കാലം സാക്ഷി ‐ കെ വി സുധാകരൻ

ഫോട്ടോ: എ ജെ ജോജി
വെബ് ഡെസ്ക്

Published on Aug 04, 2025, 03:23 PM | 14 min read



‘‘ദുഃഖമെന്നോ സുഖമെന്നോ

വ്യത്യാസമില്ലാതെയായി

തുള്ളിത്തകർക്കും മഴയിൽ

തല്ലിത്തുലയ്‌ക്കുന്ന കാറ്റിൽ

ഏതോ വഴിയമ്പലത്തിൽ

കേറിയിരിക്കുന്ന പോലെ...’’


മുൻപൊരിക്കൽ ഒരോണക്കാലത്ത് വി എസിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ ‘കവടിയാർ ഹൗസി’ൽ ചെന്നപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഈ വരികളാണ് മനസ്സിൽ ഓടിയെത്തിയത്. പൂമുഖത്ത് വീൽചെയറിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് ധരിച്ചിരുന്ന മുഖാവരണം മാറ്റി ഞാൻ പറഞ്ഞു:

‘‘വി എസേ, ഇതു ഞാനാണ്. എങ്ങനെയുണ്ട് ആരോഗ്യസ്ഥിതി?’’

നിമിഷങ്ങൾ മിനിറ്റുകളായി മാറിയിട്ടും അദ്ദേഹത്തിൽനിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. നേരിയ ഒരു പുഞ്ചിരി മുഖത്തെവിടെയോ ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ തോന്നി. എന്തെങ്കിലുമൊന്നു കേൾക്കാൻ ആവതും ശ്രമിച്ചു. പക്ഷെ, നിരാശയായിരുന്നു ഫലം. ഏതു വിഷയത്തിലും പ്രതികരണങ്ങളും പ്രസംഗങ്ങളും പ്രതിഷേധങ്ങളുംകൊണ്ട് മലയാളിയുടെ മനസ്സിനെ ഇളക്കിമറിച്ച വേലിക്കകത്ത് അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദനെ മലയാളത്തിന്‌ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവിന്റെ നിമിഷങ്ങളായിരുന്നു അത്. പതിറ്റാണ്ടുകളോളം ചിട്ട മുറിയാതെ പരിപാലിച്ചിരുന്ന പ്രഭാതനടത്തം, യോഗാഭ്യസനം, ഇളംവെയിൽ കൊള്ളൽ– എല്ലാം അണികളുടെയും ആരാധകരുടെയും ഓർമകളിലേക്കു മടങ്ങിത്തുടങ്ങുകയായിരുന്നു. ഏതു പ്രതിസന്ധിയിലും വിട്ടുമാറാതിരുന്ന ചിരിയില്ല. തമാശ പറച്ചിൽ പോയിട്ട്, നേരിയ സംസാരം പോലുമില്ല. ആളുകളിലും ആരവങ്ങളിലും നിന്ന് വീൽചെയറിലേക്കും, ഏതുതരത്തിലും ഏതു ഭാഗത്തും ഉയർത്താനും താഴ്‍ത്താനും കഴിയുന്ന ഇലക്ട്രോണിക് സംവിധാനമുള്ള ഹോസ്‌പിറ്റൽകോട്ടിലേക്കും വി എസിന്റെ ജീവിതം ഒതുങ്ങുകയായിരുന്നു.


ഫോട്ടോ: എ ജെ ജോജിഫോട്ടോ: എ ജെ ജോജിപുന്നപ്ര–വയലാർ സമരേതിഹാസത്തിന്റെ നാളുകളിൽ (1946) രാഷ്‌ട്രീയജീവിതത്തിന്റെ പടവുകൾ കയറിത്തുടങ്ങിയ അദ്ദേഹത്തിന്റെ അവസാനപ്രസംഗവും ഈ സമരസ്മരണയുടെ വാർഷികനാളിലായത് അസാധാരണമോ, കൗതുകകരമോ ആയ ചരിത്രമായി വേണമെങ്കിൽ കാണാവുന്നതാണ്. എട്ടു പതിറ്റാണ്ടിലേറെക്കാലം രാഷ്‌ട്രീയ സദസ്സുകളെ ഇളക്കിമറിച്ച ആ ശബ്ദത്തിന്റെ മുഴക്കം നിലച്ചത് 2019 ഒക്ടോബർ 23‐ന് പുന്നപ്ര–വയലാർ 73‐ാം വാർഷിക വാരാചരണ സമ്മേളനത്തിലെ പ്രസംഗത്തിനു ശേഷമായിരുന്നു. അന്നുരാത്രി തിരുവനന്തപുരത്തേക്കു മടങ്ങിയ വി എസ് ഒക്ടോബർ 26‐ന് വീണ്ടും പുന്നപ്രയിലേക്കു പോകാൻ മാനസികമായി തയ്യാറെടുത്തിരുന്നതാണ്. തൊട്ടുപിറ്റേദിവസം (ഒക്ടോബർ 27) പുന്നപ്ര–വയലാർ വാരാചരണ പരിപാടികളുടെ സമാപനദിവസം വയലാർ രക്തസാക്ഷിമണ്ഡപത്തിലേക്കു കൊണ്ടുപോകുന്ന ദീപശിഖ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കൊളുത്തിക്കൊടുക്കുന്നത് വി എസ് ആയിരുന്നു. 1947 മുതലുള്ള പുന്നപ്ര–വയലാർ വാരാചരണ പരിപാടികളുടെ സമാപനദിവസം ഈ ചടങ്ങ് നിർവഹിച്ചുകൊണ്ടിരുന്നത് വി എസ് ആയിരുന്നു. 2018 ഒക്ടോബർ വരെയുള്ള 72 വർഷവും അദ്ദേഹം അത് ഭംഗം കൂടാതെ നിർവഹിച്ചു. പക്ഷെ 2019 ഒക്ടോബർ 24‐ന് രാത്രി തലച്ചോറിൽ നേരിയ രക്തസ്രാവമുണ്ടായി. ഏറെ താമസിയാതെ അദ്ദേഹത്തിന്റെ സ്വന്തം ഡോക്ടറായ ഹൃദ്രോഗവിദഗ്ധൻ ഡോ. ഭരത്ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൊച്ചുള്ളൂരിലെ എസ്‌യുടി റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. 25‐ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. തീവ്രപരിചരണവിഭാഗത്തിലെ കർക്കശ ചിട്ടകൾകൊണ്ട് വി എസിനെ നേരിട്ടു കാണാതെ, മുഖ്യമന്ത്രി, കുടുംബാംഗങ്ങളോട് വിവരങ്ങൾ അ‌ന്വേഷിച്ചു തിരിച്ചുപോയി. ഇതിനിടയിൽ വി എസിന്റെ വലതുവശം നേരിയതോതിൽ തളർന്നതായി ഡോക്ടർമാർക്കു മനസ്സിലായി. വലതുകയ്യിന്റെയും കാലിന്റേയും ചലനശേഷി കുറഞ്ഞു. കൂടുതൽ കാര്യമായ ചികിത്സയും പരിചരണവും അനിവാര്യമാണെന്നു ബോധ്യമായ ഡോക്ടർമാർ ഉടൻ അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റുകയായിരുന്നു. ശ്രീചിത്രയിൽ 12 ദിവസം നീണ്ടുനിന്ന ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. പക്ഷെ, പക്ഷാഘാതം കാര്യമായി ഭേദപ്പെട്ടില്ല. ഇതുമൂലം പിന്നീട് ജീവിതം വീടിന്റെ നാലതിരുകൾക്കുള്ളിൽ തളയ്‌ക്കപ്പെടുകയായിരുന്നു. എന്നാലും കൂടെയുള്ളവർ സ്ഥിരമായി പത്രം വായിച്ചുകൊടുക്കും. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ വിശദീകരിക്കുകയും ചെയ്യുമായിരുന്നു. എല്ലാം മൗനമായി അദ്ദേഹം കേട്ടുകൊണ്ടിരുന്നു.

