വി എസ് എന്ന ജനനായകൻ


പിണറായി വിജയൻ
Published on Aug 04, 2025, 04:07 PM | 3 min read
പൊതുരംഗത്തുള്ളവർ നൂറു വയസ്സിന്റെ നിറവിലെത്തുന്നത് താരതമ്യേന അപൂർവമാണ്. ആ നൂറുവർഷക്കാലത്തിൽത്തന്നെ മിക്കവാറും എല്ലാ ഘട്ടത്തിലും സജീവമായി നിൽക്കുക എന്നതും അധികം സംഭവിക്കുന്ന കാര്യമല്ല. ഇത്തരത്തിലുള്ള ചില സവിശേഷതകൾ വി എസിന്റെ ജീവിതത്തിനുണ്ട്.
തികച്ചും ദരിദ്രമായ ചുറ്റുപാടുകളിൽ ജനനം. വേണ്ടത്ര തിരിച്ചറിവാകുന്നതിനു മുമ്പുതന്നെ അച്ഛന്റെയും അമ്മയുടെയും വേർപാട്. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ മുടങ്ങിപ്പോയ വിദ്യാഭ്യാസം. ജീവിതം കരുപ്പിടിപ്പിക്കാൻ പതിനൊന്നാം വയസ് മുതൽ തന്നെ അധ്വാനിക്കേണ്ടിവന്ന സ്ഥിതി. ജ്യേഷ്ഠന്റെ തയ്യൽക്കടയിലെ സഹായിയായി തുടങ്ങിയ തൊഴിൽ ജീവിതം. പിന്നീട് കയർ ഫാക്ടറി തൊഴിലാളിയായുള്ള മാറ്റം.
അങ്ങനെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയായി വി എസ് ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ആലപ്പുഴയിൽ സഖാവ് പി കൃഷ്ണപിള്ള എത്തുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം ആരംഭിക്കുന്ന കാലമായിരുന്നു അത്. തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള സംഘാടന പ്രവർത്തനങ്ങളുമായിട്ടായിരുന്നു സ. കൃഷ്ണപിള്ള എത്തിയിരുന്നത്. കൃഷ്ണപിള്ളയെ കാണാനിടയായതും, കൃഷ്ണപിള്ളയുടെ യോഗങ്ങളിൽനിന്നു ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത്.
ഫോട്ടോ: ദേശാഭിമാനി ആർക്കൈവ് അന്ന് ആലപ്പുഴയിലെ കയർ ഫാക്ടറികളെല്ലാം ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു. അവിടത്തെ കയറുൽപ്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റിയയച്ച് ലാഭം കൊയ്യുന്നത് മുതലാളിമാരായിരുന്നു. തൊഴിലാളികൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കയർ ഫാക്ടറിയിലെ തൊഴിലാളി ജീവിതത്തിൽനിന്ന് ഇത്തരം ചൂഷണത്തിന്റെ കഥകൾ വി എസിന് നേരിട്ടറിയാമായിരുന്നു. ആ ഘട്ടത്തിലാണ് പി കൃഷ്ണപിള്ളയുടെ വരവ്. കൃഷ്ണപിള്ള നൽകിയ പാഠങ്ങൾ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു വി എസിന്് കരുത്തുപകർന്നു. അതേ ഘട്ടത്തിൽത്തന്നെ വി എസ് കമ്യൂണിസ്റ്റ് പാർടി അംഗമായി മാറുകയും ചെയ്തു.
ഇതിനുശേഷമാണ് കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യവുമായി വി എസ് കുട്ടനാട്ടിലേക്ക് പോയത്. അവിടെ ജാതീയമായും തൊഴിൽപരമായും അടിച്ചമർത്തപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ പോരാട്ടങ്ങൾ നടത്തി. അവിടെ നിന്നാണ് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമാകുന്നത്. ഇത് പിന്നീട് കർഷകത്തൊഴിലാളികളുടെ ഏറ്റവും വലിയ സമരസംഘടനയായ കേരളാ സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനായും, തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനായും വളർന്നു പന്തലിക്കുകയും ചെയ്തു. ഈ അനുഭവത്തിന്റെ കരുത്തിൽനിന്നാണ് പിന്നീട് വി എസ് മത്സ്യത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ഒക്കെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ഈ ഘട്ടത്തിൽ കയർ ഫാക്ടറി തൊഴിലാളി സംഘടനകൾ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വ്യാപിച്ചു. അങ്ങനെ കയർത്തൊഴിലാളികളുടെ ദുരിതജീവിതത്തിന് പരിഹാരം തേടിയുള്ള പോരാട്ടങ്ങൾ ഉയർന്നുവന്നു. തൊഴിലാളികൾ അവരുടെ സേവന‐വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനായി സമരരംഗത്തേക്കുവന്നു. ദിവാൻ ഭരണം അവസാനിപ്പിക്കുക, പ്രായപൂർത്തി വോട്ടവകാശം നൽകുക, അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ എന്നീ മുദ്രാവാക്യങ്ങൾ കൂടി കയർത്തൊഴിലാളികൾ ഉയർത്തി. അങ്ങനെ കേവലമൊരു തൊഴിൽ സമരത്തിൽനിന്ന് അത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിലേക്ക് വളർന്നു.
