അനന്തരം അടൂർ ‐2

‘വിധേയനി’ൽ മമ്മൂട്ടിയും എം ആർ ഗോപകുമാറും
avatar
കെ ബി വേണു

Published on Aug 16, 2025, 11:58 AM | 8 min read

( കഴിഞ്ഞ ലക്കത്തിന്റെ തുടർച്ച)


സ്‌കിസോഫ്രേനിയയിൽ നുണയുണ്ട്. ‘അനന്തരം’ അങ്ങനെയൊരു കഥയാണ്. അജയൻ പറയുന്നതത്രയും നുണയാണോ? അജയന്റെ ലോകത്തിൽ യഥാർഥ വ്യക്തികൾ ഇല്ലെന്നു തന്നെ പറയാം. അച്ഛനെപ്പോലൊരാൾ, അമ്മയെപ്പോലൊരാൾ... ഏട്ടനെപ്പോലൊരാൾ, ഏട്ടത്തിയമ്മയെപ്പോലൊരാൾ... എല്ലാം പോലെ... ആരാണ് നുണ പറയുന്നത്?

അജയൻ അകപ്പെടുന്ന സ്വത്വപ്രതിസന്ധി അതിരൂക്ഷമാകുന്നത് അയാൾ ഏട്ടത്തിയമ്മയിൽ ഇല്ലാത്ത ഒരു കാമുകിയെ കണ്ടെത്തുമ്പോഴാണ്. ആ തോന്നൽ ജ്യേഷ്ഠതുല്യനായ ബാലുവിൽ നിന്നുകൂടി അയാളെ അകറ്റുന്നു. ഒരുവാതിൽക്കോട്ട എന്നൊരു സ്ഥലം തിരുവനന്തപുരത്തുണ്ട്. അവിടേക്കു പോകുന്ന കെഎസ്ആർടിസി ബസിൽ ശോഭനയെപ്പോലെ ഒരു പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്‌തിരിക്കാം.

‘വിധേയനി’ൽ മമ്മൂട്ടിയും എം ആർ ഗോപകുമാറും‘വിധേയനി’ൽ മമ്മൂട്ടിയും എം ആർ ഗോപകുമാറും

വ്യക്തിബോധത്തിന് നിർവചിക്കാനാകാത്തവിധം ശിഥിലമായിപ്പോയ ഒരു ചെറുപ്പക്കാരന്റെ മനസ്സ് സങ്കൽപ്പിച്ചെടുത്ത സുന്ദര രൂപമായിരുന്നു ഒരുവാതിൽക്കോട്ട ബസിന്റെ സൈഡ് സീറ്റിലെ പെൺകുട്ടി. അങ്ങനെയൊരു സമസ്യ സൃഷ്ടിച്ചെടുത്തതുകൊണ്ടാണ് ‘അനന്തര’വും അടൂരും എൺപതുകളിലെ ചെറുപ്പക്കാരെ വിഹ്വലരാക്കിയത്. അക്കാലത്ത് അശോകനായിരുന്നു ഞങ്ങളുടെ ഹീറോ. മമ്മൂട്ടിയല്ല. ‘അനന്തര’ത്തിൽ എന്റെ തലമുറ കണ്ടത് ഒരു അപരലോകമാണ്. അതിന് സമാനതകളില്ല. യുവത്വത്തെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ശിഥിലമായ ഓർമകൾ വേട്ടയാടുന്ന, കാണാത്ത കാഴ്‌ചകൾ കാണുന്ന, കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്ന അജയനാണ്.

ഫ്യൂഡലിസത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ രണ്ടു സിനിമകൾ അടൂർ സംവിധാനം ചെയ്‌തിട്ടുണ്ട്. ‘കൊടിയേറ്റ’ത്തിനു പിറകേ 1981‐ൽ വന്ന ‘എലിപ്പത്തായ’വും 1995‐ൽ പുറത്തുവന്ന ‘കഥാപുരുഷ’നും.

ഫ്യൂഡലിസത്തിന്റെ തകർച്ചയ്‌ക്കു ശേഷം അതിദ്രുതം മാറിക്കൊണ്ടിരുന്ന സമൂഹത്തിന്റെ ചലനങ്ങളുമായി പൊരുത്തപ്പെടാൻ ഒരുതരം പിടിവാശിയോടെ വിസമ്മതിച്ചുകൊണ്ട് സ്വയം നിർമിച്ച സ്വാർഥതയുടെ മാളത്തിൽ പതിയിരിക്കുന്ന ഉണ്ണി എന്ന കഥാപാത്രത്തെയാണ് അടൂർ ‘എലിപ്പത്തായ’ത്തിന്റെ കേന്ദ്രകഥാപാത്രമാക്കിയിരിക്കുന്നത്. ആരുമായും ഒന്നും പങ്കുവയ്‌ക്കാൻ അയാൾ തയ്യാറല്ല. അയാൾ ആരെയും സഹായിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നില്ല. എല്ലാവരും അയാൾക്ക് വിധേയരായി നിൽക്കുകയും വേണം.