2020 ആയപ്പോൾ കോവിഡ് രോഗത്തിന്റെ ആധികൾ നാട്ടിലെങ്ങും വ്യാപകമായി. എന്നും അസാധാരണ മനോബലവും ധീരതയും കൈമുതലായ വി എസിനെ തൊടാൻ രണ്ടുവർഷത്തോളം കോവിഡിന് ധൈര്യമുണ്ടായില്ല. ഒടുവിൽ ഒമൈക്രോൺ ബാധയുടെ നാളുകളിൽ കോവിഡും പിടികൂടി. 99‐ാം വയസ്സിലും അദ്ദേഹം സമയബന്ധിതമായി രണ്ടു വാക്‌സിനും സ്വീകരിച്ചു. തുടർന്ന് ബൂസ്റ്റർ ഡോസും. കോവിഡ് കൂടി വ്യാപകമായതോടെ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. ഏറെ പ്രിയപ്പെട്ടവർക്കുപോലും അദ്ദേഹത്തെ കാണാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടയിൽ ഇടയ്‌ക്കൊക്കെ രക്തത്തിലെ സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിൻ എന്നിവയിലുണ്ടായ വ്യതിയാനം ആരോഗ്യസ്ഥിതിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. ഇത് സ്വാഭാവികമായും ഓർമകളുടെയും സംസാരത്തിന്റെയും നൂലിഴകളെ മുറിച്ചുകളഞ്ഞുതുടങ്ങി. അത്തരമൊരു സന്ദർഭത്തിലാണ്, നേരത്തെ ചുള്ളിക്കാടിന്റെ വരികളെ ഓർമിപ്പിക്കുന്ന നിലയിൽ വി എസിനെ കാണേണ്ടിവന്നത്.


ജീവിതം മൊത്തം പൊരുതിമുന്നേറിയ കഥയാണ് വി എസ്‌ നമുക്ക് സമ്മാനിച്ചത്. ദുരിതങ്ങളോടും സങ്കടങ്ങളോടും അനാഥത്വത്തിലേക്കു തള്ളിവിട്ട ബാല്യകാല സംത്രാസങ്ങളോടും സന്ധിയില്ലാതെ പോരാടിയായിരുന്നു ആ ജീവിതം ഓരോ ഉയരങ്ങളും കീഴടക്കിയത്. ജനിച്ചത് തികച്ചുമൊരു സാധാരണ കുടുംബത്തിൽ. പുന്നപ്ര പഞ്ചായത്തിലെ വെന്തലത്തറ ശങ്കരൻ–അക്കാമ്മ ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ എല്ലാവിധ സാമൂഹ്യ പ്രശ്ന സങ്കീർണതകളും ആടിത്തിമിർക്കുന്ന സ്ഥലവും കാലവുമായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന ബാലനെ വരവേറ്റത്. സാമൂഹ്യമായ ഉച്ചനീചത്വത്തിന്റേയും സാമ്പത്തികമായ ഇല്ലായ്മകളുടേയും ദുരിതകാന്താരങ്ങളിലൂടെയായിരുന്നു ബാല്യകൗമാരങ്ങൾ നടന്നു മുന്നേറിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ മരണം. വസൂരിരോഗം പിടിപെട്ട് അകാലത്തിൽ മരിച്ച അമ്മയെ വീടിനുമുന്നിലെ തോടിന്റെ മറുകരയിൽനിന്ന് നോക്കിക്കാണാനേ അച്യുതാനന്ദൻ എന്ന ബാലനു കഴിഞ്ഞുള്ളൂ. അക്കാലത്ത് വസൂരി മനുഷ്യരാകെ അത്യന്തം ഭയത്തോടെ കണ്ടിരുന്ന മഹാമാരി തന്നെയായിരുന്നു. മൂന്നുവർഷംകൂടി കഴിഞ്ഞപ്പോൾ അച്ഛനും ഓർമയായി. അന്ന് അച്യുതാനന്ദൻ ഏഴാം ക്ലാസിലേ എത്തിയിരുന്നുള്ളൂ.

അച്ഛന്റെയും അമ്മയുടെയും വേർപാട് ജീവിതംതന്നെ പ്രതിസന്ധിയിലാക്കി. പഠനത്തിന് ബ്രേക്കിടേണ്ടിവന്നു. അമ്മാവന്മാരുടെ സഹായം കൊണ്ടായിരുന്നു പിടിച്ചുനിന്നത്. സ്വന്തം കാലിൽ നിൽക്കണമെന്ന മോഹം കലശലായി. അങ്ങനെയാണ് പുന്നപ്ര പറവൂർ ജങ്‌ഷനിലെ ജ്യേഷ്ഠൻ ഗംഗാധരന്റെ ജൗളിക്കടയിൽ സഹായിയായി എത്തുന്നത്. സമീപത്തെ കയർ ഫാക്ടറി തൊഴിലാളികൾ ഇവിടെ തയ്‌ക്കാൻ വരുമായിരുന്നു. അവരുമായുള്ള ചങ്ങാത്തം അച്യുതാനന്ദനെ അടുത്തുള്ള ആസ്‌പിൻവാൾ കമ്പനിയിൽ എത്തിച്ചു. പട്ടാളക്കാർക്കുള്ള ടെന്റ് തയ്‌ക്കുന്ന ജോലിയായിരുന്നു കയർ ഫാക്ടറി തൊഴിലാളി എന്ന നിലയിലുള്ള തുടക്കം. ഇവിടെനിന്ന് ദിവസക്കൂലിയായി ലഭിക്കുന്ന ഒരു ചക്രംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയി. അന്നത്തെ 28 ചക്രം ഇപ്പോഴത്തെ ഒരു രൂപയ്ക്കു തുല്യമാണ്. കയർ ഫാക്ടറി തൊഴിലാളിയായുള്ള ജീവിതം ട്രേഡ്‍ യൂണിയൻ പ്രസ്ഥാനത്തെയും അതുവഴി രാഷ്‌ട്രീയ പ്രശ്നങ്ങളെയും സംബന്ധിച്ച ധാരണ രൂപപ്പെടുത്തി. ആർ സുഗതനായിരുന്നു അന്ന് കയർ ഫാക്ടറി തൊഴിലാളി യൂണിയൻ സെക്രട്ടറി. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കയർ ഫാക്ടറികൾ സജീവമായ കാലം. 1859‐ൽ ജെയിംസ് ഡാറ എന്ന ബ്രിട്ടീഷുകാരൻ ആലപ്പുഴയിലെത്തി ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മിൽ) സ്ഥാപിച്ചു. ഇതിന്റെ ചുവടുപിടിച്ച് പിന്നീട് ആസ്‌പിൻവാൾ, ഗുഡേക്കർ, പിയേഴ്സ് ലെസ്ലി എന്നിങ്ങനെയുള്ള നിരവധി ബ്രിട്ടീഷ് കമ്പനികളും സ്ഥാപിക്കപ്പെട്ടു. ഈ കമ്പനികളിലായി അമ്പതിനായിരത്തിലേറെ തൊഴിലാളികൾ പണിയെടുത്തിരുന്നു. അവരിൽ ഒരാളായി അച്യുതാനന്ദനും മാറി.


പുന്നപ്ര‐വയലാർ രക്തസാക്ഷി മണ്ഡപത്തിൽ  ദീപശിഖ കൊളുത്തിയ ശേഷം വി എസ്‌ പുന്നപ്ര‐വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ദീപശിഖ കൊളുത്തിയ ശേഷം വി എസ്‌ 20‐ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കയർ ഫാക്ടറി തൊഴിലാളികൾ സംഘടിച്ചു തുടങ്ങുന്ന കാലമായിരുന്നു. 1922 മാർച്ച് 31‐ന് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന പേരിലുള്ള സംസ്ഥാനത്തെ ആദ്യ ട്രേഡ‍്‍ യൂണിയൻ ആലപ്പുഴയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. 1930‐കളുടെ അവസാനത്തോടെ കയർ ഫാക്ടറി തൊഴിലാളി സംഘടന ശക്തമായി. ടി വി തോമസ് പ്രസിഡന്റും ആർ സുഗതൻ സെക്രട്ടറിയുമായുള്ള യൂണിയനിൽ സജീവമായി. പി കൃഷ്ണപിള്ളയുടെ സന്ദർശനം കയർ ഫാക്ടറി തൊഴിലാളികൾക്ക് സംഘടനാപരമായ കരുത്തു മാത്രമല്ല, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവും പകരുന്ന സ്ഥിതിയുണ്ടാക്കി. ഇതിന്റെയെല്ലാം സ്വാധീനവലയത്തിലായിരുന്നു അച്യുതാനന്ദനിലെ കമ്യൂണിസ്റ്റ് രൂപപ്പെട്ടു തുടങ്ങിയത്. പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലത്ത് അധിക്ഷേപം ചൊരിഞ്ഞ സവർണ ബാലനെ അരഞ്ഞാണമൂരി അടിച്ച ചരിത്രമുണ്ട് അച്യുതാനന്ദൻ എന്ന ബാലന്. അങ്ങനെയുള്ള ഒരാൾക്ക്‌ അനീതികൾക്കെതിരെ പോരാടുകയെന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന ഭാവമാണ്. അതുകൊണ്ടുതന്നെ തൊഴിലാളിരംഗത്തെ ചൂഷണത്തിനെതിരെ തിരുവിതാംകൂറിൽ നടത്തിയ 1938‐ലെ കയർ തൊഴിലാളി പണിമുടക്ക് ട്രേഡ്‍ യൂണിയൻ സമരത്തിന്റെയും കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിന്റെയും ആദ്യ ചുവടുകളായിരുന്നു.

