക്കൂരകൾ ദൂരെ നിന്ന് കാണുമ്പോൾ മനുഷ്യഗൃഹങ്ങളാണെന്ന് തോന്നും. വയലുകൾ കടന്ന് വടക്കോട്ട് പോകുന്തോറും മലകളുടെ സ്വഭാവവും മാറിത്തുടങ്ങി. വലിയ പാറകൾ എഴുന്ന് നിൽക്കുന്ന കൂറ്റൻ കൽക്കൂനകളാണ് ഇവിടുത്തെ മലകൾ. ഇതുപോലെ ഏതെങ്കിലും ഒരു മലമുകളിലായിരിക്കും ബാരാബർ ഗുഹകൾ എന്ന് ഞാനൂഹിച്ചു. ഊഹം തെറ്റിയില്ല. ചെറിയ പാർക്കിങ് സ്ഥലത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ ദയാരഹിതരായി അവിടെ കാത്തുനിന്നിരുന്നത് എണ്ണമറ്റ കൽപ്പടവുകളായിരുന്നു.
കാഴ്‌ചയിൽ കരയ്‌ക്കടിഞ്ഞ വലിയൊരു തിമിംഗില ജഡംപോലെ തോന്നുന്ന ഒരു പാറയ്‌ക്കുള്ളിലെ നാല് ചെറിയ ഇരുട്ടറകളാണ് ബാരാബർ ഗുഹകൾ. തറയുടേയും ഭിത്തിയുടേയും ചില ഭാഗങ്ങൾ കണ്ണാടിപോലെ മിനുക്കിയിരിക്കുന്നു. പുറത്ത് പാലി ഭാഷയിൽ ബുദ്ധവചനങ്ങൾ പാറയിൽ കൊത്തിവച്ചിരിക്കുന്നു. പാലി അക്ഷരങ്ങൾ കണ്ടാൽ തെലുങ്കും സിംഹളീസും പോലെ തോന്നും. അവിടെ ഞാനല്ലാതെ സന്ദർശകർ വേറെയാരുമുണ്ടായിരുന്നില്ല. പോകാനിറങ്ങിയപ്പോൾ കൈനോട്ടക്കാരനാണ് എന്നുപറഞ്ഞ് ഒരാൾ വന്നു. അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഉടൻതന്നെ അവിടം വിട്ടു. വന്ന വഴി തിരിച്ചുപോകാതെ തന്നെ, രാജ്ഗിർ എത്താനുള്ള മറ്റൊരു വഴി മാപ്പിൽ കാണിക്കുന്നുണ്ട്. എന്നാൽ മാപ്പിൽ കാണിക്കുന്ന എളുപ്പവഴിയേക്കാൾ നല്ലത് വന്ന വഴി തിരിച്ചുപോകുന്നതാണെന്ന് ഒരു മരത്തണലിൽ കണ്ട പൊലീസുകാർ പറഞ്ഞു. മണൽകടത്തുകാരെ പ്രതീക്ഷിച്ചാണ് അവരിവിടെ ജീപ്പുമായി കാത്തുകിടക്കുന്നത്. നളന്ദയിലേക്കുള്ള റോഡ് സുഖമുള്ളതായിരുന്നു. വഴി പതുക്കെ മലകൾ ചുറ്റിക്കയറാൻ തുടങ്ങി. എവിടെയും കാലുറപ്പിക്കാനില്ലാതെ, ഉരുണ്ടുവീഴാൻ സദാ തയ്യാറെടുത്ത് നിൽക്കുന്ന കല്ലുകളാണ് ഇരുവശത്തും. ഒരിടത്ത് ഉയരത്തിലൊരു മലനിര താഴേക്ക് ചെരിഞ്ഞിറങ്ങി വന്ന് കുടപ്പനകൾ കൂട്ടമായി വളർന്ന് നിൽക്കുന്ന വലിയൊരു സമതലമായി മാറിയിരിക്കുന്നു. ഉച്ചക്കാറ്റിൽ ഉലഞ്ഞുനീങ്ങുന്ന ചെങ്കാവി നിറങ്ങൾ ബോധ്ഗയ ലക്ഷ്യമാക്കി നടക്കുന്ന ബുദ്ധസന്യാസിമാരുടെ വസ്‌ത്രങ്ങളാണ്. നേർരേഖയായി പോകുന്ന വഴിയുടെ അറ്റത്ത് ഉയർന്നുനിൽക്കുന്ന കുന്നിന്റെ മുകളിലേക്ക് മറ്റൊരു നേർരേഖയായി കയറിപ്പോകുന്നത് മതിൽ പോലെയെന്തോ ഒന്നാണ്.