എലികളും മറ്റും സ്വൈരവിഹാരം നടത്തുന്ന, ഏതാണ്ട് ജീർണിച്ചു തുടങ്ങിയ വലിയ നായർ തറവാട്ടിൽ പുറംലോകവുമായി പ്രത്യേകിച്ചൊരു ബന്ധവും പുലർത്താതെ അർഥശൂന്യമായ ദിവസങ്ങൾ ജീവിച്ചു തീർക്കുകയാണയാൾ.


ഉണ്ണി മാത്രമല്ല, അയാളുടെ മൂന്ന്‌ സഹോദരിമാരും തകർന്നുടഞ്ഞ ഈ യാഥാസ്ഥിതിക ജീവിത വ്യവസ്ഥയുടെ ഇരകളാണ്. മൂത്ത സഹോദരി വിവാഹിതയാണ്. കുടുംബത്തിൽ അവർക്കവകാശപ്പെട്ട ഓഹരി ഉണ്ണി കൊടുത്തിട്ടില്ല. ഇടയ്‌ക്കിടെ അവർ തറവാട്ടിൽ വരുന്നത് ഈ അവകാശം ചോദിച്ചു വാങ്ങാൻ മാത്രമാണ്.

മറ്റൊരു സഹോദരിയായ രാജമ്മയെ യൗവനം വറ്റാറായിട്ടും വിവാഹം ചെയ്‌തയയ്‌ക്കാൻ ഉണ്ണി തയ്യാറല്ല. അക്ഷരാർഥത്തിൽ ഉണ്ണിയുടെ അടിമയാണ് രാജമ്മ. ഇളയ സഹോദരി ശ്രീദേവി ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുകയാണ്. എപ്പോഴും അണിഞ്ഞൊരുങ്ങാനും പൈങ്കിളി നോവലുകൾ വായിക്കാനും ഉറങ്ങാനുമൊക്കെയാണ് അവളുടെ താൽപ്പര്യം. ഉണ്ണിയുടെ സ്വാർഥ സ്വത്വത്തിന്റെ മറ്റൊരു ഐസോട്ടോപ്പ് ആണ് ശ്രീദേവി.

പൂമുഖത്തിട്ട ചാരുകസേരയിൽ കിടന്ന് പത്രം വായിക്കുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്ന ഉണ്ണി കൺമുന്നിൽ വച്ച് പശു തെങ്ങിൻ തൈ കടിച്ചു തിന്നുന്നതു കണ്ടിട്ടും അതിനെ ആട്ടിയോടിക്കാൻ വേണ്ടി എഴുന്നേൽക്കുന്നില്ല. പകരം അകത്തേക്ക്‌ നോക്കി നീട്ടി വിളിക്കുന്നു – “രാജമ്മോ...” രാജമ്മ ഓടിവന്നിട്ടാണ് പശുവിനെ ആട്ടിപ്പായിക്കുന്നത്.

ശ്രീദേവി അവളെ പഠിപ്പിക്കുന്ന ട്യൂട്ടോറിയൽ അധ്യാപകനൊപ്പം ഒളിച്ചോടിപ്പോയി എന്നറിയുമ്പോഴും ഉണ്ണി സമാനമായ നിസ്സംഗത തുടരുന്നു. നിരന്തരമായ ശാരീരികാധ്വാനത്തിന്റെയും മാനസിക സംഘർഷങ്ങളുടെയും ഫലമായി രാജമ്മ ഗുരുതരമായ ഉദരരോഗത്തിനടിപ്പെടുന്നതോടെ ഉണ്ണി തികച്ചും ഒറ്റപ്പെടുകയും തകർന്നുപോകുകയും ചെയ്യുന്നു. ദിനചര്യകൾപോലും ചെയ്യാതെ അയാൾ അറയ്‌ക്കുള്ളിൽ കതകടച്ചിരിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ കാണുന്ന കെണിയിലകപ്പെട്ട എലിയെപ്പോലെയാണ് ഉണ്ണി ഇപ്പോൾ.

‘എലിപ്പത്തായ’ത്തിൽ നിന്ന്‌‘എലിപ്പത്തായ’ത്തിൽ നിന്ന്‌

ഒടുവിൽ ഉണ്ണിക്കുള്ള ഷോക്ക്‌ ട്രീറ്റ്മെന്റ് കൊടുക്കുന്നത് അയാൾ എപ്പോഴും നിന്ദയോടെ മാത്രം കണ്ടിരുന്ന നാട്ടുകാരാണ്. അവർ അയാളെ ഓടിച്ചിട്ടു പിടിച്ച് കുളത്തിലേക്കെറിയുന്നു. കുളത്തിൽ നിന്ന് പകപ്പോടെ ഉയർന്നുവന്ന് പടവിൽ നിൽക്കുന്ന ഉണ്ണി പ്രേക്ഷകരെ നോക്കുന്നു. ‘സ്വയംവര’ത്തിന്റെ അവസാന ഷോട്ടിൽ സീത നോക്കുന്നതു പോലെയല്ല ഈ നോട്ടം. സീതയുടെ മുഖത്ത് നിശ്ചയദാർഢ്യമാണെങ്കിൽ ഉണ്ണിയുടെ മുഖത്ത് അങ്കലാപ്പാണ്. മാറുന്ന ലോകവുമായി അയാൾ പൊരുത്തപ്പെടാൻ തയ്യാറാകുമോ എന്ന ചോദ്യം പ്രേക്ഷകരിലേക്കെറിഞ്ഞുകൊണ്ട് അടൂർ സിനിമ അവസാനിപ്പിക്കുന്നു.

