നോവൽ
തെറം ‐ 1


പി വി ഷാജികുമാർ
Published on Nov 01, 2025, 12:04 PM | 7 min read
ചിത്രീകരണം: കെ പി മുരളീധരൻ ആമുഖം
ഉറുക്ക്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് കംപ്യൂട്ടറിൽ റാഹത്ത് ഫത്തേ അലി ഖാന്റെ പാട്ടും കേട്ടിരിക്കവെ ആ ചെറുപ്പക്കാരൻ വീണ്ടും ഓർമയിലെത്തി. അമർച്ചിത്രകഥയിലെ ഒരു പക്ഷിയുടെ പേരിലായിരുന്നു നാട്ടുകാർ അവനെ വിളിച്ചിരുന്നത്. എല്ലാത്തിനൊപ്പം പറക്കാനും എല്ലാത്തിൽ നിന്നും പറന്നകലാനും അവന് കഴിവുണ്ടായിരുന്നു. സുൽത്താൻ ഹൈദരലി അംഗരക്ഷകരായി തുർക്കിയിൽ നിന്ന് കൊണ്ടുവന്നവരുടെ പിന്മുറക്കാരനായിരുന്നു അവൻ. അവരെപ്പോലെ അവനും ജീവിതം ഒരു പോരാട്ടമായിരുന്നു. അടർക്കളത്തിൽ തെന്നിവീണും വീണുയർന്നും അവൻ അവനെയും കൂടെയുള്ളവരെയും വലിച്ചുകൊണ്ടുപോയി. പൂർവികരെ പോലെ അയാൾക്ക് കടലായിരുന്നില്ല ജീവിതത്തിൻ കൂര, എന്നാൽ കടൽ അവനെ പൊതിഞ്ഞുപിടിച്ചു. കടലിന്റെ തെറം അവന്റെ കൂടപ്പിറപ്പായിരുന്നു. അതുകൊണ്ട് ആത്മധൈര്യം അവനിൽനിന്ന് ഒരിക്കലും അകലം പാലിച്ചില്ല.
‘തെറം' അവന്റെ കഥയായിട്ടാണ് പറയാൻ വിചാരിച്ചത്. എന്നാൽ എഴുതിത്തുടങ്ങിയപ്പോൾ മനസ്സിലായി, അവനിൽ തുടങ്ങുകയോ അവനിൽ അവസാനിക്കുകയോ ചെയ്യുന്നതല്ല ഇതിലെ കഥകളുടെ കളിയെന്ന്. അവരില്ലാതെ ഒന്നും പൂർണമാവില്ലെന്ന് അവന്റെ യാത്ര എഴുതിത്തുടങ്ങിയപ്പോൾ തന്നെ മനസ്സിലായിരുന്നു. പിന്നെയൊരു പോക്കായിരുന്നു. നടുക്കമുള്ള കഥകളുടെ നടുക്കടലിൽ ചെന്നുചേർന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ. കാസർകോട് കാല് വച്ച വിദേശിയായ ഒരു യാത്രികൻ ആ കഥകളുടെ കപ്പലിൽ കയറി. അയാൾക്കൊപ്പം ഒരു ആമയുമുണ്ടായിരുന്നു.
ആമയുടെ വേഗം മാത്രമേയുള്ളൂ ഇതിലെ കഥകൾക്ക്. പതിയെ ചലിച്ച് ഒച്ചകളിൽ നിന്ന് തലയൊളിപ്പിച്ച് അവ അവയുടെ വഴിയും വഴിത്തെറ്റുകളും അറിയുന്നു. അവിടെയെവിടെയോ ഒരു മുയലുറങ്ങും, ആമയുടെ അനക്കം അങ്ങനെ കാണുമായിരിക്കും. കടലിൽ മാത്രമല്ല, കരയിലും ജീവിതമുണ്ടല്ലോ എന്ന് തലയുയർത്തുമായിരിക്കും.
കടലിലൊരു കടമുണ്ട്.