നളന്ദയിലേക്ക് നടന്നുപോകുന്ന ബുദ്ധസന്യാസിമാർ
അടുത്തുചെന്നു നോക്കിയപ്പോൾ മതിൽ പോലെയല്ല, മതിൽ തന്നെയാണ്. വലിയ കല്ലുകൾ വിടവില്ലാതെ അടുക്കിപ്പൊക്കി ഉണ്ടാക്കിയ കോട്ട പോലെയുള്ള മതിൽ, ഒരു കുന്നിന്റെ ഉച്ചിയിലൂടെ കയറിയിറങ്ങിപ്പോകുന്നു. ഇത്തരത്തിൽ ചെളിയും കുമ്മായവും ഒന്നും ഉപയോഗിക്കാതെ നിർമിച്ച വൻമതിലുകൾ ധാരാളമായി കാണുന്നത് ഗ്രീസിലും സൈപ്രസിലും മറ്റുമാണെന്നും, ഇത്തരം നിർമിതികളെ സൈക്ലോപ്പിയൻ മതിലുകൾ എന്നാണ് വിളിക്കുന്നതെന്നും പിന്നീട് വായിച്ചറിഞ്ഞു. മഗധ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന രാജഗൃഹ എന്ന നഗരത്തിന്റെ സുരക്ഷയ്‌ക്കായി ചുറ്റും കെട്ടിപ്പൊക്കിയ, നാൽപ്പത് കിലോമീറ്റർ നീളമുണ്ടായിരുന്ന സൈക്ലോപ്പിയൻ മതിലിന്റെ അവശേഷിക്കുന്ന ചെറിയൊരു ഭാഗമാണ് ഇവിടെ കാണുന്നത്. ഇന്നത്തെ രാജ്ഗിർ ആണ് രാജഗൃഹ. നളന്ദ എത്തുന്നതിന് മുമ്പാണത്. റോഡിൽ നിന്നുതന്നെ സൈക്ലോപ്പിയൻ മതിലിന്റെ കുറച്ച് പടങ്ങളെടുത്തു. റോഡിന്റെ മറുവശത്ത് മറ്റൊരു കുന്നിന്റെ മുകളിലേക്കും മതിൽ തുടരുന്നുണ്ട്. മതിൽ രണ്ടായി മുറിച്ചാണ് ഇവിടെ വഴി പോകുന്നത്. ഉയരത്തിൽ നിന്നുള്ള ഒരു കാഴ്‌ചയ്‌ക്കായി അൽപ്പം മേലേക്ക് കയറിയാലോ എന്നാലോചിച്ചു. കുന്നിന് നല്ല ചെരിവുണ്ട്. കയറാൻ പറ്റിയ വഴിയൊന്നും കാണുന്നുമില്ല. എന്നാലും കുറച്ചെങ്കിലും പോയി നോക്കാം എന്ന് തീരുമാനിച്ച് മെല്ലെ കയറാൻ തുടങ്ങി. പെട്ടെന്നാണ് കാലിന്റെ കാര്യമോർത്തത്. വീണ്ടും ഒരു ക്ഷതം കാലിനേൽക്കാതെ നോക്കണമെന്ന് ഡോക്ടർ പറഞ്ഞതാണ്. എന്തായാലും അൽപ്പംകൂടി കയറിനോക്കാൻ തന്നെ തീരുമാനിച്ചു. ഉയരം കുടുംതോറും മതിലിന്റെ രൂപം കൂടുതൽ വ്യക്തമാകുന്നുണ്ട്. കാലുറപ്പിച്ച് നിൽക്കാൻ സാധിച്ച ഒരു സ്ഥലത്തുനിന്ന് കുറച്ച് പടങ്ങളെടുത്തു. BCE അഞ്ചാം നൂറ്റാണ്ടിൽ മഗധ രാജാവായിരുന്ന ബിംബിസാരന്റെയും മകൻ ദേവനാംപ്രിയന്റെയും കാലത്താണ് ഇതിന്റെ നിർമാണം നടന്നതെന്ന് കരുതപ്പെടുന്നു. അത് ബുദ്ധൻ ജീവിച്ചിരുന്ന കാലമാണ്. ഞാനിപ്പോൾ നിൽക്കുന്ന ഇതേ ഇടത്തിൽ നിന്നുകൊണ്ട് ഇതേ കാഴ്‌ച തന്നെ ശ്രീബുദ്ധനും കണ്ടിരിക്കാനുള്ള സാധ്യത പൂജ്യമാണെന്ന് പറയാനാകില്ല. രണ്ടായിരത്തി അഞ്ഞൂറ് വർഷം മുമ്പ് ശ്രീബുദ്ധൻ ശ്വസിച്ച കാറ്റിലുണ്ടായിരുന്ന ഓക്‌സിജൻ തന്മാത്രകളിലൊന്ന് ഇപ്പോൾ ഇവിടെനിന്ന് കിതയ്‌ക്കുന്ന എന്റെ നെഞ്ചിനുള്ളിൽ വന്നുപോയിട്ടില്ല എന്നും ഉറപ്പിച്ച് പറയാനാകില്ല.
ഒരേസമയത്ത് തന്നെ ഗൗതമബുദ്ധനും മഹാവീരനും ധർമപ്രബോധകരായി ദീർഘകാലം പ്രവർത്തിച്ച സ്ഥലമാണ് രാജഗൃഹയും പരിസരപ്രദേശങ്ങളും. എന്നാൽ അന്നത്തെ മഗധ രാജാക്കന്മാർ മഹാവീരധർമത്തെക്കാളധികം പിന്തുണച്ചത് ബുദ്ധധർമത്തെയായിരുന്നു. എങ്കിലും, ഒടുവിൽ ബ്രാഹ്മണർ വന്ന് എല്ലാം കൈവശപ്പെടുത്തുന്നതുവരെ ഇരുധർമങ്ങളും നൂറ്റാണ്ടുകൾ ഇവിടെ സമാധാനപൂർവം സഹവസിച്ചു. ബൗദ്ധരുടേയും ജൈനരുടേയും നിരവധി വിശുദ്ധസ്ഥാനങ്ങളോടൊപ്പം ചില ഹിന്ദുദേവ ക്ഷേത്രങ്ങളും കൂടിച്ചേർന്നപ്പോൾ രാജ്ഗിർ ഒരു വിവിധമത തീർഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. ഇവിടത്തെ കുതിരവണ്ടികളുടെ എണ്ണവും അലങ്കാരങ്ങളും കണ്ടാൽ, കുതിരവണ്ടികളുടെ ലോകതലസ്ഥാനം എന്ന പദവിക്ക് വേണ്ടി മത്സരിക്കാൻ രാജ്ഗിർ തയ്യാറെടുക്കുകയാണെന്ന് തോന്നും. കുതിരകളെല്ലാം നല്ല ഉയരവും ആരോഗ്യവും തോന്നിക്കുന്നവയാണ്. ആയിരം അശ്വമേധങ്ങളുടെയും അവസാനയുദ്ധങ്ങളുടെയും ഭൂതകാലങ്ങളിൽ നിന്നിറങ്ങിവന്ന നിഴൽരൂപങ്ങളെപ്പോലെ അവരിവിടെ അനങ്ങാതെ നിൽക്കുന്നു. ഞാനും കുറച്ചുനേരം വെറുതേ അവിടെ നിന്നു. കാഴ്‌ച കാണാൻ എങ്ങോട്ടും പോകാൻ തോന്നുന്നില്ല. സ്ഥിരം കാഴ്‌ചസ്ഥലങ്ങൾ ധാരാളമുണ്ട്. അവിടെ കാഴ്‌ചക്കാരും ധാരാളമുണ്ട്. അല്ലാത്ത സ്ഥലങ്ങളും ഉണ്ടാകും. എന്നാൽ അന്വേഷിച്ച് കണ്ടുപിടിക്കാൻ സമയമില്ല. ഇപ്പോൾ ഉച്ച കഴിഞ്ഞ് ഒന്നര മണിയായി. വേഗം പോയാൽ ഇന്നുതന്നെ നളന്ദ കണ്ട് രാവിലെ സ്ഥലം വിടാം. പെട്ടെന്ന് വിശക്കാൻ തുടങ്ങി. ഞാനിപ്പോൾ നിൽക്കുന്നത് രാജ്ഗിറിലെ പ്രസിദ്ധമായ വിശ്വശാന്തിസ്‌തൂപം നിൽക്കുന്ന കുന്നിന്റെ ചുവട്ടിലാണ്. അതിനടുത്ത് ജപ്പാൻകാർ നിർമിച്ച ശാന്തിപഗോഡയും അങ്ങോട്ട് കയറാനായി എണ്ണമറ്റ പടികളും ഉണ്ട്. പടി കയറാൻ മടിയുള്ളവർക്ക് അമ്പത് രൂപ കൊടുത്താൽ ഇരുമ്പ് വടങ്ങളിൽ തൂങ്ങിപ്പോകുന്ന ചെയർലിഫ്റ്റ് വഴിയും പോയി വരാം. രണ്ടും വേണ്ടെന്ന് തീരുമാനിച്ച് അവിടെക്കണ്ട ഒരു ചായക്കടയിൽ പോയിരുന്ന് ഒരു ആലുപറാഠ ഓർഡർ ചെയ്‌തു. വിശന്ന വയറുമായി കാത്തിരുന്ന എനിക്ക് കിട്ടിയ ആലുപറാഠയുടെ ദുസ്വാദ് ശ്രീബുദ്ധൻ പോലും ക്ഷമിക്കില്ലെന്ന് ഉറപ്പാണ്.
ബാരാബർ ഗുഹ
അഞ്ചാം നൂറ്റാണ്ടിൽ നളന്ദയിൽ സ്ഥാപിതമായ, മഹാവിഹാര എന്ന ബുദ്ധപഠന കേന്ദ്രം അക്കാലത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച വിശ്വവിദ്യാലയങ്ങളിലൊന്നായിരുന്നു. ബുദ്ധപഠനങ്ങൾ കൂടാതെ ഭാഷയും വ്യാകരണവും ഗണിതവും തത്വശാസ്‌ത്രവും പഠിക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാകാംക്ഷികൾ നളന്ദയിലെ മഹാവിഹാരയിലെത്തി. ഒരു സമയത്ത് പതിനായിരം വിദ്യാർഥികൾവരെ അവിടെ ഒരുമിച്ച് താമസിച്ച് പഠിച്ചിരുന്നു എന്ന് ചില പണ്ഡിതർ പറയുമ്പോൾ മറ്റു ചിലർ മൂവായിരമെന്നു പറയുന്നു. മഹാവിഹാരയിലെ ഭീമമായ ചെലവിനായി സമീപത്തുള്ള പതിനഞ്ച് ഗ്രാമങ്ങളിൽനിന്ന് നികുതി പിരിക്കാനുള്ള അധികാരം, ഗുപ്തരാജാക്കന്മാരും പിന്നീട് വന്ന പാല രാജാക്കന്മാരും വിഹാരത്തിന് വിട്ടുകൊടുത്തിരുന്നു. നളന്ദയിൽ മഹാവിഹാര സ്ഥാപിതമാകുന്നതിന് മുമ്പുതന്നെ ചൈനയിലും പൗരസ്‌ത്യ നാടുകളിലും ബുദ്ധമതം വ്യത്യസ്‌ത രൂപങ്ങളിൽ നിലവിലുണ്ടായിരുന്നു. ഓരോ പ്രസ്ഥാനങ്ങളും ഒാരോ തരത്തിലാണ് ബുദ്ധവാക്യങ്ങളെ വ്യാഖ്യാനിച്ചത്. അതിൽ ചിലതൊക്കെ ബുദ്ധവാക്യങ്ങൾ തന്നെയാണോ എന്നുപോലും സംശയങ്ങളുയർന്നു.
അന്ന് ചൈനയിൽ ലഭ്യമായിരുന്ന ബുദ്ധഗ്രന്ഥങ്ങൾ പലതും പരസ്‌പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ശിഷ്യരുടെ സംശയങ്ങൾക്ക് മുന്നിൽ പണ്ഡിതർ ഉത്തരംമുട്ടി നിന്നു. ബുദ്ധവിശ്വാസ വ്യാഖ്യാനങ്ങളുടെ ആദ്യ പകർപ്പുകൾ പാലിയിലും സംസ്‌കൃതത്തിലുമാണ് എഴുതപ്പെട്ടിട്ടുള്ളത്. അവയൊക്കെ സൂക്ഷിച്ചിരുന്നത് മഹാവിഹാരയിലെ മഹാഗ്രന്ഥശാലയിലാണ്.