‘എലിപ്പത്തായ’ത്തിലെ ഉണ്ണി ഫ്യൂഡലിസത്തിന്റെ അലസസുഖങ്ങളിൽ പൂണ്ടുകിടന്ന് നിഷ്ക്രിയനായിരിക്കാനാണ് താൽപ്പര്യപ്പെടുന്നതെങ്കിൽ ‘കഥാപുരുഷ’നിലെ കേന്ദ്രകഥാപാത്രമായ കുഞ്ഞുണ്ണി മാറിവരുന്ന സമൂഹത്തിന്റെ ചലനങ്ങളെ ഹൃദയവിശാലതയോടെ, എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കാൻ തയ്യാറാകുന്നു. ഉണ്ണിയുടെ നേർവിപരീതമാണ്, കുറച്ചുകൂടി ‘കുഞ്ഞായ’, ചെറുപ്പക്കാരനായ കുഞ്ഞുണ്ണി.

കുഞ്ഞുണ്ണിയുടെ അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം അവൻ ജനിക്കുന്നതിനു മുമ്പുതന്നെ വേർപെട്ടതാണ്. സ്‌നേഹസമ്പന്നയായ മുത്തശ്ശിയും വിശ്വസ്‌ത കാര്യസ്ഥനായ വേലുച്ചാരും വാല്യക്കാരി ജാനമ്മയും അവരുടെ മകൾ മീനാക്ഷിയും അടങ്ങുന്നതാണ് കുഞ്ഞുണ്ണിയുടെ ബാല്യകാല ലോകം.


പരുക്കനായ എഴുത്താശാന്റെ മനുഷ്യപ്പറ്റില്ലാത്ത അക്ഷരമാല അധ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന ട്രോമ (മാനസികാഘാതം) കുഞ്ഞുണ്ണിക്ക് സമ്മാനിക്കുന്നത് വിക്ക് (സ്റ്റാമറിങ്) ആണ്. എന്നിട്ടും അവൻ പഠിച്ചു. കമ്യൂണിസത്തിലേക്കും തീവ്ര ഇടതുപക്ഷ ചിന്തകളിലേക്കും കുഞ്ഞുണ്ണിയുടെ രാഷ്‌ട്രീയമനസ്സ് സഞ്ചരിച്ചു. ജയിലിലായി. പൊലീസ് മർദനമേറ്റ് മുടന്തനായി. പുറത്തുവന്നപ്പോഴേക്കും അമ്മയും മുത്തശ്ശിയുമെല്ലാം നഷ്ടപ്പെട്ട് തികച്ചും ഒറ്റപ്പെട്ടു. ബാല്യകാലസഖിയായ മീനാക്ഷിയെ കുഞ്ഞുണ്ണി ജീവിതപങ്കാളിയാക്കി. അവർക്കൊരു മകനുണ്ടായി. പണ്ട് കുടുംബത്തിലെ ആശ്രിതനായിരുന്ന, ഇപ്പോൾ ധനികനായ ഒരാൾക്ക് തറവാട് വിറ്റ് മറ്റൊരു ചെറിയ വീട്ടിലേക്ക്‌ താമസം മാറ്റി. ഇത്തരം വിട്ടുകൊടുക്കലുകൾ കുഞ്ഞുണ്ണി സന്തോഷത്തോടെയാണ് ചെയ്യുന്നത്. ‘എലിപ്പത്തായ’ത്തിലെ ഉണ്ണി സ്വന്തം മാളത്തിലൊളിച്ചിരിക്കുമ്പോൾ കുഞ്ഞുണ്ണി മാനസികമായി വളരാനും സ്വതന്ത്രനാകാനുമാണ് ശ്രമിക്കുന്നത്. വളരെക്കാലമായി എഴുതിവച്ചിരുന്ന ഖരാക്ഷരങ്ങൾ എന്ന നോവലിന് ഒരു പ്രസാധകനെ കിട്ടുക കൂടി ചെയ്യുമ്പോൾ അയാൾ കൂടുതൽ സന്തുഷ്ടനാകുന്നു.

അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രഭാതത്തിൽ വീട്ടുമുറ്റത്തു വന്നു വീണ പത്രത്തിൽനിന്ന് ഒരു വാർത്ത മകൻ കുഞ്ഞുണ്ണിയെ വായിച്ചു കേൾപ്പിക്കുന്നു– ഖരാക്ഷരങ്ങൾ എന്ന നോവൽ സർക്കാർ നിരോധിച്ചിരിക്കുന്നു.