കടച്ചിലുണ്ട്.
കാടുണ്ട്.
കടപ്പാടുമുണ്ട്.
കര കടലെടുത്തതല്ല, കര കടലിനെയെടുത്ത കഥ കൂടിയാകുന്നു ‘തെറം.’
ചരിത്രാതീതകാലംമുതൽ മാറ്റമില്ലാത്ത ഉപ്പുകാറ്റിന്റെ മണവും സാന്ധ്യവിഷാദങ്ങളിൽ ഉയരുന്ന പരമകാരുണികനായ ദൈവത്തിലേക്കുള്ള വിളിയും ഇപ്പോൾ മനസ്സിൽ നിറയുന്നു.
‘തെറം’ കേൾക്കാൻ നിങ്ങളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
“അസ്‌തഫ്‌റുള്ള..!”
ചിത്രീകരണം: കെ പി മുരളീധരൻ
1. മസ്‌നവി
സൂര്യന്‍ വലിച്ചെറിഞ്ഞ കുങ്കുമച്ചേല കടലണിഞ്ഞ് നിന്ന സന്ധ്യയില്‍ കടല്‍പ്പക്ഷികള്‍ ക്രാകിക്കൊണ്ട് വട്ടമിട്ട് പറന്ന ഉജ്ജിറയിലെ കടല്‍ത്തീരത്ത് പന്ത് ഇടങ്കാലില്‍ പത്തുവട്ടം തട്ടിയുയര്‍ത്തി മുസ്‌തഫ കളിക്കാന്‍ വിളിച്ചപ്പോള്‍ മുത്തലി തീരത്തിരകളില്‍ ഇളകുന്ന ആമക്കുഞ്ഞുങ്ങളില്‍ നോട്ടമിട്ട് കുത്തിയിരിക്കുകയായിരുന്നു. അവയുടെ പിറകെ പളുങ്കിന്റെ തിളക്കമുള്ള കൊലുസിട്ട രണ്ട് കാല്‍പ്പാദങ്ങള്‍ പിന്‍ചെല്ലുന്നത് അവന്‍ മനസ്സില്‍ കണ്ണിട്ടുപിടിച്ചു. ആമകള്‍ പാദങ്ങളില്‍ ഇക്കിളിയാക്കിയതിന്റെ തുടിപ്പില്‍ അവള്‍ മന്ദഹസിക്കുന്നതോര്‍ത്തപ്പോള്‍ അവന്റെ നെഞ്ചിടിപ്പേറുകയും കണ്ണുകള്‍ അറിയാതെ അടയുകയുമുണ്ടായി. കടല്‍ക്കാറ്റിലുലയുന്ന കാറ്റാടിമരങ്ങളുടെ മര്‍മരം പോലെ അവന്‍ അവളുടെ പേര് മന്ത്രിച്ചു: ‘ഹുദ..!'
അപ്പോള്‍ തിരയിരമ്പങ്ങള്‍ക്ക് മുകളിലുയരുന്ന തോണിക്കാരുടെ കൂവല്‍ പോലെ മുസ്‌തഫയുടെ വിളി വീണ്ടുമുയര്‍ന്നു.
‘‘മുത്തലി... എടാ... വാടാ...''
മുത്തലി കണ്ണ് തുറന്നത് ആകാശത്ത് മേഘങ്ങളുടെ കൊത്തുപണിയില്‍ പലനിറങ്ങളില്‍ ചാര്‍ത്തപ്പെട്ടൊഴുകുന്ന മൃഗങ്ങളിലും മലക്കുകളിലും മലകളിലും മരങ്ങളിലും. അവരും അവയും ആകാശമൊരു കടലായി മാറുന്നതെങ്ങനെയെന്ന് അവന് ദൃശ്യമാക്കി. അത്രയും ശോഭയാര്‍ന്നൊരു ആകാശം ഓര്‍മയുടെ ചെറിയ തുരുത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന അറിവ് അവനെ കൂടുതല്‍ സന്തുഷ്ടനാക്കുകയും കൂടുതല്‍ സ്‌നേഹാതുരനാക്കുകയുമുണ്ടായി.