മഹാവിഹാരയിൽ മാത്രമാണ് യഥാർഥബോധം അക്ഷരരൂപത്തിൽ കാണാൻ കഴിയുന്നതെന്നും, അത് പഠിച്ചാൽ മാത്രമേ ശരിയായ ബുദ്ധമാർഗം എന്താണെന്നറിയാൻ കഴിയൂ എന്നും വിശ്വസിച്ച ഒരു ചെറുപ്പക്കാരൻ, ഏഴാം നൂറ്റാണ്ടിൽ ചൈനയിലെ ചാങ് ആൻ എന്ന പട്ടണത്തിൽനിന്ന് നളന്ദയിലെ മഹാവിഹാര ലക്ഷ്യമാക്കിയുള്ള ദീർഘവും അതിസാഹസികവുമായ ഒരു അർഥാന്വേഷണ യാത്ര ആരംഭിച്ചു. മക്കാൻ മരുഭൂമിയും താഷ്‌കെന്റും സമർഖണ്ഡും കടന്ന്, ഹിന്ദുകുഷ് മലകളും ഗാന്ധാരവും കശ്മീരവും താണ്ടി ഗംഗാസമതലത്തിലേക്കിറങ്ങിയശേഷം, ഗംഗയിലൂടെ വഞ്ചിയിൽ സഞ്ചരിച്ച് ഗയയിലും തൊട്ടടുത്ത നളന്ദയിലും അയാളെത്തുമ്പോൾ ഏഴു വർഷങ്ങൾ കടന്നുപോയിരുന്നു. ഷ്വാൻ സാങ് എന്നായിരുന്നു ബുദ്ധഭിക്ഷുവിന്റെ പേര്. മഹായാന ബുദ്ധവിശ്വാസത്തിന്റെ യഥാർഥ സത്ത ചൈനയിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും പരന്നത്, നളന്ദയിലെ മഹാഗ്രന്ഥശാലയുടെ ഉള്ളറകളിൽ ഷ്വാൻ സാങ് ചെലവഴിച്ച വർഷങ്ങൾ നീണ്ട ഉറക്കമില്ലാത്ത ദിനരാത്രങ്ങളുടെ ഫലമായിക്കൂടിയാണ്. വെറുംകൈയോടെ വന്ന ഭിക്ഷു ചൈനയിലേക്ക് മടങ്ങിയത് അമൂല്യമായ അനേകം ഗ്രന്ഥങ്ങളുടെ പകർപ്പുകളും വിവർത്തനങ്ങളും ആധികാരികമായ കൈയെഴുത്ത് പ്രതികളുമായാണ്. പുസ്‌തകങ്ങൾ ചുമക്കാൻ മാത്രം അറുപത് കുതിരകൾ വേണ്ടിവന്നു എന്ന് പറയപ്പെടുന്നു. ഷ്വാൻ സാങ് നളന്ദയിൽ നിന്ന് കൊണ്ടുവന്ന ഗ്രന്ഥങ്ങൾ പിന്നീട് ചൈനയിലെ മഹായാന പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ഈ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ടിബറ്റൻ താന്ത്രിക് ബുദ്ധിസത്തിന്റെ ധർമമുദ്രകളും ആധികാരികമായി നിശ്ചയിക്കപ്പെട്ടത്.
നളന്ദ മഹാവിഹാരയുടെ അവശിഷ്‌ടങ്ങൾ
നളന്ദയിൽ ഷ്വാൻ സാങ്ങിനെ ആദരിക്കുന്ന വലിയൊരു സ്മാരകം ചൈനീസ് ഗവൺമെന്റ് നിർമിച്ചിട്ടുണ്ട്. അതിന്റെ മുന്നിലെ ഉയർന്ന പീഠത്തിൽ, പുറത്ത് കെട്ടിയുറപ്പിച്ച യാത്രാസാമഗ്രികൾ നിറച്ച വലിയ മുളങ്കൂടും കൈയിൽ രോമവിശറിയും തലയ്‌ക്ക് മുകളിലെ വലിയ ഓലക്കുടയിൽ തൂക്കിയിട്ട കടലാസ് വിളക്കുമായി, മുന്നോട്ട് കാൽവച്ച് നിൽക്കുന്ന ഷ്വാൻ സാങ്ങിന്റെ ഒരു പ്രതിമ നിൽക്കുന്നുണ്ട്. ഇന്നത് കാണുന്ന ഏതൊരു ബാക്ക്പാക്കറുടെ മനസ്സിനെയും ആ പ്രതിമ ചെറുതായെങ്കിലും ചലിപ്പിക്കാതിരിക്കില്ല. കാരണം, പുറംചുമടുമേന്തി തനിച്ച് നാട് ചുറ്റുന്ന ആരുടേയും പരമപിതാവെന്ന സ്ഥാനം ഇവിടെ നിൽക്കുന്ന ഈ സഞ്ചാരിക്ക് തീർച്ചയായും അവകാശപ്പെട്ടതാണ്.