ഒറ്റപ്പെട്ടു നടത്തിയ സമരങ്ങൾക്ക് 1946 ആയതോടെ കൂടുതൽ സംഘടിതരൂപം കൈവന്നു. അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ കയർ ഫാക്ടറി തൊഴിലാളികൾ ആരംഭിച്ച സമരമായിരുന്നു പുന്നപ്ര–വയലാർ സമരമായി വളർന്നതും നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ദിവാൻ പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിക്കാൻ ഇടയാക്കിയതും. പുന്നപ്രയിലെ സമരത്തിന് പൊലീസും പട്ടാളവുമായി ഏറ്റുമുട്ടേണ്ടിവരുന്ന ഘട്ടത്തിൽ തൊഴിലാളികളെ അതിനു പ്രാപ്തരാക്കാൻവേണ്ടി സ്ഥാപിച്ച ക്യാമ്പുകളിൽ ഒന്നിന്റെ ചുമതലക്കാരനായിരുന്നു അച്യുതാനന്ദൻ. 1946 ഒക്ടോബർ 23‐ന്റെ പുന്നപ്രയിലെ പൊലീസ് വെടിവെപ്പിനു തലേദിവസം ആലിശേരി മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ സമരാഹ്വാനം നടത്തിയതിന്റെ പേരിൽ 23‐കാരനായ അച്യുതാനന്ദന് ഒളിവിൽ പോകേണ്ടിവന്നു. അന്ന് കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായിരുന്ന കെ വി പത്രോസിന്റെ നിർദേശപ്രകാരമാണ് കോട്ടയത്തേക്ക് ഒളിവിൽ പോയത്. കോട്ടയം ജില്ലാ സെക്രട്ടറി സി എസ് ഗോപാലപിള്ളയ്‌ക്കുള്ള കത്തുമായി കോട്ടയത്തെത്തിയ അച്യുതാനന്ദനെ, ഗോപാലപിള്ള പൂഞ്ഞാറിലേക്ക് അയച്ചു. പൂഞ്ഞാറിൽ ഒളിവിൽ കഴിയുമ്പോൾ പൊലീസിന്റെ ഏജന്റുമാർ ഒറ്റിക്കൊടുത്തു. പിടിയിലായതിനെ തുടർന്ന് പൂഞ്ഞാർ ലോക്കപ്പിൽ കൊണ്ടുവന്നു ഭീകരമായി പൊലീസ് മർദിച്ചു.

തുടർന്ന്, പുന്നപ്ര–വയലാർ സമരവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ആദ്യം ആലപ്പുഴ സബ്‍ജയിലിലും പിന്നീട് ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും കഴിയേണ്ടിവന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമാണ് ജയിൽമോചിതനായത്. 1948–ൽ കൽക്കട്ട തിസീസിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് വീണ്ടും ജയിലിലായി. 1952‐ൽ പാർടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി. ഇതിനിടയിൽ ഐക്യകേരളത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. 1957‐ൽ കമ്യൂണിസ്റ്റ് പാർടി തെരഞ്ഞെടുപ്പിൽ ജയിച്ച് ഇ എം എസ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്ന ഘട്ടത്തിൽ പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, 1959‐ൽ പാർടി കേന്ദ്രകമ്മിറ്റി അംഗം. 1964‐ൽ കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായി. സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ, എംഎൽഎ, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ എന്നിങ്ങനെ രാഷ്‌ട്രീയ ഭരണ രംഗങ്ങളിലെ ഏതാണ്ട് എല്ലാ പദവികളിലും സ്വന്തം സാന്നിധ്യം സവിശേഷമായി അടയാളപ്പെടുത്തി.


ഒരു കുട്ടനാടൻ വീരഗാഥ

കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിതശക്തിയായി വളർത്തിയെടുക്കുന്നതിലായിരുന്നു ആദ്യകാലത്ത് അദ്ദേഹത്തിന്റെ നേതൃപാടവം കൂടുതൽ പ്രകടമായത്. 1940‐കളുടെ തുടക്കം. അന്ന് വി എസിന് 20 വയസ്സുപോലുമായിരുന്നില്ല. കയർ ഫാക്ടറി തൊഴിലാളികളുടെ സംഘടനാപ്രവർത്തനത്തിൽനിന്നും ലഭിച്ച ഊർജവും പി കൃഷ്ണപിള്ളയുടെ ഉപദേശ നിർദേശങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് കുട്ടനാട്ടിലേക്ക് യാത്രയായത്.

എട്ടു പതിറ്റാണ്ടിനുമുമ്പുള്ള കുട്ടനാട് രൂപത്തിലും ഭാവത്തിലും കാർഷിക സംസ്‌കാരത്തിലും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ ആറുകളുടെയും വേമ്പനാട്ടു കായലിന്റെയും പിന്നെ അസംഖ്യം തോടുകളുടെയും കൈത്തോടുകളുടെയും ജലസമൃദ്ധിയിലാണ്ട പ്രദേശം. സമുദ്രനിരപ്പിൽനിന്ന് മൂന്നുമീറ്റർ വരെ താഴ്‌ന്ന ഭൂപ്രദേശം. റോഡുകളും പാലങ്ങളും തീരെയില്ല. യാത്രയ്ക്ക് ബോട്ടുകളോ ചെറുവള്ളങ്ങളോ മാത്രം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായൽനിലങ്ങൾ. ഈ നിലങ്ങളുടെ മധ്യത്തിൽ ഒരാൾക്കുമാത്രം നടന്നുപോകാവുന്ന വരമ്പുകളിലൂടെ വേണം കുട്ടനാട്ടിൽ എവിടെയും സഞ്ചരിക്കാൻ. അതിനിടയിൽ ചാലുകൾ ചവിട്ടിയും തോടുകൾ നീന്തിക്കയറിയും ‘കല്ലു കരടു മൂർഖൻ പാമ്പുകൾക്കിടയിലൂടെ’യായിരുന്നു പലയിടങ്ങളിലും എത്തിച്ചേരാൻ കഴിയുക! കാലവർഷത്തിന്റെ നാളുകളിൽ പമ്പയിലൂടെയും അച്ചൻകോവിലാറിലൂടെയും മണിമലയാറിലൂടെയും കുലംകുത്തിപ്പായുന്ന വെള്ളം മുഴുവൻ വന്നടിയുന്നത് കുട്ടനാടിന്റെ മടിത്തട്ടിലേക്കാണ്. അതുകൊണ്ടുതന്നെ എല്ലാ കാലവർഷനാളുകളിലും കുട്ടനാട്ടിൽ വെള്ളപ്പൊക്കം സാധാരണ സംഭവമാണ്. പഴമക്കാരുടെ ഓർമകളിലെ ‘99ലെ വെള്ളപ്പൊക്കവും (1924), പിന്നീട് 2018ലെ വെള്ളപ്പൊക്കവും അസാധാരണമായിരുന്നു എന്നുമാത്രം.