അപ്രതീക്ഷിതമാണ് കുഞ്ഞുണ്ണിയുടെ പ്രതികരണം. പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ മീനാക്ഷിയോട് പറയുന്നു– “ഇനിയിപ്പോ അറസ്റ്റൊണ്ടാവും അല്ലേ... സത്യത്തിന്റെ മുഖം എത്ര വികൃതം. അപ്പോ നമുക്ക് ആരെയും തൊടാതെയും ഒന്നിനെയും അനക്കാതെയും എന്തെങ്കിലും ചെയ്യാം, എന്താ?

ഒളിച്ച്, ഒതുക്കി, മറച്ച്, ഭയന്ന്, വിറച്ച്...”

അപ്പോഴാണ് മകൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്...“അമ്മേ ഇതു കേട്ടോ. അച്ഛൻ വിക്കുന്നില്ല. അച്ഛന് വിക്കില്ല.”പിന്നീട് അച്ഛനും അമ്മയും മകനും ചേർന്ന് മലയാളത്തിലെ ഖരാക്ഷരങ്ങൾ ഈണത്തിൽ ചൊല്ലുന്നു. ക ഖ ഗ ഘ ങ... ച ഛ ജ ഝ ഞ.... ഒടുവിൽ യ ര ല വ ശ ഷ സ ഹ യിലെത്തുമ്പോൾ ഹ എന്ന ഖരാക്ഷരം ഹഹഹഹഹഹഹ എന്ന പൊട്ടിച്ചിരിയാകുന്നു.

സിനിമയുടെ തുടക്കത്തിൽ പടയിൽ തോറ്റ് കാട്ടിലകപ്പെടുന്ന രാജകുമാരന്റെ കഥ പറയുന്ന ഒരു വൃദ്ധനെ കാണിക്കുന്നുണ്ട്. രാജകുമാരനും ധർമപത്നിയും നരഭോജിയായ ഒരു രാക്ഷസന്റെ മുന്നിലകപ്പെട്ടിരിക്കുന്നു. അവിടെവച്ച് കഥ പാതിയിൽ നിർത്തുമ്പോഴാണ് സിനിമ ആരംഭിക്കുന്നത്. ചിത്രാന്ത്യത്തിൽ കഥപറച്ചിലുകാരൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു. എന്തായാലും രാജപത്നിയെയോ മകനെയോ ഭക്ഷിക്കുമെന്നും യുദ്ധം ചെയ്യാനാണ് ഭാവമെങ്കിൽ ജയിക്കുന്നത് താനായിരിക്കുമെന്നും ഊറ്റംകൊണ്ടു നിൽക്കുന്ന രാക്ഷസനോട് രാജകുമാരൻ ചോദിക്കുന്നു.“നീ തന്നെ എപ്പോഴും ജയിക്കുമെന്നുള്ളതിന് എന്താണുറപ്പ്?”

എലിപ്പത്തായത്തോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒരു രാഷ്‌ട്രീയ സിനിമയാണ് ‘കഥാപുരുഷൻ’ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

‘മതിലുകളി’ൽ മമ്മൂട്ടി ‘മതിലുകളി’ൽ മമ്മൂട്ടി

എലിപ്പത്തായത്തിനു ശേഷം അടൂർ ‘മുഖാമുഖം’ എന്ന സിനിമയിലൂടെ പ്രേക്ഷകരെയും നിരൂപകരെയും രാഷ്‌ട്രീയ സമൂഹത്തെയും ഒന്നുണർത്തി. ഏറെക്കാലത്തെ തിരോധാനത്തിനു ശേഷം പ്രത്യക്ഷപ്പെടുന്ന ശ്രീധരൻ എന്ന തൊഴിലാളി നേതാവാണ് കേന്ദ്രകഥാപാത്രം. ശ്രീധരൻ തിരിച്ചെത്തുമ്പോഴേക്ക്‌ അയാൾ പ്രവർത്തിച്ചിരുന്ന കേരളീയ സമൂഹം ആകെ മാറിപ്പോയിരുന്നു. ഈ മാറ്റവും ഒളിവുജീവിതത്തിലെ ചില സംഘർഷങ്ങളും അയാളെ മദ്യപനാക്കുന്നു. സമൂഹം അയാളെ പിന്നീട് നോക്കിക്കാണുന്നത് വിചിത്രമായ കാഴ്‌ചപ്പാടുകളിലൂടെയാണ്. ആദർശധീരനായ ഒരു തൊഴിലാളി നേതാവിനു സംഭവിക്കുന്ന അപചയം ആണ് പ്രമേയം എന്ന രീതിയിൽ ‘മുഖാമുഖ’ത്തെ വ്യാഖ്യാനിച്ചവർ സിനിമയെ നഖശിഖാന്തം എതിർത്തു.