ചെറിയൊരു മാർക്കറ്റ് പോലെയുള്ള ഇടുങ്ങിയ വഴിയിൽ എവിടെയോ വണ്ടി പാർക്ക് ചെയ്‌തിട്ട് മഹാവിഹാരയുടെ അവശിഷ്ടങ്ങൾ കാണാനായി പോയി. അങ്ങോട്ട് കുറച്ച് നടക്കണം. പൂമരങ്ങളും പുൽത്തകിടികളും മരച്ചുവട്ടിൽ ബെഞ്ചുകളുമായി വലിയൊരു പാർക്ക് പോലെ രൂപപ്പെടുത്തിയ മൈതാനം നിറഞ്ഞു നിൽക്കുന്നത്, കൃത്യമായ ആസൂത്രണത്തിൽ പൂർണമായും ചുവന്ന ഇഷ്ടികകൊണ്ട് നിർമിച്ച ഭീമാകാരമായ ഒരു വിദ്യാപീഠ സമുച്ചയത്തിന്റെ അതിശയിപ്പിക്കുന്ന അവശിഷ്ടങ്ങളാണ്. നെടുങ്കൻ ഭിത്തികളും നീണ്ട പടിക്കെട്ടുകളും പിരമിഡുകളെ ഓർമിപ്പിക്കുന്ന എടുപ്പുകളും വിശുദ്ധസ്‌തൂപങ്ങളും വിജ്ഞാനപീഠങ്ങളും വിദ്യാവിഹാരങ്ങളും ക്ഷേത്രങ്ങളും ഗ്രന്ഥശാലകളുമെല്ലാം കാലത്തിന്റെയും കലാപത്തിന്റെയും അവശിഷ്ടങ്ങളായി പരന്ന് കിടക്കുന്നു. പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് വലുതാണ് മുന്നിൽ കാണുന്ന മഹാവിഹാര ശേഷിപ്പുകൾ. കൃത്യം പറഞ്ഞാൽ ഒരു കിലോമീറ്റർ നീളവും വീതിയും ഇതിനുണ്ട്. ഇവിടുത്തെ അവശിഷ്ടങ്ങൾ അവിടെയുമിവിടെയും ചിതറിക്കിടക്കുകയല്ല. കൃത്യമായ ഇടങ്ങളിൽ കൃത്യമായ അകലത്തിലും അടുപ്പത്തിലുമാണ് നിർമാണങ്ങൾ നടത്തിയിരിക്കുന്നത്. ലോക നിലവാരമുള്ള ഒരു വിശ്വവിദ്യാലയം എങ്ങനെയായിരിക്കണം രൂപകൽപ്പന ചെയ്യേണ്ടത് എന്ന് വിശദമായി പഠിച്ച് തയ്യാറെടുത്താൽ മാത്രമേ ഇത്തമൊരു മഹാസംരംഭം പ്രായോഗികമാക്കാൻ ആർക്കും സാധിക്കൂ. അതിവിടെ നളന്ദയിലെ വാസ്‌തു ശിൽപ്പികൾ ആയിരത്തി എഴുനൂറ് വർഷം മുമ്പ് കൃത്യമായി ചെയ്‌തിരിക്കുന്നു. പതിനേഴ് നൂറ്റാണ്ടുകൾക്ക് മുമ്പ് ചുട്ടെടുത്ത ചുവന്ന ഇഷടികകൾ, വാടിത്തുടങ്ങുന്ന വെയിലിൽ കൂടുതൽ ചുവന്നു കാണുന്നു. മഹാവിഹാരയിലെ പഠനമുറികളിൽ നിരന്തരം കേട്ടിരുന്ന, ‘ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല’ എന്ന പരമപ്രധാനമായ ബുദ്ധവാക്യം ഇവിടെ കൺമുന്നിൽ മഹായാഥാർഥ്യമായി കാണപ്പെടുന്നു.
ഏഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നളന്ദ മഹാവിഹാര അനേകം അക്രമങ്ങളും അധിനിവേശങ്ങളും അനുഭവിച്ചെങ്കിലും ഓരോ തവണയും മുട്ടിയും മുടന്തിയും തിരിച്ചുവന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിൽ സംഭവിച്ച ബുക്തിയാർ ഖിൽജിയുടെ പടയോട്ടം, ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത നിലയിലേക്ക് നളന്ദയെ തകർത്തു. ആയിരക്കണക്കിന് മഹാവിഹാര നിവാസികൾ കൊല്ലപ്പെട്ടു. ലോകപ്രശസ്‌തമായ വിജ്ഞാനകേന്ദ്രങ്ങളും വിശുദ്ധവിഹാരങ്ങളും തുരുഷ്‌കസേന നിഷ്‌കരുണം ഇടിച്ച് നിരത്തി. എല്ലാത്തിനുമൊടുവിൽ വിശ്വവിദ്യാലയത്തിന്റെ അമൂല്യമായ ഗ്രന്ഥശാലയ്‌ക്ക് അക്രമികൾ ആഘോഷപൂർവം തീ കൊളുത്തി. അത് എരിഞ്ഞുതീരാൻ ആറുമാസം വേണ്ടിവന്നു എന്നാണ് പറയപ്പെടുന്നത്.
സന്ധ്യയാകുന്നു. രാത്രി കിടക്കാൻ ഒരിടം നോക്കാൻ ഇതുവരെയും സാധിച്ചില്ല. നേരത്തെ പറഞ്ഞുവച്ചിരുന്ന ഹോട്ടൽ വിശ്വാസയോഗ്യമല്ല. അവർക്ക് സ്വന്തം പാർക്കിങ് ഉണ്ടെന്ന് ഫോണിൽ പറഞ്ഞിട്ട് നേരിൽ കാണുമ്പോൾ അത് കുറേ മാറി ഏതോ ഒരു സ്ഥലത്താണ്. കാറിൽ വേണ്ടപ്പെട്ട പലതുമുണ്ട്. വെറുതെ ഏതെങ്കിലുമൊരു സ്ഥലത്ത് പാർക്ക് ചെയ്‌താൽ രാത്രി സമാധാനമായി കിടന്നുറങ്ങാൻ പറ്റില്ല. ഒടുവിൽ വാഹനസുരക്ഷയുള്ള ഒരു ഹോട്ടൽ കിട്ടിയപ്പോൾ നേരം ഇരുട്ടായി.
മാർച്ച് 16.