മുസ്‌തഫയുടെ രണ്ടാം വിളിയില്‍ നനഞ്ഞ മണലിലൂടെ മുന്നോട്ട് നടക്കവെ അവന്റെ മനസ്സ് ആനന്ദത്താല്‍ മഥിക്കുന്നുണ്ടായിരുന്നു, കടലിന്റെ ഇളംനീലവെള്ളത്തില്‍ നൃത്തം ചെയ്യുന്ന പല നിറത്തിലുള്ള കുഞ്ഞുമത്സ്യങ്ങളെ പോലെ.
ഉജ്ജിറ പള്ളിയുടെ കിഴക്കതിരായുള്ള ഖബര്‍സ്ഥാനിന് മുന്നിലെ ചെറിയ കളിസ്ഥലത്ത് അവനെത്തുമ്പോള്‍ മുസ്‌തഫയും ഒമ്പത് പേരും പന്ത് തട്ടാന്‍ തുടങ്ങിയിരുന്നു. ദുവായ്‌ക്കെത്തിയവര്‍ അവരുടെ കളി നോക്കുകയും ഒന്നും മിണ്ടാതെ കാലും മുഖവും കഴുകി പള്ളിയിലേക്ക് കയറിപ്പോവുകയുമുണ്ടായി.
മുസ്‌തഫയുടെ ടീമിനൊപ്പം കളിക്കുമ്പോഴും മുത്തലിയുടെ മനസ്സ് കളിസ്ഥലത്തായിരുന്നില്ലെന്നും ഹുദയുടെ കണ്ണുകളിലെ നിലാവെളിച്ചത്തിന്റെ സ്വപ്‌നലോകത്താണെന്നും ആലസ്യത്തിലമര്‍ന്നുള്ള അവന്റെ നടപ്പും ഭാവവും കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു. കളിയുടെ ആവേശയോട്ടങ്ങളിലും സംസാരങ്ങളിലും ആരും അത് ശ്രദ്ധിച്ചില്ലെങ്കിലും അവന്‍ ഹെഡ് ചെയ്യേണ്ട പന്ത് അവിടെനിന്ന് അവള്‍ക്കടുത്തേക്ക് പോയ അവന്റെ മനസ്സ് കാരണം അവന്റെ നെഞ്ചിലേക്ക് ഊക്കിലടിക്കുകയും അവന്‍ മണലില്‍ കമിഴ്‌ന്നടിച്ച് വീഴുകയുമുണ്ടായി. കളിക്കാര്‍ അതുകണ്ട് പൊട്ടിച്ചിരിക്കുകയും പരിഹസിക്കുകയും ചെയ്‌തെങ്കിലും മുസ്‌തഫ മാത്രം അവനെ സഹതാപത്തോടെ നോക്കി. ഏതോ വിചാരത്തിന്റെ ബദ്ധപ്പാടിലാണവനെന്ന് തിരിച്ചറിഞ്ഞ് അവനില്‍നിന്ന് വഴുതിപ്പോയ പന്തെടുത്ത് എതിര്‍പോസ്റ്റിലേക്ക് മുസ്‌തഫ ഉയര്‍ത്തിയടിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
ഗോളിയെയും മറികടന്ന് പോസ്റ്റിനെയും മറികടന്ന് പന്ത് ആയിരത്തിത്തൊള്ളായിരത്തിലെ പെരുമഴയില്‍ മരിച്ചുവീണ തെക്കന്‍കാറ്റെന്ന പന്തുകളിക്കാരന്റെ മീസാന്‍കല്ലില്‍ തട്ടി കടലിലേക്കുയരുകയും മുഷ്ടി ചുരുട്ടിയ ഒരു ഭീമന്‍ കൈ പോലെ മുകളിലേക്കുയര്‍ന്ന തിരവെള്ളപ്പാച്ചലില്‍ മുങ്ങിപ്പോകുകയും ചെയ്‌തു. പന്ത് കടലെടുക്കാതിരിക്കാന്‍ മുസ്‌തഫയും സ്‌നേഹാലസ്യത്തില്‍ നിന്നുണര്‍ന്ന് മുത്തലിയും ശരം വിട്ടതുപോലെ പായവെ ചുവന്ന കടലൊന്നാകെ മതില് പോലെ ഉയര്‍ന്നുപൊങ്ങുന്നത് ഇരുവരും കണ്ടു. മൃത്യുവാഹകരായി തിരകള്‍ അലറിയപ്പോള്‍ കടലിന്റെ ചാവുമണം അവരെ പൊതിഞ്ഞു. സഹായത്തിനായി പരിഭ്രാന്തിയോടെ മുത്തലി തിരിഞ്ഞുനോക്കി: അവിടെ കളിസ്ഥലമോ കളിക്കാരോ പള്ളിയോ ഖബര്‍സ്ഥാനോ ഒന്നുമുണ്ടായിരുന്നില്ല..!
