രേഖാമൂലം

ഇരുപത്തിമൂന്നാം വയസ്സിലെ ‘അപകടകാരിയായ കമ്യൂണിസ്റ്റ്‌ ’

v s
avatar
ശ്രീകുമാർ ശേഖർ

Published on Aug 04, 2025, 04:30 PM | 3 min read

ജനവിരുദ്ധനായ ഒരു ഭരണാധികാരിയുടെ നോട്ടപ്പുള്ളിപ്പട്ടികയിൽ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ഇടം നേടുക എന്നത്‌ ഒരു കമ്യൂണിസ്റ്റ്‌ പോരാളിക്ക്‌ അഭിമാനകരമായ ‘നേട്ട’മാണ്‌. 79 വർഷം മുമ്പ്‌ ദിവാൻ സി പി രാമസ്വാമി അയ്യർ തയ്യാറാക്കിയ തിരുവിതാംകൂറിലെ ‘അപകടകാരികളായ കമ്യൂണിസ്റ്റുകാരുടെ’ രഹസ്യപ്പട്ടികയിലെ പേരുകാരിൽ ഒരാൾമാത്രം അടുത്തനാൾ വരെ നമുക്കൊപ്പം ഉണ്ടായിരുന്നു.

1946 ജൂലൈ 27‐ന്‌ സി പി ഒപ്പിട്ട രേഖയിൽ ആ ഒരാളെ വിവരിക്കുന്നത്‌ ഇങ്ങനെ:

വി എസ്‌ അച്യുതാനന്ദൻ: വെങ്കിലത്തല വീട്‌, പറവൂർ, ആലപ്പുഴ. തൊഴിലാളി പ്രവർത്തകൻ, ആലപ്പുഴയിൽ മരംകയറ്റ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയും ടാപ്പേഴ്‌സ്‌ യൂണിയന്റെ ഓർഗനൈസിങ് സെക്രട്ടറിയും. അധിക്ഷേപ പ്രസംഗം ചെയ്യുന്നയാൾ.

ആ അവസാനവരി പലരുടെ കാര്യത്തിലും സി പി ആവർത്തിക്കുന്നുണ്ട്‌. ചെറുപ്രായത്തിൽ തന്നെ സി പിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നയാളായി വി എസ്‌ മാറിയിരുന്നുവെന്ന്‌ വ്യക്തം. വി എസിന്റെ അന്നത്തെ വീട്ടുപേര്‌ വെന്തലത്തറ എന്നത്‌ രേഖയിൽ തെറ്റായി വെങ്കിലത്തല ആയിട്ടുമുണ്ട്‌.


തിരുവിതാംകൂറിലെ ബ്രിട്ടീഷ്‌ പ്രതിനിധിയായ റെസിഡന്റിന്റെ ഓഫീസിൽനിന്ന്‌ സി ജി എൻ എഡ്‌വേഡ്‌സ്‌ ദിവാൻ സി പി രാമസ്വാമി അയ്യർക്ക്‌ 1946 ജൂൺ 26‐ന്‌ അയച്ച കത്തിനെ തുടർന്നാണ്‌ അപകടകാരികളായ കമ്യൂണിസ്റ്റുകാരുടെ പട്ടിക സി പി കൈമാറിയത്‌. (Govt of Travancore Confidential Section 330 47 CS)

റെസിഡന്റിന്റെ കത്ത്‌ ഇങ്ങനെയായിരുന്നു:

‘പ്രിയ സർ സി പി,

അപകടകാരികളായ എല്ലാ കമ്യൂണിസ്റ്റുകാരെയും കണ്ടെത്തി രഹസ്യമായും സൂക്ഷ്മമായും നിരീക്ഷിക്കുന്നത് ഉചിതമാണെന്ന് മദ്രാസ് പോലീസ് (സ്‌പെഷൽ ബ്രാഞ്ച്, സിഐഡി) കരുതുന്നു. അങ്ങനെയായാൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നടപടിയെടുക്കേണ്ട അവസരം വന്നാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യാൻ എളുപ്പമായിരിക്കും. അവരുടെ രേഖകളിൽ "അപകടകരമായ കമ്യൂണിസ്റ്റുകൾ’ എന്ന് തരംതിരിച്ചിരിക്കുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആളുകളുടെ പട്ടിക അവർ എനിക്ക് അയച്ചു തന്നിട്ടുണ്ട്. പട്ടിക സമഗ്രമായിരിക്കില്ല, നിങ്ങൾക്ക് അത് തിരുത്താനോ അതിൽ കൂട്ടിച്ചേർക്കാനോ കഴിയും എന്നതിൽ സംശയമില്ല.’

12 പേര്‌ മാത്രമായിരുന്നു ഈ മുന്നറിയിപ്പിൽ. പിറ്റേന്നുതന്നെ സി പി മറുപടി അയക്കുന്നുണ്ട്‌. അയച്ച പട്ടിക പൂർണമല്ലെന്നും ‘ശരിക്കും അപകടകാരികളായ’ കമ്യൂണിസ്റ്റുകാരിൽ ചിലരുടെ പട്ടിക ഒപ്പമുണ്ടെന്നും കത്തിൽ പറയുന്നു. ‘ഈ പട്ടികയിലുള്ളവർ സർക്കാരിന്റെ നിരീക്ഷണത്തിലാണ്‌. കഴിഞ്ഞ ദിവസം അവരുടെ നേതാക്കളിൽ ഒരാളെ (പി ടി പുന്നൂസ്‌) കണ്ടിരുന്നു. ദീർഘമായി സംസാരിച്ചു. എന്റെ ചില പ്രസംഗങ്ങൾമൂലം അവർ ആകെ പേടിച്ചിരിക്കുകയാണ്‌’ ‐എന്നൊക്കെ തുടർന്നു പറയുന്നു. 56 പേരുടെ പട്ടികയാണ്‌ സി പിയുടെ കത്തിലുള്ളത്‌. കെ സി ജോർജും എം എൻ ഗോവിന്ദൻ നായരും അടക്കമുള്ള തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ്‌ പാർടി നേതൃനിരയാകെയുണ്ട്‌. മലബാറിലും നേതാവായിരുന്ന പി കൃഷ്‌ണപിള്ളയും.