നളന്ദ, സിലിഗുറി
ബീനയുടെ അമ്മ മരിച്ചിട്ട് പതിനൊന്നാം ദിവസമായിരുന്നു ഇന്നലെ. അവരുടെ നാട്ടിലെ വിശ്വാസപ്രകാരം പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ആത്മാവ് പൂർണമായും സ്വതന്ത്രമാകുന്നത്. അങ്ങനെയാണെങ്കിൽ അതിന്നാണ്. ഇന്നു തന്നെയാണ് ഞങ്ങളുടെ കൊച്ചുമകളായ മായയുടെ നാലാം ജന്മദിനവും. പുനർജനന മരണങ്ങളുടെ നിലയ്‌ക്കാത്ത കാലചക്രത്തിൽ നിന്ന് ആർക്കും മോചനമില്ലെന്നും ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ലെന്നും ബുദ്ധൻ പറഞ്ഞു. മരണം ഏതു നിമിഷവും സംഭവിക്കാം. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമേഖലയിൽ മരിച്ചയാൾ ചെയ്‌ത പ്രവൃത്തികളിലും ചിന്തകളിലും കാണപ്പെടുന്ന നന്മയുടെ അളവാണ് അടുത്ത ജന്മത്തിൽ അനുഭവിക്കാൻ പോകുന്ന ദുരിതഭാരത്തിന്റെ തീവ്രത തീരുമാനിക്കുന്നത്. എപ്പോഴാണ് മരണം വരുന്നത് എന്നറിയുക അസാധ്യമാണ്. അതുകൊണ്ട്, എപ്പോഴും നന്മ ചെയ്യുക എന്നത് മാത്രമാണ് അടുത്ത ജന്മത്തിലെ ദുരിതഭാരം കുറയ്‌ക്കാനുള്ള ഏക മാർഗം.
നളന്ദയോട് യാത്ര പറഞ്ഞ് അതിരാവിലെ തന്നെ ഇറങ്ങി. ചെറിയ മഴയുണ്ട്. കുറച്ച് പോയപ്പോൾ മൂടൽമഞ്ഞും ഇടയ്‌ക്ക് കണ്ടുതുടങ്ങി. വഴി ഒട്ടും മോശമല്ല. പതിവുപോലെ തന്നെ രാവിലെ ഒന്നും കഴിച്ചിട്ടില്ല. എന്നാൽ ധാരാളമായി കരുതിയിരുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കടലമുട്ടായിയും ആ ഒഴിവ് നികത്താൻ ധാരാളമായിരുന്നു. രണ്ട് പഴവും കൂടി ഉണ്ടെങ്കിൽ ഭക്ഷണത്തിനായി അലഞ്ഞ് വെറുതേ സമയം കളയേണ്ട കാര്യമില്ല. ആ സമയം കൊള്ളാവുന്ന ഏതെങ്കിലും സ്ഥലത്തു വണ്ടി നിർത്തി എന്തെങ്കിലും കണ്ടു നിൽക്കാനാണ് എനിക്കിഷ്ടം. സിലിഗുറി ആണ് അടുത്ത ലക്ഷ്യം. അത് വടക്കൻ ബംഗാളിൽ നാനൂറ്റി അമ്പത് കിലോമീറ്റർ ദൂരെയാണ്. പത്തര മണിക്കൂർ സമയം കാണിക്കുന്നു. ഇന്നവിടെ വേണം രാത്രി ഉറങ്ങാൻ. മാത്രമല്ല, കാർ സർവീസ് ചെയ്യാനും സമയമായി. അതും നാളെ അവിടെത്തന്നെ നടത്തണം. സിലിഗുറിയിൽനിന്ന് വീണ്ടും വടക്കോട്ട് പോയാൽ ഡാർജിലിങ്ങും സിക്കിമുമാണ്. നേരേ കിഴക്കോട്ട് പോയാൽ അസമിന്റെ തലസ്ഥാനമായ ഗുവാഹാട്ടിയിലെത്താം.
ഇന്നലെ രാത്രി സുഹൃത്ത് ജെയിംസ് വിളിച്ചിരുന്നു. അദ്ദേഹം വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനും വനം വന്യജീവി പരിരക്ഷണ പരിഹാര മാർഗത്തിൽ ബോധിസത്വനുമാണ്. അസമിലെ ദേശീയ വനങ്ങളായ കാസിറംഗയും മാനസും യാത്രാലിസ്റ്റിലുണ്ടെന്ന് കേട്ടപ്പോൾത്തന്നെ അദ്ദേഹം ചില ഉപദേശങ്ങളും ബന്ധപ്പെടാൻ ചില പേരുകളും പറഞ്ഞുതന്നു. പറഞ്ഞുതന്ന പേരുകൾ നന്ദിപൂർവം സ്വീകരിക്കുകയും ഉപദേശങ്ങൾ തിരിച്ചേൽപ്പിക്കുകയും ചെയ്‌തു. അതൊന്നും ശ്രദ്ധിക്കാതെ, മാനസ് ദേശീയവനത്തിൽ പോകുമ്പോൾ രണ്ട് വർഷം മുമ്പ് അവിടെ നാരങ്ങ കൃഷിയുമായി ബന്ധപ്പെട്ട് തുടങ്ങിയ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി വിവരം അറിയിക്കണമെന്നു ജെയിംസ് പറഞ്ഞു. ഏറ്റു എന്നു ഞാനും പറഞ്ഞു. ജെയിംസ് തന്ന പേരുകളിലൊന്ന് ജോസിന്റേതായിരുന്നു. ജോസിനെ നേരത്തെ പരിചയമുണ്ട്. ജോസ് സനാതൻ എന്നൊരാളുടെ നമ്പർ തന്നു. അദ്ദേഹം മാനസ് ദേശീയവനത്തിന് തൊട്ടടുത്തുള്ള ഒരു ഹോംസ്റ്റേയുടെ നമ്പർ തന്നു. മാനസിൽ മൂന്ന് ദിവസത്തേക്കുള്ള സന്ദർശന പരിപാടിയും പറഞ്ഞുതന്നു. എന്നിട്ട് ആ ദിവസങ്ങളിൽ അദ്ദേഹം അവിടെ ഉണ്ടാവില്ല എന്നും പറഞ്ഞു.