തകര്‍ന്ന മനസ്സിന്റെ ചാവുതരിപ്പോടെ ചുവന്ന കടലിലേക്ക് നോക്കവെ മുത്തലി കണ്ടു: മയ്യത്തായവരുടെ മനുഷ്യനെന്ന് പേരിട്ട് വിളിക്കുന്ന ഓനത്തില്‍ അബ്ദുള്ളയെന്ന അറുപത്തിയാറുകാരന്‍ തിരകള്‍ക്ക് മുകളില്‍ നിസ്‌കാരപ്പായയിലിരുന്ന് അവരെയും നോക്കി മന്ദഹസിക്കുന്നു.
അബ്ദുള്ളയുടെ ചുമലിലും മടിയിലും കൈയിലും പല കാലങ്ങളില്‍ പല നേരങ്ങളില്‍ പല കാരണങ്ങളില്‍ മയ്യത്തായവര്‍ കടലെടുക്കാതിരിക്കാനെന്നോണം അയാളെ കെട്ടിപ്പിടിച്ചുനില്‍ക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശ്ചര്യത്തിന്റെയും ഭയത്തിന്റെയും സാത്താന്‍കോട്ടയില്‍ അനങ്ങാനാവാതെ മുത്തലി വിറങ്ങലിച്ച് നില്‍ക്കവെ കറുത്ത ആകാശത്തിന് കൈകളുയര്‍ത്തി പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ അബ്ദുള്ള സത്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങി. അതില്‍ ഒരു വാക്യം മാത്രം തിരമാലകള്‍ ഏറ്റുചൊല്ലി: ‘‘അസ്‌തഫ്‌റുള്ളാ...!''
2. പിൻവിളി
നിശാനിദ്രയില്‍നിന്ന് നിസ്സഹായതയോടെ മുത്തലി കണ്ണ് തുറന്നത് കിടപ്പറയിലെ നീലസമുദ്രം പോലെ നിലാവ് നീലിച്ചുകിടന്ന നീളന്‍ജാലകത്തിലേക്ക്. ജാലകത്തിലൂടെ ആകാശത്ത് ചന്ദ്രന്റെ ചെറുചില്ല് ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് തിളങ്ങുന്നുണ്ടായിരുന്നു. ചില്ലുജാലകത്തിലെ നേര്‍ത്ത വിടവിലൂടെ മുറിയിലേക്ക് അരിച്ചുവന്ന ജലം തൊട്ട കാറ്റില്‍ കടലിന്റെ ഉപ്പുരസം തൊട്ടിരിക്കുന്നതായി അവന്‍ അറിഞ്ഞു. അവന്‍ താമസിച്ച ഹോട്ടലിന്റെ വലിയ ദൂരത്തുപോലും തിരയോ തീരമോ കടല്‍പ്പക്ഷികളോ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഉപ്പുകാറ്റിന്റെ രുചി കറുപ്പ് തരികളുള്ള തന്റെ നാവിനറ്റത്ത് പടരുന്നതിന്റെ രഹസ്യമറിയാന്‍ അവന്റെ മനസ്സ് വട്ടമിട്ട് പറന്നു.