യഥാർഥത്തിൽ ഒരു പ്രത്യേക സാഹചര്യത്തെ വിശകലനം ചെയ്യാനാണ് ‘മുഖാമുഖ’ത്തിലൂടെ ശ്രമിച്ചതെന്ന് പിന്നീട് അടൂർ അഭിമുഖങ്ങളിൽ പറഞ്ഞു. ‘മുഖാമുഖ’ത്തിന്റെ പ്രമേയത്തിൽ രാഷ്‌ട്രീയം കടന്നുവരുന്നുണ്ടെങ്കിലും അതൊരു രാഷ്‌ട്രീയ സിനിമയല്ല എന്നാണ് സംവിധായകൻ പറയുന്നത്. “ജനങ്ങൾ രാഷ്‌ട്രീയ നേതാവിൽ ഒരു രക്ഷകനെ കാണുന്നു. അവർക്കു വേണ്ടി എല്ലാം ചെയ്‌തുകൊടുക്കേണ്ടത് ഈ നേതാവാണെന്നു വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യത്തെ പരിശോധിക്കാനാണ് ‘മുഖാമുഖ’ത്തിലൂടെ ശ്രമിച്ചത്.”


മറ്റൊരാളുടെ കൃതിയെ അവലംബിച്ച് അടൂർ സംവിധാനം ചെയ്‌ത ആദ്യത്തെ സിനിമയാണ് ‘മതിലുകൾ.’ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായതുകൊണ്ടും ഏറെ വായിക്കപ്പെട്ട കഥയായതുകൊണ്ടും ഒരു സംവിധായകന് വെല്ലുവിളി ഉയർത്തുന്ന പ്രമേയം.സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിൽ ജയിൽവാസമനുഷ്ഠിക്കുന്ന ബഷീർ തന്നെയാണ് മുഖ്യകഥാപാത്രം. അറിയപ്പെടുന്ന എഴുത്തുകാരനെന്ന നിലയിൽ ജയിലിൽ അദ്ദേഹത്തിന് വളരെ മാന്യവും ഒട്ടൊക്കെ രാജകീയവുമായ സ്വീകരണമാണ് ലഭിക്കുന്നത്. പല ജയിലുദ്യോഗസ്ഥരും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും വായനക്കാരാണ്, ആരാധകരാണ്.

അങ്ങനെ ജയിൽജീവിതം മുന്നോട്ടുപോകേ രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കാനുള്ള ഉത്തരവ്‌ വരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് സ്വതന്ത്രനാകാൻ ബഷീർ തയ്യാറെടുക്കുന്നു. പക്ഷേ വിട്ടയക്കാനുള്ളവരുടെ ലിസ്റ്റിൽ ബഷീറിന്റെ മാത്രം പേരുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം ജയിലിൽ ഒറ്റപ്പെടുന്നു. അങ്ങനെയിരിക്കെ ജയിൽ മതിലിനപ്പുറത്തുള്ള സ്‌ത്രീകളുടെ സെല്ലുകളിൽനിന്ന് ഒരു പെൺശബ്ദം ബഷീറിന്റെ കാതിൽ പതിക്കുന്നു. നാരായണി എന്നു പേരുള്ള ആ തടവുകാരിയുമായുള്ള ശബ്ദസൗഹൃദം ബഷീറിനുള്ളിലെ റൊമാന്റിക്കിനെ ഉദ്ദീപിപ്പിക്കുന്നു.

കഥയിലും സിനിമയിലും നാരായണി ഭൗതികരൂപത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ പ്രമേയത്തിന്റെ ശക്തി ചോർന്നുപോകും. അത് വലിയ വെല്ലുവിളി തന്നെയായിരുന്നു.


ബഷീറായി മതിലിനിപ്പുറത്ത് സാക്ഷാൽ മമ്മൂട്ടിയും, നാരായണിയുടെ ശബ്ദസാന്നിധ്യമായി അപ്പുറത്ത് കെപിഎസി ലളിതയും നിറഞ്ഞാടി. ലളിതയുടേത് കേരളം മുഴുവൻ അറിയുന്ന സവിശേഷ ശബ്ദമായതുകൊണ്ട് കഥയിലെ മിസ്റ്ററി എലമെന്റ് നഷ്ടപ്പെടില്ലേ എന്ന സന്ദേഹം ചിലർ ഉന്നയിച്ചിരുന്നു.

“സോ വാട്ട്?” അടൂർ പറഞ്ഞു. “എന്റെ സിനിമ ഈ പ്രത്യേക വർഷത്തിലേക്കു വേണ്ടി മാത്രമുള്ളതല്ല.” ആ കാഴ്‌ചപ്പാട് ശരിയായിരുന്നു. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലം ‘മതിലുകൾ’ എന്ന സിനിമയ്‌ക്ക്‌ ഒരു പ്രാപഞ്ചികമാനം നൽകി.