നേരിയ മഴ ഇപ്പോഴും തുടരുന്നുണ്ട്. ബെഗുസരായി എത്തുന്നതിന് മുമ്പ് ഗംഗ കടക്കണം. ഇപ്പോൾ ഇവിടെ പുതിയ പാലവും ആറുവരി റോഡും പണി മുടങ്ങി നിൽക്കുകയാണ്. പഴയ റോഡിലെ ചെളിക്കുണ്ടുകളിലൂടെ കയറിയിറങ്ങിയും ഇഴഞ്ഞു നീങ്ങിയും വേണം പഴയ പാലത്തിലേക്ക് കയറാൻ. ഗംഗ മാത്രമല്ല ഏതു നദിയും ആദ്യം കണ്ണിൽപ്പെടുമ്പോൾ, അത് മനുഷ്യനെ ഒരു നിമിഷത്തേക്കെങ്കിലും നിശ്ശബ്ദനാക്കും. ഒരു നദി കണ്ടാൽ അങ്ങോട്ട് നോക്കാത്ത ആരും ഉണ്ടാവില്ല. ഒരു തീവണ്ടി കരയിൽനിന്ന് പാലത്തിലേക്ക് കയറുമ്പോൾ ഉണ്ടാകുന്ന ശബ്ദവ്യതിയാനത്തിന് പോലും ഫോണിൽനിന്ന് ജനലിലേക്ക് യാത്രികന്റെ ശ്രദ്ധ തിരിക്കാനുള്ള ശക്തിയുണ്ട്.
കിഷൻ ഗഞ്ച്, ഇസ്ലാംപുർ തുടങ്ങിയ പട്ടണങ്ങൾ കഴിഞ്ഞ് ബാഗ്ഡോഗ്രയും കഴിഞ്ഞ് വേണം സിലിഗുറി എത്താൻ. ബാഗ്ഡോഗ്രയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ പടിഞ്ഞാറാണ് ബംഗാളികൾ നൊക്ഷൊൽബാഡി എന്നും മറ്റുള്ളവർ നക്‌സൽബാരി എന്നും വിളിക്കുന്ന ഗ്രാമം. ബാഗ്ഡോഗ്രയിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം ഉണ്ടെന്ന് ഒരു ബോർഡിൽ കണ്ടു. വഴിയിൽ ട്രാഫിക് അനുനിമിഷം വർധിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളാണ് കൂടുതലും. നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും വടക്ക് ഭൂട്ടാന്റെയും ഇടയിലുള്ള നൂറ്റമ്പത് കിലോമീറ്റർ ദൂരത്തെ ഇന്ത്യൻ ഭൂപ്രദേശത്തിന്റെ വീതി ചിലയിടങ്ങളിൽ വെറും 20-‐25 കിലോമീറ്റർ മാത്രമാണ്. അസം അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കരമാർഗം പോകാനുള്ള ഏക വഴിയാണ് ചിക്കൻനെക്ക് അഥവാ സിലിഗുറി കോറിഡോർ എന്നറിയപ്പെടുന്ന ഈ ഇടവഴി. ഇവിടെ ഒരു തടസ്സമുണ്ടായാൽ ഇന്ത്യയുടെ വടക്ക് കിഴക്ക് പൂർണമായും ഒറ്റപ്പെടും. ബംഗ്ലാദേശ് കിഴക്കൻ പാകിസ്ഥാനും സിക്കിം സ്വതന്ത്ര രാജ്യവുമായിരുന്ന കാലത്തുണ്ടായിരുന്ന ഭീഷണി ഇന്ന് ചിക്കൻനെക്ക് നേരിടുന്നില്ല എന്ന് പറയപ്പെടുന്നു. എങ്കിലും ഇരുപത്തഞ്ച് കിലോമീറ്റർ വളരെ ചെറിയ ദൂരമാണെന്ന് സൈന്യത്തിനറിയാം. അതുകൊണ്ട് തന്നെ, ആർമിയും എയർഫോഴ്സും ബിഎസ്എഫും അസം റൈഫിൾസും സശസ്‌ത്രസീമാബലും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും അടക്കമുള്ള എല്ലാ സേനകളും വൻ സന്നാഹങ്ങളുമായി ഈ പ്രദേശത്തെല്ലാം കാവൽ നിൽക്കുന്നുണ്ട്. സിലിഗുറിയിലെത്തുന്നതിന് മുമ്പുള്ള ഒരു മണിക്കൂർ സമയം ഒരിക്കലും അവസാനിക്കാത്ത ഒരു ചന്തയിലൂടെ പോകുന്നതിന് സമാനമായിരുന്നു. സിലിഗുറി ടൗണിലും ചന്ത പോലെയുള്ള തിരക്കാണ്. മാത്രമല്ല, എല്ലാത്തരം വണ്ടികളും മത്സരിച്ച് ഹോണടിക്കുന്നുമുണ്ട്. ഇത്രയധികം ഹോണുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം അനുഭവിക്കുന്നത് ആദ്യമായാണ്.