രാത്രിയുടെ മൂന്നാം യാമത്തിലെ സ്വപ്‌നതീരത്തുനിന്ന് കടല്‍ക്കാറ്റ് മുറിയിലെത്തിയതാണോ എന്ന സന്ദേഹത്തിലും സ്വപ്‌നത്തിന്റെ അർഥം കിട്ടാത്ത അമ്പരപ്പിലും ആമക്കുഞ്ഞുങ്ങളുടെ ദ്രുതചലനങ്ങള്‍ക്കൊപ്പം സ്വപ്‌നത്തില്‍ വേലിയേറ്റം ചെയ്‌തവരുണ്ടാക്കിയ വിഷാദത്തിലും മുത്തലിക്ക് സ്വയം അവനെ അല്‍പ്പനേരത്തേക്ക് നഷ്ടമാവുകയും അനേകമായ ഇടങ്ങളിലേക്കും അനേകമായ കാലങ്ങളിലേക്കും അവന്‍ എത്തിപ്പെടുകയുമുണ്ടായി. ആഴങ്ങളുടെ ചിറകുകളുള്ള ഉള്‍ക്കടലില്‍ ഗതി നഷ്ടപ്പെട്ട പായ്‌വഞ്ചിയിലെ ദിശയും ദിക്കുമറിയാത്ത ഏകാകിയായ തുഴക്കാരനായി മുത്തലി.
ഹുദ...
അബ്ദുള്ള...
മുസ്‌തഫ...
ആ പേരുകളും അവരുടെ ജീവിതങ്ങളും ആ തുഴയെറിയലില്‍ വൈവിധ്യഭാവങ്ങളുള്ള കടല്‍ത്തിരകളായി അവനില്‍ താണുയര്‍ന്നു.
ഹുദ വേദനയുടെ ഒച്ചയൂര്‍ന്നുപോയ സ്‌നേഹത്തിന്റെ അല.
അബ്ദുള്ള ജന്മത്തിന്റെയും ഒടുക്കത്തിന്റെയും ആഴത്തിര.
എന്നാല്‍ ഏത് തിരയാണ് മുസ്‌തഫ അണിയുകയും അലയുകയും അകലുകയും അടങ്ങുകയും ചെയ്യുന്നതെന്ന് ആലോചിക്കുന്തോറും അറ്റം കിട്ടാത്ത കടല്‍പോലെ മുത്തലിയില്‍നിന്ന് അത് മാഞ്ഞുപോയി.
മുസ്‌തഫയില്‍ നിന്നായിരുന്നു അതിന്റെ തുടക്കം.
മുസ്‌തഫയില്‍ നിന്ന് തന്നെയായിരുന്നു അതിന്റെ ഒടുക്കവും.
മുസ്‌തഫയില്‍ എല്ലാ തിരകളും ഒന്നായി.
എല്ലാം മുസ്‌തഫയായി.
ചിത്രീകരണം: കെ പി മുരളീധരൻ
എല്ലാ കഥകളും തുടങ്ങിയത് മുസ്‌തഫയില്‍ നിന്നായിരുന്നു. അപ്പോള്‍ എല്ലാ കഥകളും അവസാനിക്കേണ്ടതും മുസ്‌തഫയില്‍ നിന്നായിരിക്കുമല്ലോ എന്ന് മനസ്സില്‍ അടിവരയിട്ടപ്പോള്‍ സുബ്ഹി നിസ്‌കാരത്തിനുള്ള സമയമായെന്ന് നിലാവ് കീറിവരുന്ന സൂര്യന്‍ അവനെ ഓര്‍മയാക്കി. അവന്‍ കട്ടിലില്‍നിന്ന് വേഗത്തില്‍ എഴുന്നേല്‍ക്കുകയും സ്വയം ശുചിയാക്കുകയും കട്ടിലിലെ വിരിപ്പ് വെളിച്ചത്തിന് നേര്‍ക്ക് നിലത്തിട്ടിരിക്കുകയുമുണ്ടായി.