മതിലിനപ്പുറത്തുള്ള സ്‌ത്രീ സിനിമയിൽ പ്രത്യക്ഷപ്പെടാത്തതു കൊണ്ട് ബഷീറുമായുള്ള സംഭാഷണങ്ങൾ കാൽപ്പനികമാകുക മാത്രമല്ല, കാമോദ്ദീപകമാകുകയും ചെയ്‌തു. പലയിടങ്ങളിലായി ജയിൽവാസമനുഭവിച്ചു പോരുന്ന ബഷീറും ഒരേ ജയിലിൽത്തന്നെ കഴിയുന്ന നാരായണിയും അടക്കിപ്പിടിച്ച രതികാമന അവരുടെ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ജയിലിൽ തികച്ചും ഏകാകിയായിപ്പോയ ബഷീറിന്റെ ഭാവനാസൃഷ്ടി മാത്രമായിരുന്നോ നാരായണി എന്ന സംശയംപോലും ചിലപ്പോൾ സിനിമ സൃഷ്ടിക്കുന്നുണ്ട്.

സാഹിത്യകൃതി അതേപടി പകർത്തി വയ്‌ക്കലല്ല ചലച്ചിത്രകാരന്റെ ജോലി എന്ന് അടൂർ തെളിയിക്കുന്നത് സിനിമയുടെ അവസാന ഷോട്ടിലാണ്. നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്:

“ജയിലിന്റെ പടുകൂറ്റൻ വാതിൽ ഭയങ്കര ശബ്ദത്തോടെ എന്റെ പിറകിൽ അടഞ്ഞു. ഞാൻ തനിച്ചായി. ഞാൻ ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂവ് കൈയിലെടുത്തു നോക്കിക്കൊണ്ട് ആ പെരുവഴിയിൽ സ്തബ്ധനായി വളരെ നേരം നിന്നു.

മംഗളം! സർവമംഗളം!”

സിനിമ ഇങ്ങനെയല്ല അടൂർ അവസാനിപ്പിക്കുന്നത്. മതിലിനപ്പുറം നാരായണി മുകളിലേക്കെറിയുന്ന ചുള്ളിക്കമ്പ് ഉയർന്നു താഴുന്ന ദൃശ്യമാണ് സിനിമയുടെ അവസാന ഷോട്ട്. അമ്പത്‌ പേജ് മാത്രമുള്ള ഒരു നോവലെറ്റിൽ നിന്ന് അടൂർ ഒരുക്കിയെടുത്തത് തികച്ചും യൂണിവേഴ്സൽ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ക്ലാസിക് സിനിമ.

‘വിധേയൻ’ എന്ന ചിത്രവും ഒരു സാഹിത്യസൃഷ്ടിയിൽനിന്ന് മെനഞ്ഞെടുത്തതായിരുന്നു. സക്കറിയയുടെ ‘ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും’ എന്ന നീണ്ടകഥയായിരുന്നു സിനിമയ്‌ക്കാധാരം.


അധികാരത്തെയും അടിമത്തത്തെയും കുറിച്ചുള്ള പഠനമാണ് ഈ സിനിമ. ഭാസ്‌കര പട്ടേലർ എന്ന ക്രൂരനായ മാടമ്പി ഭൂപ്രഭുവും അയാൾ അടിമയെപ്പോലെ കൊണ്ടുനടക്കുന്ന തൊമ്മി എന്ന കുടിയേറ്റക്കാരനും തമ്മിലുള്ള ബന്ധമാണ് പ്രമേയം.

ഈ ഉടമ-‐അടിമ ബന്ധത്തെ സൂക്ഷ്മമായി സിനിമയിൽ അപഗ്രഥിക്കാൻ അടൂർ ശ്രമിക്കുന്നു. തുടക്കത്തിൽ തൊമ്മിയുടെ നെഞ്ചത്ത്‌ തൊഴിക്കുകയും മുഖത്ത്‌ തുപ്പുകയും അയാളുടെ ഭാര്യ ഓമനയെ ബലാത്കാരം ചെയ്യുകയും ചെയ്യുന്ന പട്ടേലർ ആ കുടുംബത്തെ സഹായിക്കുന്നുമുണ്ട്‌. തന്റെ എല്ലാ ദുഷ്‌കൃത്യങ്ങൾക്കും പട്ടേലർ തൊമ്മിയെ കൂടെ കൂട്ടുന്നു. കാട്ടിൽ വിറകു പെറുക്കുന്ന ഒരു സ്‌ത്രീയെ ബലാത്കാരം ചെയ്യാനൊരുങ്ങുന്ന പട്ടേലർ ‘നെനക്ക് വേണോടാ?’ എന്നു ചോദിക്കുകപോലും ചെയ്യുന്നുണ്ട്.

പട്ടേലർ ഓമനയുമായുള്ള ബന്ധം പരസ്യമാക്കുമ്പോൾ തൊമ്മിയിലെ വിധേയൻ അത് ആസ്വദിക്കാൻ തുടങ്ങുന്നു. ഓമനയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ‘നിനക്ക് പട്ടേലരുടെ സെന്റിന്റെ മണം’ എന്ന്‌ സന്തോഷപൂർവം പറയുന്നിടത്തോളം തൊമ്മിയിലെ വിധേയൻ പരിണമിക്കുന്നുണ്ട്.


