രേഖാമൂലം

1947‐ൽ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചതാര്‌?

rekhamoolam

1947 ആഗസ്തിൽ കമ്യൂണിസ്റ്റ്‌ പാർടി കേന്ദ്രക്കമ്മിറ്റി ഇറക്കിയ പ്രസ്താവനയുടെ തുടക്കം, സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌ക്കരിക്കാൻ ഹിന്ദുമഹാസഭ തീരുമാനിച്ച വാർത്ത (ദ ബോംബെ ക്രോണിക്കിൾ, ആഗസ്‌ത്‌ 10, 1947)

avatar
ശ്രീകുമാർ ശേഖർ

Published on Aug 17, 2025, 02:38 PM | 2 min read

നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയ സ്വാതന്ത്ര്യം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ട 1947 ആഗസ്‌ത്‌ 15‐ന്റെ ആഘോഷങ്ങൾ ഇന്ത്യയിൽ ഏതെങ്കിലും സംഘടന ബഹിഷ്‌കരിച്ചിരുന്നോ? പലപ്പോഴും ഈ ചോദ്യം ഉയരാറുണ്ട്. കമ്യൂണിസ്റ്റുകാർ അന്ന് കരിദിനമാചരിച്ചു എന്ന് ‘ആധികാരികമായി’ ഉത്തരം നൽകുന്നവരിൽ ചില സാംസ്‌കാരിക നായകരെ വരെ കാണാം. രേഖാമൂലം ലഭ്യമായ വിവരങ്ങൾ ഒന്നു നോക്കാം.

ആഗസ്‌തിലെ ആദ്യവാരം രാജ്യമാകെ ആവേശവും അഭിമാനവും നിറഞ്ഞ ദിനങ്ങളായിരുന്നു. ചടങ്ങ് സംബന്ധിച്ച കൂടിയാലോചനകൾ, എവിടെയൊക്കെ പതാക ഉയർത്തണം എന്ന നിർദേശങ്ങൾ, ദിനത്തിന്റെ സ്മരണ നിലനിർത്തുന്ന കൗതുകവസ്‌തുക്കളുടെ നിർമാണത്തിനുള്ള ഉത്തരവുകൾ തുടങ്ങി ഒട്ടേറെ രേഖകൾ നാഷണൽ ആർക്കൈവ്സിലുണ്ട്. അവയ്‌ക്കിടയിൽ ഈ പത്രവാർത്തയും കാണാം. 1947 ആഗസ്‌ത്‌ പത്തിലെ ‘ദി ബോംബെ ക്രോണിക്കിളി’ലെയാണ് വാർത്ത. ഹിന്ദുമഹാസഭ വർക്കിങ്‌ കമ്മിറ്റി അവരുടെ തീരുമാനം പ്രഖ്യാപിക്കുന്നു.

‘ആഗസ്‌ത്‌ 15‐ന്റെ ആഘോഷം ഹിന്ദുമഹാസഭ ബഹിഷ്‌കരിക്കും; സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും’ (Boycott of August 15 Celebrations. Hindu Mahasabha to hold Protest meetings on Independence Day) എന്നാണ് തലക്കെട്ട്.

സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌ക്കരിക്കാൻ ഹിന്ദുമഹാസഭ തീരുമാനിച്ച വാർത്ത (ദ ബോംബെ ക്രോണിക്കിൾ, ആഗസ്‌ത്‌ 10, 1947)സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌ക്കരിക്കാൻ ഹിന്ദുമഹാസഭ തീരുമാനിച്ച വാർത്ത (ദ ബോംബെ ക്രോണിക്കിൾ, ആഗസ്‌ത്‌ 10, 1947)


വാർത്തയുടെ ഉള്ളടക്കം ഇങ്ങനെ:

‘അഖിലഭാരത ഹിന്ദുമഹാസഭയുടെ വർക്കിങ് കമ്മിറ്റി ഇന്ന് രാവിലെ ഇവിടെ മൂന്ന് മണിക്കൂർ യോഗം ചേർന്നു. …സമിതി കൈക്കൊണ്ട തീരുമാനം അനുസരിച്ച് ഹിന്ദുമഹാസഭ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുകയില്ല. പകരം രാജ്യത്തെ വിഭജിച്ചതിൽ പ്രതിഷേധിച്ച് പൊതുയോഗങ്ങൾ സംഘടിപ്പിക്കും.’

‘ദേശസ്‌നേഹപരമായ’ ഈ തീരുമാനം എടുത്ത യോഗത്തിൽ ഭാരതരത്നം നൽകി ആദരിക്കണം എന്ന് സംഘപരിവാർ ഇപ്പോൾ ആവശ്യപ്പെടുന്ന വിനായക് ദാമോദർ സവർക്കറായിരുന്നു അധ്യക്ഷൻ. ബ്രിട്ടീഷുകാർക്ക് ഏഴുവട്ടം മാപ്പ് എഴുതിക്കൊടുത്ത് ആൻഡമാൻ ജയിലിൽനിന്ന് മോചിതനായ അതേ വി ഡി സവർക്കർ. ഹിന്ദുമഹാസഭയുടെ ഈ നിലപാട് തന്നെയായിരുന്നു ആർഎസ്എസിനും. അവരും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു.