ദൂരെയേതോ പള്ളിയില്‍ നിന്ന് സുബഹിയുടെ വാങ്കുവിളി ഉയര്‍ന്ന നേരത്ത് മുത്തലി അള്ളാഹുവിനെ ഓര്‍മിച്ചു. പള്ളിയില്‍ നിന്ന് ‘ഹയ്യ അലസ്സലാത്ത് ഹയ്യ അലല്‍ ഫലാഹ്'* എന്ന് കേട്ടപ്പോള്‍ അവന്‍ ‘ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബിലാഹ**' എന്നോതുകയും ‘അസ്സലാത്തു ഹയ്‌റും മിന നൗം'*** എന്ന് പറഞ്ഞപ്പോള്‍ ‘അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍'**** എന്ന് പറയുകയുമുണ്ടായി. ആ നേരത്തെല്ലാം അവന്റെ മനസ്സിന്റെ നിസ്‌കാരപ്പായയില്‍ മുസ്തഫ കൂടെയിരുന്നു. സ്വപ്നത്തിലും നിലയിരിപ്പിലും മുസ്തഫ നിറയുന്നതിന്റെ ആധിയില്‍ മുത്തലിയുടെ നിസ്‌കാരം വേഗത്തിലായി.
നിസ്‌കാരപ്പായയില്‍നിന്നെഴുന്നേറ്റ് പെന്‍ഡുലമാടുന്ന ഘടികാരത്തിന് കീഴിലുള്ള സോഫയിലിരുന്ന് അവന്‍ വെപ്രാളത്തോടെ മുസ്‌തഫയെ ഫോണെടുത്ത് വിളിച്ചു, ഉപ്പുകാറ്റ് അപ്പോഴും നിലച്ചിരുന്നില്ല. ആദ്യത്തെ വിളിയില്‍ മൊബൈല്‍ സ്വിച്ച്ഡ് ഓഫെന്ന് അറിയിപ്പ് വന്നെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ ‘ഒരു നാള്‍ നിന്നെ കാണു'മെന്ന് അർഥമുള്ള തൊണ്ണൂറുകളിലെ ഒരു ഹിന്ദി പ്രേമഗാനത്തിന്റെ കോളര്‍ട്യൂണുയര്‍ന്നു. ഫോണ്‍ എടുത്തില്ലെങ്കിലും മുസ്‌തഫ അപ്പുറത്തുണ്ടെന്ന ആശ്വാസത്തില്‍ ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും വെറുതെ അവന്‍ കണ്ടുകൊണ്ടിരിക്കവെ നാട്ടില്‍നിന്ന് രണ്ടുപേരുടെ വിളി വന്നു. കോളെടുക്കാതെ അവന്‍ ഫോണ്‍ സൈലന്റിലിട്ടു.