ഭാര്യ സരോജയെ കൊന്നു കെട്ടിത്തൂക്കുന്ന പട്ടേലരെ അവരുടെ സഹോദരൻമാർ വേട്ടയാടുന്നു. കാട്ടിൽ അഭയം പ്രാപിക്കുന്ന പട്ടേലർക്കൊപ്പം തൊമ്മിയുണ്ട്. ഇപ്പോൾ ഇരുവരുടെയും അവസ്ഥ സമാനമാണ്. മതിയായ വസ്‌ത്രംപോലും ഇല്ല. ഒരേ ഇലയിൽനിന്ന് ഒരേ ആഹാരം കഴിച്ച് ഒരേ നിസ്സഹായാവസ്ഥ പങ്കിടുകയാണ് യജമാനനും വിധേയനും. ഒടുവിൽ പട്ടേലർ വെടിയേറ്റു മരിക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ചിരകാലം അടിമയായിക്കഴിഞ്ഞ തൊമ്മിയെ ആശയക്കുഴപ്പത്തിലാക്കുന്നു.

അടിമയ്‌ക്കുണ്ടാകുന്ന ഈ ആശയക്കുഴപ്പത്തിലാണ് അടൂർ സിനിമ അവസാനിപ്പിക്കുന്നത്.

പശ്ചാത്താപവിവശനായ ഒരു ആരാച്ചാരാണ് ‘നിഴൽക്കുത്ത്’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം. തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാരിൽ നിന്നാണ് അടൂർ കഥ വികസിപ്പിച്ചെടുത്തത്. സിനിമയിലെ ആരാച്ചാരായ കാളിയപ്പൻ ഏറ്റവുമൊടുവിൽ തൂക്കിക്കൊന്നത് ഒരു നിരപരാധിയെയായിരുന്നു. അതേച്ചൊല്ലി വിലപിച്ചുകൊണ്ട് ചാരായഷാപ്പിലിരിക്കുന്ന കാളിയപ്പനിൽ നിന്നാണ് ‘നിഴൽക്കുത്ത്’ തുടങ്ങുന്നത്. “നീങ്ക നിനക്ക മാതിരിയല്ല. ഉണ്മയിലേ അവൻ നിരപരാധി. അന്ത പാപക്കറൈ... ഇന്ത കൈയിലേ...”

ആരാച്ചാരെക്കുറിച്ച് പൊതുവേയുള്ള ഭീകരസങ്കൽപ്പങ്ങളെ പൊളിച്ചെഴുതും വിധമാണ് ഒടുവിൽ ഉണ്ണികൃഷ്‌ണനിലൂടെ അടൂർ കാളിയപ്പനെ മെനഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമവാസികൾക്ക്‌ പ്രിയങ്കരനും ബഹുമാന്യനുമായ ‘അണ്ണാച്ചി’യാണ് അയാൾ. തൂക്കാനുപയോഗിച്ച കയറിന്റെ ചാരം കരിച്ച് ഭസ്മമാക്കി തലയിൽ തൂകി അയാൾ കുഞ്ഞുങ്ങളടക്കമുള്ള രോഗികൾക്ക് ആശ്വാസമേകുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുന്നു. എന്നും ചാരായം മോന്തുമെങ്കിലും നിരുപദ്രവകാരിയാണ്. അങ്ങനെയിരിക്കെ വീണ്ടുമൊരു തൂക്കിക്കൊല്ലൽ ശിക്ഷയുടെ ഉത്തരവുമായി രാജദൂതൻ കാളിയപ്പനെ തേടിയെത്തുന്നു. രാജകൽപ്പനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ അയാൾക്കാകുന്നില്ല. അവശനും രോഗിയുമായ അയാൾ ഗാന്ധിയനായ മകനോടൊപ്പം തൂക്കിക്കൊല നടത്തുന്ന സ്ഥലത്തെത്തുന്നു.

‘അനന്തര’ത്തിൽ അശോകൻ ‘അനന്തര’ത്തിൽ അശോകൻ

വെളുപ്പാൻ കാലത്താണ് പൊതുവെ വധശിക്ഷ നടപ്പാക്കുക. തലേന്നു രാത്രി ആരാച്ചാർ ഉറങ്ങാൻ പാടില്ലെന്നതാണ് കീഴ്‌വഴക്കം. ആരാച്ചാർക്ക് ചാരായം പകർന്നു കൊടുത്തും അയാളെ ഉറക്കാതിരിക്കാനുള്ള കഥകൾ പറഞ്ഞുകൊണ്ടും പൊലീസുകാർ കൂട്ടിരിക്കും. ആ രാത്രി പൊലീസുകാരൻ പറഞ്ഞ ഒരു കഥ കാളിയപ്പനെ വ്യക്തിപരമായി മഥിച്ചു.