ടി വി തോമസ്‌ ടി വി തോമസ്‌ കുട്ടനാട്ടിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും കർഷകത്തൊഴിലാളികളായിരുന്നു. ജന്മിമാർ, കായൽ രാജാക്കന്മാർ എന്നറിയപ്പെട്ടിരുന്ന മുരിക്കനേയും മങ്കൊമ്പിൽ സ്വാമിമാരെയും പോലുള്ളവരായിരുന്നു. (മങ്കൊമ്പിൽ സ്വാമിമാരുടെ കുടുംബത്തിൽപ്പെട്ടയാളാണ് പിൽക്കാലത്ത് വിശ്രുത കാർഷിക ശാസ്‌ത്രജ്ഞനായി മാറിയ എം എസ് സ്വാമിനാഥൻ.) ആയിരക്കണക്കിനു പറ നെല്ലു വിളയിക്കുന്ന റാണി, ചിത്തിര, മാർത്താണ്ഡം എന്നിങ്ങനെയുള്ള വിശാലമായ പാടശേഖരങ്ങളെല്ലാം ഈ കായൽ രാജാക്കന്മാരുടെ കൈവശമായിരുന്നു. കായലിൽ കൃഷി സാധ്യമാക്കുന്നതിനുവേണ്ടി രാജാവ് നൽകിയതായിരുന്നു ഈ കായൽനിലങ്ങൾ. രാജാവിനോടുള്ള ആദരസൂചകമായാണ് റാണി, ചിത്തിര, മാർത്താണ്ഡം തുടങ്ങിയ പേരുകൾ വന്നത്. കായൽ രാജാക്കന്മാരിൽനിന്ന് പാട്ടത്തിനും വാരത്തിനും നിലമെടുത്ത് കൃഷി ചെയ്യുന്നവരായിരുന്നു കർഷകരിൽ ഏറെയും. കർഷകത്തൊഴിലാളികളാകട്ടെ, സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാതെ ജന്മിമാരുടെ ആശ്രിതത്വം സ്വീകരിച്ച്, അവരുടെ വയലുകളിൽ പണിയെടുത്ത്, അവർ നൽകിയ കുടികിടപ്പു ഭൂമിയിൽ കുടിൽ കെട്ടി ജീവിക്കുന്നവരായിരുന്നു. ജന്മിമാർക്ക് അനിഷ്ടം തോന്നിയാൽ ഏതു പാതിരാവിലും കുടിയിറക്കലിന്‌ വിധേയരാകേണ്ടി വരുമായിരുന്നു പാവപ്പെട്ട കർഷകത്തൊഴിലാളികൾ. (1948ൽ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ ഈ കർഷകത്തൊഴിലാളികളുടെ ദുരന്തജീവിതം വരച്ചു കാട്ടുന്ന നോവലാണ്.)


ഇ എം എസ്‌ ഇ എം എസ്‌ രണ്ടുതരത്തിലുള്ള വിവേചനത്തിനും ചൂഷണത്തിനും വിധേയരായവരായിരുന്നു കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ. ഒന്ന്, ജാതി അടിമത്തം. രണ്ടാമത്തേത്, കൂലി അടിമത്തം. ഒരു തരത്തിലുമുള്ള സമയക്രമമോ, കൂലി–വേല വ്യവസ്ഥകളോ പാലിക്കപ്പെട്ടിരുന്നില്ല. ജന്മിമാർ പറയുന്നതുപോലെ പണി ചെയ്‌തുകൊള്ളണം. തോന്നിയതുപോലെ കൂലി നൽകും. അതും പണമായല്ല, നെല്ലളക്കുമ്പോൾ ‘പത’മായിട്ട്. ജോലിക്ക് കൂലി പണമായി നൽകുന്നതിനുപകരം, ജന്മിമാർ വിളവെടുത്ത നെല്ലിന്റെ ഒരു പങ്ക് തൊഴിലാളിക്കു നൽകും. ഇതാണ് ‘പതം.’ പത്ത് പറ നെല്ല് അളന്നാൽ ഒരു പറ ‘പത’മായി തൊഴിലാളിക്കു ലഭിക്കും. പണിയെടുക്കുന്നതിൽ വീഴ്‌ച സംഭവിച്ചാലോ, കൂലിക്കൂടുതൽ ചോദിച്ചാലോ, ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. പൊലീസും കോടതിയും നിയമ നടപടികളുമൊക്കെ ജന്മിമാർ പറയുന്നതു തന്നെയായിരുന്നു.

ഇത്തരം ദുരിതവാരിധിയുടെ നടുവിലേക്കാണ് കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ദൗത്യവുമായി വി എസ് എത്തുന്നത്. അവിടെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അഴുക്കുചാലുകളിലൂടെ നീന്തിയും നിരങ്ങിയുമാണ്, കർഷകത്തൊഴിലാളികൾ പണിയെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് കായലരികിൽ കെട്ടിയുയർത്തിയ വിശാലമായ ‘പന്ത’ (പന്തൽ)കളിൽ പോയിരുന്നത്. കാവാലം ചെറുകര ക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ താമസിച്ചായിരുന്നു പ്രവർത്തനം. ക്ഷേത്രത്തിലെ പൂജാരി നൽകുന്ന വിഭവങ്ങളായിരുന്നു പ്രഭാതഭക്ഷണത്തിന്. ആകെയുണ്ടായിരുന്നത് രണ്ടു ജോഡി മുണ്ടും ജുബ്ബയും. 20 വയസ്സിനു മുമ്പുതന്നെ ദേഹത്ത് കയറിക്കൂടിയ ജുബ്ബ പിന്നീട് ഒരിക്കലും തന്നെ വിട്ടുപോയിട്ടില്ലെന്ന് വി എസ് തന്നെ പറഞ്ഞിട്ടുണ്ട്. നൂറുകണക്കിനു കർഷകത്തൊഴിലാളികൾ ഒത്തുകൂടുന്ന പന്തകളിൽ നടത്തുന്ന യോഗങ്ങളിൽ കർഷകത്തൊഴിലാളികളുടെ കൂലിയും വേലയും സംബന്ധിച്ചു മാത്രമല്ല, അഭിമാനകരമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിക്കുമായിരുന്നു. കോളാമ്പിപോലുള്ള മെഗഫോണിലൂടെയായിരുന്നു പ്രസംഗങ്ങൾ. തൊഴിലാളികളുടെ ദുരിതജീവിത പ്രശ്നങ്ങൾക്കൊപ്പം, സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നടത്തിവന്ന മർദകഭരണത്തിനെതിരായ വികാരം സൃഷ്ടിക്കുന്നതിനു സഹായകമായ കാര്യങ്ങളും പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.


     ഫോട്ടോ: ദേശാഭിമാനി ആർക്കൈവ്‌ ഫോട്ടോ: ദേശാഭിമാനി ആർക്കൈവ്‌ കുട്ടനാട്ടിൽ കാവാലത്തും കൈനകരിയിലും മങ്കൊമ്പിലും ചമ്പക്കുളത്തും എടത്വയിലുമൊക്കെ ഇത്തരത്തിൽ നിരവധി യോഗങ്ങൾ സംഘടിപ്പിച്ചു. അത് അവസാനം തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ എന്ന സംഘടനയുടെ രൂപീകരണത്തിൽ എത്തിച്ചേർന്നു. സംഘടനാരൂപം കൈവന്നതോടെ, പ്രവർത്തനങ്ങൾക്കും വിലപേശലിനും കൂടുതൽ ശക്തി ലഭിച്ചു. ഇതിന്റെ ഫലമായി അതുവരെ നിലനിന്നിരുന്ന കർഷകത്തൊഴിലാളികളുടെ കൂലി ‘പത്തിലൊന്ന് പതം’ എന്നത് ‘ആറിലൊന്ന് പതം’ എന്നാക്കിമാറ്റാൻ കഴിഞ്ഞു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പിന്നീട് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനായി (കെഎസ്‌കെടിയു). കേരളത്തിലെ ഏറ്റവും കരുത്തുറ്റ സംഘടിത കർഷകത്തൊഴിലാളി പ്രസ്ഥാനമായി കെഎസ്‌കെടിയു വളരുകയും ചെയ്‌തു.