ഇങ്ങനെയാണ് ഐതിഹാസികമായ പുന്നപ്ര‐വയലാർ സമരം രൂപപ്പെട്ടത്. അതിന്റെ സംഘാടന പ്രവർത്തനങ്ങളിൽ വി എസ് ഭാഗഭാക്കായിരുന്നു. സമരത്തിന്റെ ഭാഗമായി ആദ്യം വെടിവെപ്പുനടന്നത് 1946 ഒക്ടോബർ 23‐ന് പുന്നപ്രയിലായിരുന്നു. സംഘാടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയൊക്കെ പൊലീസ് തെരഞ്ഞുകൊണ്ടിരുന്നതുകൊണ്ട് പാർടിയുടെ നിർദേശപ്രകാരം വി എസ് ആ ഘട്ടത്തിൽ കോട്ടയത്തേക്കും പിന്നീട് അവിടെനിന്ന് പൂഞ്ഞാറിലേക്കും പോയി. ഇവിടെ ഒളിവിലിരിക്കുമ്പോഴാണ് അദ്ദേഹം പൊലീസിന്റെ പിടിയിലായതും, തുടർന്ന് മൂന്നാം മുറയ്ക്ക് വിധേയനായതും. പിന്നെ ഏറെനാളത്തെ ജയിൽ ജീവിതം.
ഹർകിഷൻ സിങ് സുർജിത്, പിണറായി വിജയൻ, വി എസ്, എം എ ബേബി തുടങ്ങിയവർ1956 നവംബർ ഒന്നിന് കേരളപ്പിറവി നടന്നത്, 1957 ഏപ്രിൽ 5‐ന് ലോകത്തെയാകെ വിസ്മയിപ്പിച്ചുകൊണ്ട് സ. ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയത് എന്നിവയ്ക്കെല്ലാം വി എസ് സാക്ഷിയായി. 1964‐ൽ കമ്യൂണിസ്റ്റ് പാർടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരിൽ ഒരാളായിരുന്നു അദ്ദേഹം.
1964‐65 ഘട്ടത്തിൽ സിപിഐ എം രൂപീകരണത്തെ തുടർന്ന് പാർടിയുടെ സമുന്നതരായ നേതാക്കളാകെത്തന്നെ വേട്ടയാടപ്പെട്ടതും അറസ്റ്റ് ചെയ്യപ്പെട്ടതും എല്ലാവർക്കും അറിയാമല്ലോ. അന്ന് വി എസിന് അനുഭവിക്കേണ്ടിവന്ന ജയിൽ ജീവിതത്തെക്കുറിച്ചും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടിയിരിക്കുന്നു. പിന്നീടുള്ള ഘട്ടത്തിൽ അടിയന്തരാവസ്ഥയുടെ കറുത്ത നാളുകൾ അദ്ദേഹം അതിജീവിച്ചു. മറ്റു നിരവധി നേതാക്കളെപ്പോലെ അക്കാലത്ത് വി എസും ജയിലിലായിരുന്നു. പിന്നീട് സിപിഐ എം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, എൽഡിഎഫ് കൺവീനർ, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 35 വർഷക്കാലം എംഎൽഎ ആയി പ്രവർത്തിച്ചു. പാർടി പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലയിലും അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം, സാമൂഹ്യ‐പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി. വലതുപക്ഷ ഭരണത്തിലെ അഴിമതിക്കും തെറ്റായ പ്രവണതകൾക്കുമെതിരെ രാഷ്ട്രീയമായി പ്രതിരോധമുയർത്തുന്നതിനോടൊപ്പം അവയെ നേരിടാൻ നിയമപരമായ മാർഗങ്ങളും പ്രയോഗിച്ചു. ഇക്കാര്യത്തിൽ പാർടി അദ്ദേഹത്തിനു പിന്തുണ നൽകി.
എട്ട് ദശാബ്ദത്തോളം സജീവമായി പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്നു അദ്ദേഹം. 96‐ാം വയസ്സിൽ അപ്രതീക്ഷിതമായാണ് ചില ശാരീരിക ക്ലേശങ്ങൾ ഉണ്ടായത് .
(കെ വി സുധാകരൻ രചിച്ച് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘ഒരു സമരനൂറ്റാണ്ട് ’ എന്ന പുസ്‌തകത്തിന്റെ ഒന്നാം പതിപ്പിന്റെ പ്രകാശനച്ചടങ്ങിൽ നടത്തിയ ഉദ്ഘാടന പ്രസംഗം)








0 comments