ഓടക്കുഴൽ വായിക്കുന്ന കാൽപ്പനികനായ ഒരു യുവാവുമായി പ്രണയത്തിലാകുന്ന സാധു പെൺകുട്ടിയെ അവളുടെ സഹോദരിയുടെ ഭർത്താവ് ബലാത്കാരം ചെയ്‌തു കൊല്ലുന്നതും നിരപരാധിയായ കാമുകൻ കേസിൽ പ്രതി ചേർക്കപ്പെടുന്നതുമാണ് കഥയുടെ പ്രമേയം. അമിതമായി മദ്യപിച്ച കാളിയപ്പൻ ആ പെൺകുട്ടി തന്റെ മകളാണെന്നും ബലാത്കാരം നടത്തിയത്‌ സ്വന്തം മരുമകനാണെന്നും സങ്കൽപ്പിച്ച് ബോധശൂന്യനാകുന്നു. അയാളുടെ മകൻ തൂക്കിക്കൊല നടത്താൻ നിർബന്ധിതനാകുന്നു.

സമൂഹം വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്ന ക്രൂരതകളെക്കുറിച്ചാണ് ‘നിഴൽക്കുത്ത്’ ചർച്ച ചെയ്യുന്നത്. കാളിയപ്പന്റെ മകൻ മുത്തു ഗാന്ധിയനും അഹിംസാവാദിയുമാണ്. എന്നിട്ടും അയാൾ ആരാച്ചാരുടെ ജോലി ഏറ്റെടുക്കാൻ നിർബന്ധിതനാകുന്നു. അയാൾ ജീവിതത്തിലൊരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത ജീവിതാവസ്ഥയാണത്. സിനിമയുടെ തുടക്കം മുതൽ കാളിയപ്പനെ നിരീക്ഷിക്കുന്ന നമുക്കും അറിയാം സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു മാത്രമാണ് അയാൾ ആരാച്ചാരായതെന്ന്. ഏകാധിപത്യപരമായ നിയമസംഹിതയിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത സാധാരണക്കാരന്റെ മാനസികസംഘർഷങ്ങളെക്കുറിച്ചു കൂടിയാണ് ‘നിഴൽക്കുത്ത്’ ചർച്ച ചെയ്യുന്നത്.

തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളെ ആസ്‌പദമാക്കിയാണ് അടുത്ത രണ്ട്‌ ചിത്രങ്ങൾ അടൂർ സംവിധാനം ചെയ്‌തത്. ‘നാലു പെണ്ണുങ്ങൾ’, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങൾ.


അടൂർ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത ‘പിന്നെയും’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം കേരളത്തെ നടുക്കിയ ചാക്കോ വധക്കേസ് ആണ്. കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പണത്തോടുള്ള ആർത്തി മനുഷ്യനെ എത്രമാത്രം നിഷ്ഠുരനാക്കും എന്നു പറയാനാണ് അടൂർ ഈ പ്രമേയം തെരഞ്ഞെടുത്തത്. കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത് ദിലീപും കാവ്യ മാധവനുമാണ്. കൊലപാതകം നടത്തി നാടുവിട്ട പുരുഷോത്തമന്റെ (ദിലീപ്) ഭാര്യ ദേവിയുടെ കഥാപാത്രത്തിനാണ് (കാവ്യ) അടൂർ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. പുരുഷോത്തമൻ കൊലപ്പെടുത്തിയ യുവാവിന്റെ മകന് കോളേജ് പഠനത്തിനുള്ള സഹായം ചെയ്യുന്ന ദേവി ഭർത്താവിനേക്കാൾ പശ്ചാത്താപവിവശയാണ്. പണംകൊണ്ട് പദവികൾ മാത്രമല്ല, സ്‌നേഹവും വാങ്ങാൻ കഴിയുമെന്ന മാനസികാവസ്ഥയിലേക്ക്‌ ചിലപ്പോൾ മനുഷ്യർ അധഃപതിക്കുമെന്ന് ‘പിന്നെയും’ എന്ന സിനിമ അടിവരയിട്ടു പറയുന്നു.

“എന്റെ കഥ ഒരു സിനിമാക്കാരന്റെ കഥ മാത്രമാണ്. എനിക്കു വേറിട്ടൊരു ജീവിതമില്ല” എന്ന് ഏറ്റവും ഒടുവിൽ എഴുതിയ ‘കാഴ്‌ചയുടെ സുവിശേഷം’ എന്ന പുസ്‌തകത്തിന്റെ മുഖവുരയിൽ അടൂർ പറയുന്നുണ്ട്. കല്ലും മുള്ളും നിറഞ്ഞതാകും എന്നറിഞ്ഞുകൊണ്ടുതന്നെ അർഥപൂർണമായ നല്ല സിനിമകൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ച അടൂരിന് എൺപത്തിനാല്‌ വയസ്സ്‌ തികഞ്ഞിരിക്കുന്നു. വയസ്സ് കേവലം എണ്ണം മാത്രമാണ്. തീക്ഷ്ണമായ വൈയക്തികാനുഭവങ്ങളെ സാമൂഹ്യാനുഭവങ്ങളാക്കി ലക്ഷണമൊത്ത ചലച്ചിത്രശിൽപ്പങ്ങളൊരുക്കിയ, ഒരിക്കലും സ്വയം ആവർത്തിക്കാത്ത അടൂരിന്റെ അടുത്ത സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് മലയാളികൾ .(അവസാനിച്ചു)



deshabhimani section

Related News

View More
0 comments
Sort by

Home