കമ്യൂണിസ്റ്റ് പാർടി നേതാവ്

ഔപചാരിക പ്രായപരിധി എത്തുത്തിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടിയിൽ അംഗത്വം നേടാൻ വി എസിന്‌ കഴിഞ്ഞിരുന്നു. 1940ൽ 17–ാം വയസ്സിലായിരുന്നു അത്. പ്രവർത്തനത്തിലെ മികവു പരിഗണിച്ച് പി കൃഷ്‌ണപിള്ളയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 18 വയസ്സു തികയുന്നതിനുമുമ്പേതന്നെ പാർടി അംഗത്വം ലഭിച്ചതെന്ന് വി എസ് ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.

ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വിപ്ലവപ്രവർത്തനത്തിലേക്കുള്ള കേവലമായ എടുത്തുചാട്ടമായിരുന്നില്ല വി എസ് നടത്തിയത്; ജനിച്ചുവീണ മണ്ണും വളർന്നുവന്ന സാഹചര്യങ്ങളും മനസ്സിൽ സൃഷ്ടിച്ചത്‌ ധർമസങ്കടങ്ങളും സംഘർഷങ്ങളുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ തിരുവിതാംകൂറിലെ കുഗ്രാമമായ പുന്നപ്രയിലായിരുന്നു ജനനം. ഉൾപ്രദേശത്തെ തോട്ടിൻകരയിലെ വെന്തലത്തറ വീട്ടിൽ. യഥാർഥത്തിൽ അച്യുതാനന്ദന്റെ ഇനിഷ്യലുകളുടെ വികസിതരൂപം വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം സഹോദരൻ ഗംഗാധരനിൽനിന്ന് വിലകൊടുത്തു വാങ്ങിയതാണ് ഇപ്പോഴത്തെ വേലിക്കകത്ത് പുരയിടം. രാഷ്‌ട്രീയ നേതാവ് എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയപ്പോൾമുതൽ അദ്ദേഹം താമസിച്ചുപോന്നത് ഇപ്പോൾ പുന്നപ്ര വടക്കു പഞ്ചായത്തിൽപ്പെട്ട വേലിക്കകത്തു വീട്ടിലാണ്. അങ്ങനെയാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നും, പിന്നീട് വി എസ് അച്യുതാനന്ദൻ എന്നും ഒടുവിൽ വി എസ് എന്നും അറിയപ്പെട്ടുവന്നത്.

ജാതീയമായ ഉച്ചനീചത്വങ്ങളും അത് അടിച്ചേൽപ്പിച്ച ദുരിതജീവിതവും തിരുവിതാംകൂറിലെ സാധാരാണ മനുഷ്യരുടെ കൂടെപ്പിറപ്പായിരുന്നു. ഇതിന്റെ അനുബന്ധമായിരുന്നു പട്ടിണിയും പരിവട്ടവും. വസൂരി പോലുള്ള മഹാമാരികളും ഇടയ്ക്കിടയ്ക്ക് പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിലെ പേടിസ്വപ്‌നങ്ങളായിരുന്നു. ഇതിന്റെയെല്ലാം ദുരന്തങ്ങൾ നേരിടേണ്ടിവന്നത് താഴേക്കിടയിലുള്ള മനുഷ്യർ. അവരായിരുന്നു ബഹുഭൂരിപക്ഷവും. വിരലിലെണ്ണാവുന്ന മുതലാളിമാരെയും ജന്മിമാരെയും ഈ വക ഇല്ലായ്‌മകളും വല്ലായ്‌മകളും ഒരിക്കലും അലട്ടിയിരുന്നില്ല. മുതലാളിമാരും ജന്മിമാരും രാജാവിന്റേയും ദിവാന്റേയും അധികാരവൃന്ദത്തിന്റേയും ആശ്രിതർ. അതുകൊണ്ടുതന്നെ അധികാരികളിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളുടേയും സംരക്ഷണത്തിന്റേയും സുരക്ഷിതവലയം അവർക്കു ചുറ്റുമുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം പതിച്ചു കിട്ടിയ കായൽനിലങ്ങൾ. ദാനമായി ലഭിക്കുന്ന ഭൂമിയും വസ്‌തുവകകളും വേറെയും. ഇവരെല്ലാം പാവപ്പെട്ട മനുഷ്യരെക്കൊണ്ടു പണിയെടുപ്പിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്‌തുകൊണ്ടായിരുന്നു കൊഴുത്തു തടിച്ചിരുന്നത്. എത്രയേറെ കഷ്ടപ്പെട്ട് പണിയെടുത്താലും മുതലാളിക്കും ജന്മിക്കും ഇഷ്ടമുള്ള കൂലി മാത്രമായിരിക്കും നൽകുക. കൂലിക്കുറവിനെപ്പറ്റി ചോദിക്കുകയോ പറയുകയോ ചെയ്‌താൽ ജന്മിമാരുടെയും മുതലാളിമാരുടെയും ഗുണ്ടകളുടെ പൊതിരെ തല്ലുകിട്ടും. ഇതിനെല്ലാം കൂട്ടുനിൽക്കാൻ ദിവാന്റെ പൊലീസും ഉണ്ടാകും.


വി എസ്‌ ഒരു പ്രസംഗവേദിയിൽ വി എസ്‌ ഒരു പ്രസംഗവേദിയിൽ അവർണർ എന്നു കൽപ്പിക്കപ്പെട്ടിരുന്നവർക്ക് പൊതുസ്ഥലങ്ങളിലേക്കു വരാൻ കഴിയാത്ത അവസ്ഥ. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യംപോലും തുലോം പരിമിതം. സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ വിവേചനങ്ങളുടെ അടയാളങ്ങളും അനുഭവങ്ങളുമായിരുന്നു എവിടെയും. കണ്ടും അനുഭവിച്ചും പരിചിതമായ ഈ ദുരിതജീവിതമാണ് വി എസിലെ പോരാളിയെ പരുവപ്പെടുത്തിയത്. അങ്ങനെ അദ്ദേഹം ‘ജീവിതം യൗവന തീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായ കാലം’ വിപ്ലവപ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആടയാഭരണങ്ങൾ ഉടുപ്പിൽ തുന്നിച്ചേർക്കാനായിരുന്നില്ല അദ്ദേഹം ശ്രമിച്ചത്. ജീവിതത്തിന്റെ അതിരും പതിരും നൽകിയ പാഠങ്ങളിൽനിന്ന് പുതിയ ഒരു ജീവിതത്തിന്റെ ഊടും പാവും എങ്ങനെ നെയ്‌തെടുക്കാനാവും എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അവിടെ തന്റെ സ്വകീയമായ ജീവിതം ഭദ്രമാക്കുകയെന്ന കേവല സ്വപ്‌നമായിരുന്നില്ല വി എസിനെ ഭരിച്ചത്. ‘‘പ്രിയമപരന്റെയതെൻ പ്രിയം സ്വകീയ/ പ്രിയമപരപ്രിയമിപ്രകാരമാകും നയം’’ എന്ന ശ്രീനാരായണഗുരുവിന്റെ ദർശനം ഓർമിപ്പിക്കുന്ന മട്ടിലുള്ള പ്രവർത്തനങ്ങളാണ് ആവശ്യം എന്നദ്ദേഹം തിരിച്ചറിഞ്ഞു. ഗുരുദർശനങ്ങൾ ആദ്യകാലങ്ങളിൽത്തന്നെ മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇതു സാധ്യമാക്കാൻ സഹായകമായ രാഷ്‌ട്രീയദർശനം മാർക്‌സിസം–ലെനിനിസമാണെന്നും, രാഷ്‌ട്രീയപ്രസ്ഥാനം കമ്യൂണിസ്റ്റ് പാർടിയാണെന്നും തിരിച്ചറിഞ്ഞു. ഈ അനുഭവസാക്ഷ്യങ്ങളുടെ ഊറിക്കൂടലിൽനിന്നാണ് വി എസ് എന്ന പോരാളിയുടെ ജനനം.