നളന്ദ
ഇന്നലെ മുതൽ എനിക്ക് സുഹൃത്ദശയാണ്. ഇന്നും ചില പഴയ സുഹൃത്തുക്കൾ ചില ഭാവിസുഹൃത്തുക്കളെ കാണിച്ചുതരാനായി വിളിച്ചു. ഫോട്ടോഗ്രാഫർ കെ ആർ സുനിൽ, അരുണാചൽ പ്രദേശിലുള്ള ഫാ. ജെയ്റ്റസ് എന്നൊരു കപ്പൂച്ചിൻ അച്ചന്റെ കാര്യം പറഞ്ഞു. നല്ല അച്ചനാണെന്നും എന്ത് സഹായവും പ്രതീക്ഷിക്കാമെന്നും പറഞ്ഞു. കോട്ടയത്തുനിന്ന് കൂട്ടുകാരൻ ജപ്പാൻ വിളിച്ചിട്ട് ഗുവാഹാട്ടിയിൽ ജയരാജുണ്ടെന്നും എന്ത് സഹായവും അവിടെയും പ്രതീക്ഷിക്കാമെന്നും പറഞ്ഞു. ക്യാമറാമാൻ രാഹുൽദീപ് വിളിച്ചിട്ട് നാല് നമ്പറുകൾ തന്നു. അതിലൊന്ന് ഈ യാത്രയിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നിലേക്ക് വഴികാട്ടാൻ ഇടയായി. ഇതിനിടയിൽ മറ്റൊരു അറിയിപ്പുമായി ഓട്ടോവ്‌ളോഗർ ബൈജു എൻ നായർ വിളിച്ചു. രണ്ട് മലയാളി ഫുട്ബോൾ താരങ്ങൾ ഗ്രാമങ്ങളിലെ ഫുട്ബോൾ പ്രചാരണാർഥം ഒരു വണ്ടിയിൽ ഇന്ത്യ മുഴുവൻ കറങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ വിളിക്കുമെന്നും പറഞ്ഞു. റിനോ ആന്റോയും സി കെ വിനീതുമാണ് താരങ്ങൾ. കായികതാരങ്ങളെ അതിമാനുഷരായാണ് ഞാനെന്നും കണക്കാക്കിയിട്ടുള്ളത്. അവരെ വഴിയിലെവിടെങ്കിലും കാണാൻ കഴിഞ്ഞാൽ മഹാഭാഗ്യം.
പ്രധാന വഴിയിൽനിന്ന് അൽപ്പം ഉള്ളിലാണ് ഹോട്ടൽ ഗോൾഡൻ ഇൻ എങ്കിലും ഇതുമൊരു ഹോണടിബാധിത പ്രദേശം തന്നെയാണ്. രാത്രി വെറുതെ നടക്കാനിറങ്ങി. വലിയൊരു വ്യാപാര കേന്ദ്രമാണ് സിലിഗുറി. ഭീമാകാരമായ ഒരു സൂപ്പർ മാർക്കറ്റിനുള്ളിൽ വെറുതെ കയറിനോക്കി. അവിടുത്തെ ആൾത്തിരക്ക് അവിശ്വസനീയമാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കണം. രാവിലെമുതൽ ഗറില്ലാ ഭക്ഷണം മാത്രമാണ് ആശ്രയം. ആദ്യം കണ്ടത് ഒരു റെസ്റ്റോ ബാറാണ്. അവിടെയിരുന്ന് രണ്ട് കുപ്പി ബിയർ കുടിച്ചു. ഒരു പ്ലേറ്റ് വറുത്ത മീനും ഒരു സാലഡും കഴിച്ചപ്പോൾത്തന്നെ വയറു നിറഞ്ഞു. ഹോട്ടൽ മുറിയിലെത്തി കട്ടിലിൽ കിടന്ന് ഒരു നിമിഷത്തിനുള്ളിൽ എല്ലാ ഹോണടികളും ഒരുമിച്ചു നിലച്ചു.
മാർച്ച് 17 ഞായർ. സിലിഗുറി
രാവിലെ എട്ടരയ്‌ക്ക് ചെല്ലാനാണ് സർവീസ് സെന്റർ പറഞ്ഞതെങ്കിലും അപ്പോൾ അവിടെ സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. കുറേ ദിവസങ്ങളായി മറന്ന് കിടന്ന പ്രാതൽ എന്ന ഭക്ഷണക്രമം പെട്ടെന്ന് ഓർമ വന്നു. വണ്ടി അവിടെ ഏൽപ്പിച്ച് പ്രാതൽ നോക്കിപ്പോയി. ചെറിയൊരു കട പോലും കാണാനില്ല. കുറച്ചുകൂടി പോയപ്പോൾ പെട്ടെന്ന് ഇടത്തു വശത്ത് വലിയൊരു ഹോട്ടൽ കണ്ടു. അകത്ത് ചെന്നപ്പോൾ വിചാരിച്ചതിലും വലുതാണ്. ബ്രേക് ഫാസ്റ്റ് ബുഫെയാണ്. പിന്നൊന്നും നോക്കിയില്ല. കോ ഴിയും മുട്ടയും പന്നിയും കീവിയും പൂരിയും ബേക്ക്ഡ് ബീൻസും തുടങ്ങി അവിടെ ഉണ്ടായിരുന്ന എല്ലാ വിഭവങ്ങളേയും നിർത്താതെ ആക്രമിച്ചു. മൂന്ന് ഗ്ലാസ് ജ്യൂസ് കുടിച്ചു. ഈ ആക്രാന്തം ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു. ഇവിടെ വിദേശസഞ്ചാരികളും ടിബറ്റൻ ബുദ്ധസന്യാസിമാരും മാത്രമല്ല കോർപറേറ്റ് കൊണാണ്ടേഴ്സും ഉണ്ട്. നോക്കിയപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും സ്വന്തം പ്ലേറ്റുകളും ഫോണുകളും മാത്രമാണ് ശ്രദ്ധിക്കുന്നത്. പതിനൊന്നരയ്‌ക്ക് വണ്ടി തിരിച്ചുകിട്ടി. ഇന്നിനി വിശ്രമം മാത്രം. വസ്‌ത്രങ്ങൾ കഴുകിയും ക്യാമറയിൽനിന്ന് വേണ്ടാത്ത ചിത്രങ്ങൾ കളഞ്ഞും ഉറങ്ങിയും കാലിനെ സമാധാനിപ്പിച്ചും ബാക്കിദിവസം കഴിഞ്ഞുപോയി .(തുടരും)









0 comments