Cp1അപകടകാരികളായ കമ്യൂണിസ്റ്റുകാരെപ്പറ്റി സി പി അയച്ച കത്ത്‌

അംഗത്വത്തിന്‌ ചട്ടപ്രകാരമുള്ള പതിനെട്ട്‌ വയസ്സ്‌ തികയുന്നതിന്‌ ഒരു വർഷം മുമ്പ്‌ 1940‐ൽ പി കൃഷ്‌ണപിള്ള കമ്യൂണിസ്റ്റ്‌ പാർടി അംഗത്വം നൽകിയ അച്യുതാനന്ദന്റെ കാര്യത്തിൽ ഈ നോട്ടപ്പുള്ളി പട്ടികയിലെ സാന്നിധ്യം സ്വാഭാവികം. സർ സി പി ‘അപകടകാരി’യാക്കുമ്പോഴേക്ക്‌ കൃഷ്‌ണപിള്ള ഏൽപ്പിച്ച ദൗത്യങ്ങൾ പലതും വി എസ്‌ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ആദ്യം കയർ ഫാക്ടറി തൊഴിലാളികളെയും കുട്ടനാട്ടിലേക്ക്‌ വള്ളം കയറി കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച അച്യുതാനന്ദൻ കത്തിലെ ഭാരവാഹിത്വങ്ങൾ സൂചിപ്പിക്കുന്നതുപോലെ പിന്നീട്‌ മരംകയറ്റ തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയും സംഘടിപ്പിക്കുകയായിരുന്നു.

പുന്നപ്ര‐വയലാറിലെ ധീരപോരാട്ടം തിരുവിതാംകൂറിനെ ചുവപ്പിച്ച മാസമാണ്‌ 1946 ഒക്‌ടോബർ. ഒക്‌ടോബർ 22 മുതൽ പൊതുപണിമുടക്ക്‌. ‘അമേരിക്കൻ മോഡൽ ഭരണസമ്പ്രദായം അറബിക്കടലിൽ’, ‘ദിവാൻ ഭരണം അവസാനിപ്പിക്കുക’, ‘പ്രായപൂർത്തി വോട്ടവകാശം അനുവദിക്കുക’ എന്നീ രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ അടക്കം 27 മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭം. വി എസിന്‌ പുന്നപ്ര, കളർകോട്‌ ക്യാമ്പുകളുടെ ചുമതലയായിരുന്നു. ഒക്‌ടോബർ 24‐ന്‌ തൊഴിലാളികൾ പുന്നപ്ര പൊലീസ്‌ ക്യാമ്പ്‌ ആക്രമിച്ചു. ആക്രമണത്തിന്റെ മാർച്ചിൽനിന്ന് അറസ്റ്റ് വാറൻഡ്‌ ഉണ്ടായിരുന്നതുകൊണ്ട് നിർദേശപ്രകാരം പിൻവാങ്ങി.


Resident1 റെസിഡന്റ്‌ സി പിക്ക്‌ അയച്ച കത്ത്‌


ഏറ്റുമുട്ടലിൽ എസ്‌ഐ വേലായുധൻ നാടാർ കൊല്ലപ്പെട്ടു. പൊലീസ്‌ വെടിവെപ്പിൽ 29 തൊഴിലാളികളും രക്തസാക്ഷികളായി. പിറ്റേന്ന്‌ സി പി പട്ടാളഭരണം പ്രഖ്യാപിച്ചു. സർവസൈന്യാധിപന്റെ ചുമതലകൂടി ഏറ്റെടുത്തു. നരനായാട്ടായി. വി എസിന്റെ വെന്തലത്തറ വീടിനുമുമ്പിൽ രാജമുദ്ര പതിഞ്ഞു. കീഴടങ്ങിയില്ലെങ്കിൽ വീട്‌ കണ്ടുകെട്ടുമെന്ന മുന്നറിയിപ്പ്‌. ഒളിവിൽ പോകാൻ പാർടി നിർദേശം കിട്ടി.


Cp2vs സി പി അയച്ച കത്തിൽ വി എസ്‌ അച്യുതാനന്ദനെപ്പറ്റി പറയുന്ന ഭാഗം


ആദ്യം പള്ളാത്തുരുത്തിലും പിന്നീട്‌ പൂഞ്ഞാറിലും എത്തി. അവിടെവച്ചാണ്‌ അറസ്റ്റിലായത്‌. പിന്നീട്‌ പാലാ ലോക്കപ്പിൽ ക്രൂരമായ മർദനത്തിനിരയാക്കി. മരിച്ചെന്ന്‌ കരുതി ഉപേക്ഷിക്കാൻ ഒരുങ്ങുമ്പോൾ ജീവന്റെ ചലനം കണ്ടെത്തി. പിന്നീട്‌ ആലപ്പുഴ പൊലീസ്‌ വന്നു കൊണ്ടുപോയ വി എസിനെ ആലപ്പുഴ സബ്‌ജയിലിൽ അടയ്‌ക്കുകയായിരുന്നു. അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ആ ‘നോട്ടപ്പുള്ളി’ തടവറയിലുമായി .



deshabhimani section

Related News

View More
0 comments
Sort by

Home