1957‐ലെ തെരഞ്ഞെടുപ്പ്

സംഘാടകൻ എന്ന നിലയിൽ വി എസിന് വലിയ സ്വീകാര്യത ലഭിച്ച സന്ദർഭമായിരുന്നു 1957‐ലെ പ്രഥമ കേരള നിയമസഭാ തെരഞ്ഞെടുപ്പ്. ഐക്യകേരള രൂപീകരണ പ്രവർത്തനങ്ങളിൽ ഇതിനു തൊട്ടുമുമ്പുള്ള ഘട്ടങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. പുന്നപ്ര–വയലാർ സമരത്തിനുശേഷവും പിന്നീട് 1948‐ലെ കൽക്കട്ടാ തിസീസ് കാലത്തും അനുഭവിക്കേണ്ടിവന്ന ജയിൽജീവിതം അദ്ദേഹത്തിലെ പോരാളിയെയും കമ്യൂണിസ്റ്റിനെയും നന്നായി പരുവപ്പെടുത്തിയിരുന്നു. പുന്നപ്ര–വയലാർ സമരം നൽകിയ അനുഭവങ്ങളും കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘാടനത്തിൽനിന്നു ലഭിച്ച പാഠങ്ങളും 1957‐ലെ ആദ്യ തെരഞ്ഞെടുപ്പിന് കരുത്തു പകരുന്നതായിരുന്നു. സമരമുന്നേറ്റങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിൽനിന്ന് പുതിയൊരു പ്രഭാതവും, പുത്തനൊരു ലോകവും മനസ്സിൽ താലോലിച്ചിരുന്ന സാധാരണ മനുഷ്യരിലേക്കാണ് സ്വന്തം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങിയത്. രാജവാഴ്‌ചയുടെയും ദിവാൻ ഭരണത്തിന്റെയും ദുരനുഭവങ്ങളുടെ പോറലുകളുമായി കഴിഞ്ഞ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് എന്ന സ്വപ്‌നം കൂടുതൽ ആവേശം നൽകി. ഈ ഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ കമ്യൂണിസ്റ്റ് പാർടിയെ നയിക്കാനുള്ള ദൗത്യം വി എസിനായിരുന്നു. അത് അദ്ദേഹം ഫലപ്രദമായി വിജയിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസ്റ്റ് പാർടിയുടെ ഒമ്പതു സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ടാണ് അന്ന് ആലപ്പുഴ ജില്ല പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭാ രൂപീകരണത്തിന് നിർണായക സംഭാവന നൽകിയത്. ആലപ്പുഴ ജില്ലയിൽനിന്നുള്ള കെ ആർ ഗൗരിയമ്മയും ടി വി തോമസും പ്രഥമ പതിനൊന്നംഗ ഇ എം എസ് മന്ത്രിസഭയിൽ അംഗങ്ങളാവുകയും ചെയ്‌തു. ചെങ്ങന്നൂരിൽനിന്നു വിജയിച്ച ആർ ശങ്കരനാരായണൻ തമ്പിയെ പ്രഥമ നിയമസഭാ സ്‌പീക്കറായും തെരഞ്ഞെടുത്തു.

ഇതിനു പിന്നാലെ നടന്ന ഐക്യകേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പും വി എസ് അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായി മാറി. 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയുള്ള തീയതികളിലായി നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളത്താണ് ആദ്യ ഉപതെരഞ്ഞെടുപ്പുണ്ടായത്. അന്ന് ദേവികുളം ദ്വയാംഗമണ്ഡലമായിരുന്നു. ഇവിടെ ജനറൽ സീറ്റിൽ സിപിഐയിലെ റോസമ്മ പുന്നൂസും സംവരണ സീറ്റിൽ കോൺഗ്രസിലെ എൻ ഗണപതിയും വിജയിച്ചു. കേരളത്തിലെ ആദ്യ പ്രോടേം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്‌ത റോസമ്മ പുന്നൂസ് സംസ്ഥാനത്തെ ആദ്യ എംഎൽഎയായി ചരിത്രത്തിൽ ഇടം നേടുകയും ചെയ്‌തു.


ആർ സുഗതൻ ആർ സുഗതൻഎന്നാൽ സാധുവായിട്ടും തന്റെ പത്രിക തള്ളി എന്നു പരാതിപ്പെട്ട് എതിർ സ്ഥാനാർഥി കോൺഗ്രസിലെ ബി കെ നായർ നൽകിയ ഹർജിയിൽ, ട്രൈബ്യൂണൽ റോസമ്മ പുന്നൂസിന്റെ വിജയം അസാധുവാക്കി. ഇതിനെ തുടർന്ന് 1958 മെയ് 16‐ന് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടത്തി. ഈ ഉപതെരഞ്ഞെടുപ്പിന്റെ സംഘാടന ചുമതല വി എസ് അച്യുതാനന്ദനായിരുന്നു. കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി അജയ്ഘോഷിന്റെ നിർദേശപ്രകാരമായിരുന്നു ആലപ്പുഴയിൽനിന്ന് വി എസ് ദേവികുളത്തേക്കു പോയത്. ബി കെ നായരെ 7089 വോട്ടിന് പരാജയപ്പെടുത്തി റോസമ്മ പുന്നൂസ് വീണ്ടും ദേവികുളത്തിന്റെ എംഎൽഎയായി. ആദ്യതവണത്തെ 1922 വോട്ടിന്റെ ഭൂരിപക്ഷമാണ് 7089 ആയി വർധിച്ചത്. അന്ന് തെരഞ്ഞെടുപ്പ്‌ ചെലവുകൾക്കായി സമാഹരിച്ച തുകയിൽനിന്ന് മിച്ചം വന്ന 20,000 രൂപ കോട്ടയം ജില്ലാകമ്മിറ്റിയെ തിരികെ ഏൽപ്പിച്ചാണ് താൻ ആലപ്പുഴയ്‌ക്ക്‌ വണ്ടി കയറിയതെന്ന് വി എസ് ഇതെഴുതുന്നയാളോട് പറഞ്ഞിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് അന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആദ്യമായി ഒരു ജീപ്പ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


1964‐ലെ പിളർപ്പ്

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ ആശയപരമായ ഭിന്നിപ്പിനെ തുടർന്ന് 1964‐ൽ സിപിഐ എം രൂപീകരിക്കപ്പെട്ടപ്പോൾ അതിനൊപ്പം നിന്നു. അന്ന് സിപിഐയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഐ എം രൂപീകരണത്തിനു നേതൃത്വം നൽകിയ 32 പേരിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ എന്ന നിലയിലും ശ്രദ്ധേയനായി. ഇറങ്ങിപ്പോന്നതിനുശേഷം നാട്ടിലെത്തുന്നതിനുമുമ്പുതന്നെ റെയിൽവേ സ്റ്റേഷനിൽവച്ച് ‘ചൈനീസ്‌ ചാരൻ’ എന്ന പേരിൽ അറസ്റ്റിലായ അനുഭവവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പാർലമെന്ററി ജീവിതം

1967‐ലാണ് വി എസ് തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്, അമ്പലപ്പുഴയിൽനിന്ന്. 1970‐ൽ വീണ്ടും എംഎൽഎയായി. തുടർച്ചയായ 10 വർഷത്തെ പാർലമെന്ററി പ്രവർത്തനത്തിനുശേഷം സംഘടനാരംഗത്തേക്കു മാറി. 1980 മുതൽ ’92 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി. 1991‐ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽനിന്ന് എംഎൽഎയായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ 1996‐ൽ മാരാരിക്കുളത്ത് പരാജയമുണ്ടായി. ഇതിനുശേഷം മലമ്പുഴയിലേക്കു മാറി. 2001 മുതൽ ‘21 വരെ നിയമസഭയിൽ മലമ്പുഴയെ പ്രതിനിധീകരിച്ചു. എംഎൽഎയായ വി എസ് 1992–96 കാലത്തും 2001–2006ലും 2011–16ലും പ്രതിപക്ഷ നേതാവായി. 1996‐ൽ എൽഡിഎഫ് കൺവീനറായി പ്രവർത്തിച്ചു. 2006–11 കാലത്ത് സംസ്ഥാന മുഖ്യമന്ത്രിയായി. ഇതിനിടയിൽ 1985 മുതൽ 2009 വരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ പാർടിയുടെ പരമോന്നതസ്ഥാനത്തും പ്രവർത്തിച്ചു.