സ്വാതന്ത്ര്യദിനം സംബന്ധിച്ച കമ്യൂണിസ്റ്റ് പാർടി നിലപാട് കൂടി നോക്കാം. പാർടിയ്‌ക്ക് ഇന്ത്യൻ സ്വാതന്ത്ര്യം സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാടായിരുന്നില്ല. ചൂഷണരഹിതമായ, തുല്യത നിലനിൽക്കുന്ന ഒരു സമൂഹസൃഷ്ടിക്കുവേണ്ടിയാണ് പാർടി നിലനിന്നത്. അതുവരെ പോരാടണം എന്നുതന്നെയായിരുന്നു നിലപാട്. അതുകൊണ്ട് തന്നെ 1947‐ലെ സ്വാതന്ത്ര്യദിനത്തെ ആവേശത്തോടെയാണ് പാർടി എതിരേറ്റത്.

1947 ആഗസ്‌തിൽ പാർടി കേന്ദ്ര കമ്മിറ്റി ഇറക്കിയ പ്രസ്‌താവനയുടെ തലക്കെട്ട് ‘നമുക്ക് മുന്നിലുള്ള കടമകൾ ഏറ്റെടുത്ത് മുന്നോട്ട്: ഇന്ത്യയിലെ ജനങ്ങളോട് കമ്യൂണിസ്റ്റ് പാർടിയുടെ അഭ്യർഥന' എന്നായിരുന്നു.

തുടങ്ങുന്നത് ഇങ്ങനെ: ‘നൂറ്റാണ്ടുകളായി യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്‌ത്‌ 15‐ന് ഇന്ത്യയുടെ ദേശീയപതാക പാറിപ്പറക്കും; ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾക്ക് ബ്രിട്ടീഷ് വൈസ്രോയി അധികാരം കൈമാറും; ഇപ്പോഴത്തെ ഇടക്കാല ഗവൺമെന്റ് ഭരണഘടനാ നിർമാണ സഭയോട് ബാധ്യതയുള്ള താൽക്കാലിക ഗവൺമെന്റായി മാറും; ഇന്ത്യൻ യൂണിയൻ ജന്മമെടുക്കും. ഇന്ത്യൻ ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തിലെ ചരിത്രപ്രധാനമായ നാഴികക്കല്ലായി അത് മാറും.

1947 ആഗസ്തിൽ കമ്യൂണിസ്റ്റ്‌ പാർടി കേന്ദ്രക്കമ്മിറ്റി ഇറക്കിയ പ്രസ്താവനയുടെ തുടക്കം1947 ആഗസ്തിൽ കമ്യൂണിസ്റ്റ്‌ പാർടി കേന്ദ്രക്കമ്മിറ്റി ഇറക്കിയ പ്രസ്താവനയുടെ തുടക്കം


ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയ ആഹ്ലാദത്തിന്റേതായ ആ ദിനത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയും അണിചേരും.'

ഈ ആഹ്വാനപ്രകാരം രാജ്യത്താകെ പാർടി ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുംബൈയിൽ പാർടി ആസ്ഥാനത്ത് ദേശീയപതാക പാറി. കേരളത്തിലെ പരിപാടികൾ ‘ദേശാഭിമാനി’യിലുണ്ട്‌. 1947 ആഗസ്‌ത്‌ 12 മുതലുള്ള ദേശാഭിമാനി പത്രം ലഭ്യമാണ്. അതുവരെ എട്ട് മാസമായി പത്രം നിരോധിച്ചിരിക്കുകയായിരുന്നു.


1947 ആഗസ്ത്‌ 15 ന്റെ ദേശാഭിമാനി ഒന്നാംപേജ്‌1947 ആഗസ്ത്‌ 15 ന്റെ ദേശാഭിമാനി ഒന്നാംപേജ്‌


1947 ആഗസ്‌ത്‌ 15‐ന്റെ ‘ദേശാഭിമാനി’ ഒന്നാം പേജിൽ ദേശീയപതാകയുടെ ചിത്രവും സ്വാതന്ത്ര്യദിന പ്രതിജ്ഞയുമായാണ് ഇറങ്ങിയത്. 17‐ന്റെ പത്രത്തിൽ പാർടി സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിശദമായ വാർത്തകളുമുണ്ട്.

‘14‐ന് അർധരാത്രിമുതൽ തന്നെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. നൂറുകണക്കിന് നാട്ടുകാർ പാർടി ഓഫീസിൽ രാത്രി 12 മണിക്ക് ശേഷം പതാക ഉയർത്തുന്ന കർമത്തിൽ പങ്കെടുക്കാൻ ഉറക്കമിളച്ചു കാത്തിരുന്നു. കൃത്യസമയത്ത് സ. കെ. എ. കേരളീയൻ (പൊതുരക്ഷാ നിയമത്തെ തോൽപ്പിച്ച് കഴിഞ്ഞ എട്ട് മാസക്കാലം മലബാറിലെ കൃഷിക്കാരെ ഒളിവിലിരുന്ന് നയിച്ചിരുന്ന കേരളത്തിലെ ആ കർഷകനേതാവ് എന്ന വിശേഷണം കൂടി വാർത്തയിലുണ്ട്.) പാർടി ഓഫീസിന്റെ മുന്നിൽ നാട്ടിയിരുന്ന വമ്പിച്ച കൊടിമരത്തിന്മേൽ ത്രിവർണ്ണ പതാക ഉയർത്തി.' ‐ഒരു വാർത്ത പറയുന്നു.

ഇന്ത്യ സ്വതന്ത്രമായ ശേഷം പട്ടണത്തിൽ ആദ്യ പ്രകടനം കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലായിരുന്നു എന്ന വിവരവും പത്രത്തിലുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിൽ ഒരേ ഒരു കൂട്ടരാണ് 1947 ആഗസ്‌ത്‌ 15‐ന്റെ പരിപാടികൾ ബഹിഷ്‌കരിച്ചത്. ഇന്നത്തെ സംഘപരിവാറിന്റെ മുൻമുറക്കാർ മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Home