നേതൃരൂപത്തിലെ

മാതൃകാവ്യതിയാനം

2001 വരെ കമ്യൂണിസ്റ്റ് പാർടിയുടെ കർക്കശക്കാരനായ നേതാവ് എന്ന നിലയിൽ മാത്രം അറിഞ്ഞിരുന്ന വി എസിന്റെ നേതൃരൂപത്തിന് അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നത് 2001‐നുശേഷമാണ്. 2001 മേയിൽ പ്രതിപക്ഷ നേതാവായി അവരോധിക്കപ്പെട്ടതിനുശേഷമുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഇടതുപക്ഷക്കാർക്കും പുറമേയുള്ള ജനങ്ങൾക്കുകൂടി സ്വീകാര്യനാക്കിയത്. കേവലം പ്രസംഗങ്ങളിലും പ്രതിഷേധങ്ങളിലും ഒതുങ്ങുന്നതായിരുന്നില്ല അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം. 1957 മുതലുള്ള കേരളത്തിന്റെ ചരിത്രത്തിൽ അതുവരെ കാണാത്ത ഒരു പ്രതിപക്ഷനേതാവിനെയാണ് അന്ന് വി എസിലൂടെ കേരളം കണ്ടത്. അന്നത്തെ ഭരണാധികാരികളുടെ ദുഷ്ചെയ്തികളെ മാത്രമല്ല, അവർ കാണാൻ മറന്നതും, കണ്ടില്ലെന്നു നടിച്ചതും, കാണേണ്ടിയിരുന്നതുമായ ഒത്തിരി ഇടങ്ങളിലേക്ക് വി എസ് സഞ്ചരിച്ചു. നടന്നും ഓടിയും നീന്തിയുമൊക്കെ അദ്ദേഹം പോയ വഴികളിലൂടെ മാധ്യമപ്രവർത്തകരുടെ സംഘവും ക്യാമറകളുമായി പോയി. അതുവഴി അന്യായങ്ങളുടെ, അധാർമികതകളുടെ, അരുതായ്‌മകളുടെ ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ജനമധ്യത്തിലെത്തി. മാധ്യമങ്ങളും പൊതുസമൂഹവും അത് ചർച്ചചെയ്‌തു. അതിലൂടെ പുതിയൊരു രാഷ്‌ട്രീയത്തിന്റെ ദിശാസൂചകങ്ങൾ കേരളം കണ്ടുതുടങ്ങി.

മതികെട്ടാൻ ചോലവനം കയ്യേറ്റം, മൂന്നാർ, പീരുമേട് എന്നിവിടങ്ങളിലെ സർക്കാർ ഭൂമി കയ്യേറ്റം, നദികളുടെ മലിനീകരണം, ജലചൂഷണവും ജലശോഷണവും, വനംകൊള്ള, സഹ്യപർവതസാനുക്കളിലെ ജൈവവൈവിധ്യശോഷണം, കരിമണൽ ഖനനം തുടങ്ങി കേരളത്തിന്റെ പ്രകൃതിയേയും ജീവിതത്തേയും കടപുഴക്കിയെറിയുന്ന എല്ലാത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുമെതിരെ അദ്ദേഹം കാവലാളെപ്പോലെ ഓരോയിടത്തും ഓടിയെത്തി. അതിനൊപ്പം ജനങ്ങളേയും കൂട്ടി. കാടും മലയും പുഴയും കല്ലും മുള്ളും താണ്ടി അദ്ദേഹം സാമൂഹ്യവിഷയങ്ങളെ ജനമധ്യത്തിൽ ഉയർത്തിക്കാട്ടി. നടന്നുനീങ്ങിയ വഴികളും കയറ്റിറക്കങ്ങളും ഒന്നും ഒരുതരത്തിലും തടസ്സമായില്ല. എൺപതു വയസ്സ്‌ പിന്നിട്ട സന്ദർഭത്തിലാണ് അദ്ദേഹം യൗവനതീക്ഷ്ണമായ ആവേശത്തോടെ ഇത്തരം ദുരിതപാതകൾ താണ്ടിയത്.


1969ൽ മിച്ചഭൂമി സമരത്തോടനുബന്ധിച്ച്‌ ആലപ്പുഴയിൽ നടന്ന റാലിയിൽ എ കെ ജി, സുശീല ഗോപാലൻ, അഴീക്കോടൻ തുടങ്ങിയവർക്കൊപ്പം വി എസ്‌ 2002‐ൽ ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോലവനം വനം മാഫിയ ചൂഷണം ചെയ്യുന്നതിനെപ്പറ്റി അന്വേഷിക്കാൻ പോയ പത്രപ്രവർത്തകസംഘത്തിനൊപ്പം പോകാൻ ഈ ലേഖനമെഴുതുന്നയാളിന് അവസരമുണ്ടായി. പത്രപ്രവർത്തകരെല്ലാം കാലേക്കൂട്ടിത്തന്നെ മതികെട്ടാനിലെത്തി. പൂപ്പാറയിൽനിന്ന് മതികെട്ടാനിലേക്കുള്ള പതിനൊന്ന്‌ കിലോമീറ്റർ ദൂരം റോഡ് ഉരുളൻകല്ലുകൾ നിറഞ്ഞ കാനനപാതയാണ്. പ്രത്യേക പ്രാഗത്ഭ്യമുള്ള ഡ്രൈവർമാർക്കുമാത്രമേ ഇതുവഴി ജീപ്പ് ഓടിക്കാനാവൂ. ഞങ്ങളുടെ ജീപ്പ് പതിനൊന്നു കിലോമീറ്റർ താണ്ടാൻ ഒന്നേകാൽ മണിക്കൂറെടുത്തു. ഇത്രയും ക്ലേശകരമായ കീഴ്‍ക്കാംതൂക്കായ പാതയിലൂടെ വി എസ് വരാൻ സാധ്യതയില്ലെന്ന് പത്രപ്രവർത്തകരെല്ലാം വ്യസനിച്ചു. പക്ഷെ, അൽപ്പനേരം കഴിഞ്ഞപ്പോൾ, ഇടുക്കിയിലെ സിപിഐ എം നേതാവ് ഒ ജി മദനൻ ഓടിച്ച ജീപ്പിൽ വി എസ് വന്നിറങ്ങി. ക്ലേശകരമായ യാത്രയുടെ ആലസ്യങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. 83‐ാം വയസ്സിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതേ ആവേശത്തോടെയും പ്രസരിപ്പോടെയുമാണ് അദ്ദേഹം മണ്ഡലകാലത്തിനു മുന്നോടിയായുള്ള ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ശബരിമല സന്നിധാനത്തേക്കു നടന്നുകയറിയത്. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള കയറ്റത്തിനിടയിൽ ഒരിക്കൽപ്പോലും വിശ്രമിക്കാതെയും വെള്ളംപോലും കുടിക്കാതെയും നടന്നു കയറിയ വി എസിനെപ്പറ്റി അന്ന് മാധ്യമങ്ങൾ ആവേശത്തോടെ റിപ്പോർട്ട് ചെയ്‌തിരുന്നു.


സ്‌ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തി. അവർ അദ്ദേഹത്തെ ഒരു സംരക്ഷകനെപ്പോലെ കണ്ടു. അധികാരത്തിന്റെ ആടയാഭരണങ്ങളൊന്നുമില്ലാതിരുന്നപ്പോഴും പീഡിതർക്കൊപ്പം നിൽക്കാൻ അദ്ദേഹം ശ്രമിച്ചു. പരമോന്നത നീതിപീഠത്തിനുമുന്നിൽവരെ അവർക്കു നീതിതേടി അദ്ദേഹം എത്തി. പാർടിയുടെ പിന്തുണ എല്ലാ അർഥത്തിലും ഉറപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോടടുക്കുന്ന സ്‌ത്രീ പീഡനക്കേസിൽ ആരോപണവിധേയനായ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവിനെതിരായ നിയമപോരാട്ടം അദ്ദേഹം അവസാനനാളുകൾ വരെ തുടർന്നു.

സ്‌ത്രീകളോടുള്ള കരുതലിന് ഉദാഹരണമായി മാറി മൂന്നാറിലെ ‘പെമ്പിളൈ ഒരുമ’യുടെ സമരവേദിയിലെ വി എസിന്റെ സാന്നിധ്യം. തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരിയിലെത്തി, അവിടെനിന്ന് മൂന്നു മണിക്കൂറിലേറെ ദൂരം കാർ മാർഗം മൂന്നാറിലെ സമരസ്ഥലത്തെത്തിയപ്പോൾ ഉച്ചയായി. സമരം അവസാനിപ്പിക്കാതെ സമരപ്പന്തലിൽനിന്ന് പോകുന്ന പ്രശ്നമില്ലെന്ന് പ്രഖ്യാപിച്ച് സമരവളന്റിയർമാരായ തൊഴിലാളി സ്‌ത്രീകൾക്കൊപ്പം അദ്ദേഹം കുത്തിയിരുന്നു. കേവലമായ സത്യഗ്രഹമായിരുന്നെങ്കിലും, നിരാഹാരസമരത്തിലെന്നപോലെ ഭക്ഷണം കഴിക്കാതെ സമരക്കാർക്കൊപ്പം ഇരുന്നു. ഒടുവിൽ സന്ധ്യയോടെ അന്നത്തെ പട്ടികജാതി–പട്ടികവർഗ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ദൂതുമായിവന്ന് സമരവളന്റിയർമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുശേഷമാണ് വി എസ് മൂന്നാറിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിച്ചത്.


1946ൽ സർ സി പിക്കെതിരായ സമരത്തിൽ വി എസ്‌.  ദേശാഭിമാനി ഫോട്ടോഗ്രാഫർ ജേക്കബ്‌ ഫിലിപ്പ്‌  പകർത്തിയ ചിത്രം1946ൽ സർ സി പിക്കെതിരായ സമരത്തിൽ വി എസ്‌. ദേശാഭിമാനി ഫോട്ടോഗ്രാഫർ ജേക്കബ്‌ ഫിലിപ്പ്‌ പകർത്തിയ ചിത്രംആരോഗ്യപരിപാലനത്തിൽ പുലർത്തിയിരുന്ന ജാഗ്രതയും കണ്ടുപഠിക്കേണ്ടതാണ്. പക്ഷാഘാതം ഉണ്ടാകുന്നതിനു തൊട്ടുമുമ്പുവരെ പ്രഭാത നടത്തവും യോഗാഭ്യസനവും ഇളംവെയിൽ കൊള്ളലും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. നടത്തം മുടങ്ങിയാൽ തന്റെ ഊർജം തന്നെ ഇല്ലാതാകും എന്നദ്ദേഹം കരുതിയിരുന്നു. കോരിച്ചൊരിയുന്ന കാലവർഷത്തിന്റെ നാളുകളിൽ നടത്തം മുടങ്ങാതിരിക്കാൻ നിയമസഭാ മന്ദിരത്തിന്റെ നാലുചുറ്റുമുള്ള വരാന്തയിലൂടെ നടക്കുന്നതായിരുന്നു രീതി. മിതമായ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്‌ചയും ചെയ്‌തിരുന്നില്ല. രാത്രികാല ഭക്ഷണത്തിന് പഴങ്ങളും വെള്ളവും മാത്രമായിരുന്നു ശീലം.

അവസാനനിമിഷംവരെ പ്രവർത്തനരംഗത്ത് സജീവമായി നിൽക്കണം എന്ന അദമ്യമായ മോഹമുണ്ടായിരുന്നു. 95‐ാം വയസ്സിലും ഹിന്ദി പഠിക്കാൻ കൊച്ചുകുട്ടിയെപ്പോലെ അധ്യാപകനുമുന്നിൽ മണിക്കൂറുകൾ ഇരുന്ന വി എസിനെ ഏറെപ്പേർ അറിഞ്ഞിരിക്കാനിടയില്ല. കാര്യവട്ടത്തെ സർവകലാശാല ഹിന്ദി ഡിപ്പാർട്ടുമെന്റിൽനിന്നു വിരമിച്ച ഒരു പ്രൊഫസർ കന്റോൺമെന്റ് ഹൗസിലും കവടിയാർ ഹൗസിലും വന്ന് വി എസിനെ ഹിന്ദി പഠിപ്പിക്കുമായിരുന്നു.


93‐ാം വയസ്സിൽ ഒരു സിനിമയിൽ അഭിനയിച്ച ചരിത്രവും വി എസിനുണ്ട്. കണ്ണൂരിലെ കുറച്ചു യുവാക്കൾ ചേർന്നു നിർമിച്ച ‘ക്യാമ്പസ് ഡയറി’ എന്ന സിനിമയിലാണ് യുവ നടൻ സുദേവ് നായർക്കൊപ്പം വി എസ് അഭിനയിച്ചത്. യഥാർഥ ജീവിതത്തിലെ വി എസ് ആയിത്തന്നെയായിരുന്നു സിനിമയിലെ വേഷവും. കണ്ണൂരിലെ ‘കാലിക്കടവ്’ എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ കോളക്കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ യുവാക്കൾ നടത്തുന്ന സമരവും അതിനൊടുവിൽ വി എസ് എന്ന യഥാർഥ നേതാവിന്റെ ഇടപെടലിലൂടെ ജലചൂഷണത്തിന് അന്ത്യം കാണുന്നതും കാലിക്കടവ് നിവാസികൾക്ക് ജലസമൃദ്ധി കൈവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ അവസാനഭാഗത്താണ് വി എസ് പ്രത്യക്ഷപ്പെടുന്നത്. പ്രതിജ്ഞാബദ്ധതയോടെ എടുത്ത ഈ ചിത്രം പക്ഷെ, തിയറ്ററുകളിൽ വളരെ കുറച്ചു ദിവസമേ ഓടിയുള്ളൂ.

അങ്ങനെ, എട്ടു പതിറ്റാണ്ടിലധികം വിവിധ വേഷപ്പകർച്ചകളിലൂടെ നിറഞ്ഞാടിയ ആ ജീവിതം 2019 ഒക്ടോബർ 24‐ന് രാത്രി പക്ഷാഘാതം ഉണ്ടായതോടെ മരുന്നിന്റെയും ചികിത്സയുടെയും ലോകത്തേക്ക് ഒതുങ്ങുകയായിരുന്നു. 96‐ാം വയസ്സുവരെ യൗവനതീക്ഷ്ണതയോടെ നിറഞ്ഞുനിന്ന മനസ്സും ശരീരവും മെല്ലെ മെല്ലെ ഉൾവലിയുകയായിരുന്നു.


ഒരു നൂറ്റാണ്ടുകാലവും കടന്ന് ജീവിച്ചിരിക്കുക. അതിലെട്ടര പതിറ്റാണ്ടും സമര സന്നിഭമായി മുന്നേറുക. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പും, സ്വാതന്ത്ര്യാനന്തര കാലത്തും തിളച്ചുമറിഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ അലകളിൽ നിശ്ചയദാർഢ്യത്തോടെ തുഴഞ്ഞു പോവുക. ആഗോളവൽക്കരണ അഭിരുചികളുടെ കെട്ടുകാഴ്ചകൾക്കെതിരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതിരോധമുയർത്തുക. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മാന്ത്രിക ലോകത്തിനു കൂടി സാക്ഷിയായി ജീവിക്കുക. ഒരു പുരുഷായുസ്സിലെ ഈ പലകാല വൈഭവം അപൂർവമായേ ആർക്കും ലഭിക്കാറുള്ളൂ. വൈവിധ്യങ്ങളും സംഘർഷങ്ങളും നിറത്ത ഈ കാല സഞ്ചാരത്തിന്റെഎല്ലാ ഭാവ മാറ്റങ്ങൾക്കും സാക്ഷിയായും സഹായിയായും ജീവിച്ച അസാധാരണത്വമാണ് ഓർമകളിലേക്ക് മടങ്ങുന്നത്. അതെ, എല്ലാവരേയും ചേർത്തുപിടിക്കുകയും, ഏറെ പേർക്കും തണലൊരുക്കുകയും ഇടയ്‌ക്കൊക്കെ പലരോടും കലഹിക്കുകയും ചെയ്ത വി എസിനെ നമുക്ക് ഇങ്ങനെയൊക്കെയാവും അടയാളപ്പെടുത്താൻ കഴിയുക.

വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനായി ജനിക്കുകയും വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനായി മാറുകയും വി എസ് അച്യുതാനന്ദനായി വളരുകയും ഒടുവിൽ വി എസ് എന്ന രണ്ടക്ഷരത്തിൽ ഒരു ജീവിതം മുഴുവൻ വിളക്കി ചേർക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം കൂടി ഓർമകളിലേക്കു മടങ്ങുമ്പോൾ ചരിത്രത്തിന്റെ ഒരു മഹായുഗം തന്നെയാണ് മറയുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home