ഉജ്ജിറ കടല്‍ത്തീരവും പള്ളിയും ഖബര്‍സ്ഥാനും മൊബൈലില്‍ സ്‌ക്രോള്‍ ചെയ്‌തുകാണവെ സ്വപ്‌നത്തിലെ ദൃശ്യങ്ങള്‍ക്കും യഥാർഥ ദൃശ്യങ്ങള്‍ക്കും വലിയ വ്യത്യാസമില്ലെന്ന് മുത്തലി അത്ഭുതപ്പെട്ടു. മുസ്‌തഫയടിച്ച പന്ത് മുട്ടിയ തെക്കന്‍കാറ്റിന്റെ മീസാന്‍കല്ല് കാണാന്‍ ഖബര്‍സ്ഥാന്‍ വലുതാക്കി നോക്കിയെങ്കിലും പച്ചക്കാടുകളും അതിന്റെ കൊമ്പുകളിലൊന്നില്‍ കീഴ്‌പ്പോട്ട് നോക്കിയിരിക്കുന്ന ഇറ്റിറ്റിപ്പുള്ളെന്ന പക്ഷിയെയും മാത്രം അവന്‍ കണ്ടു. കാട്ടുകറുപ്പില്‍ മൂടിക്കിടക്കുന്ന അബ്ദുള്‍ ഖാദര്‍ എന്ന തെക്കന്‍കാറ്റ് മുത്തലിയുടെ മനസ്സില്‍ തെളിഞ്ഞു. മൈതാനത്ത് കാറ്റ് പോലെ അലയുന്നതുകൊണ്ട് തെക്കന്‍കാറ്റെന്ന വിളിപ്പേരിലായ ഖാദര്‍ അറുപതുകളില്‍ പുലരി ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രതിരോധനിരയിലെ നടുക്കണ്ടമായിരുന്നു. ദുര്‍ബല ടീമായിരുന്നു പുലരിയെങ്കിലും അയാളുടെ പ്രതിരോധത്തില്‍ എതിര്‍ടീമുകള്‍ ഗോളടിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. പ്രതിരോധത്തിലെ അയാളുടെ മികവ് കണ്ട് കണ്ണൂര്‍ ലക്കിസ്റ്റാറും മംഗലാപുരം സെവൻ ഫൈറ്റേഴ്‌സും അയാളെ കളിക്കാന്‍ വിളിച്ചിട്ടുണ്ട്.
കളിയുടെ കാലത്ത് അയാള്‍ മൈതാനത്തും കളി കഴിഞ്ഞാല്‍ അയാള്‍ ചാരായക്കടയിലുമായി. കളിക്കുമ്പോള്‍ അയാള്‍ക്ക് രണ്ട് കാലും കളിക്കാതിരിക്കുമ്പോള്‍ അയാള്‍ക്ക് നാല് കാലുമുണ്ടായത് അങ്ങനെ.
ഒരിക്കല്‍ എതിര്‍ടീമിലെ ഫോർവേഡായ ചെറുപ്പക്കാരന്‍ വലങ്കാലിന് നോക്കിയടിച്ചതോടെ, മുട്ടിന്റെ ചിരട്ട തകര്‍ന്ന് അയാള്‍ക്ക് കളിക്കാന്‍ കഴിയാതെയായി. എന്നാലും സ്വന്തം ക്ലബ്ബ് കളിക്കുന്നയിടങ്ങളിലെല്ലാം നടക്കാനുള്ള വിഷമം സഹിച്ച് അയാള്‍ കളി കാണാനെത്തും. കുടുംബവും കൂട്ടരുമില്ലാത്ത അയാള്‍ക്ക് പുലരി ആയിരുന്നു എല്ലാം. അങ്ങനെയിരിക്കവെ ടീമിന് കളിക്കാന്‍ കൊണ്ടുപോവാന്‍പോലും കാശില്ലാതെയാവുകയും ടീമിലെ നല്ല കളിക്കാര്‍ തൊട്ടടുത്തുള്ള യുവചേതനയിലേക്ക് ചേക്കേറുകയും ചെയ്‌തതോടെ പുലരി പുലരാതെയായി. അതോടെ തെക്കന്‍കാറ്റ് ഒറ്റയായി. കളി കാണല്‍ തുടര്‍ന്നെങ്കിലും കഠിനമായ ഏകാന്തതയുടെയും വിഷാദത്തിന്റെയും കടല്‍ച്ചുഴിയില്‍ അയാള്‍ ഉലഞ്ഞു.
മരണത്തിന്റെ കളിയിലേക്ക് അയാള്‍ കാല് മാറിയത് ഏകാന്തതയിലും വിഷാദത്തിലും മനസ്സിന്റെ കാല് തെന്നിയപ്പോള്‍. മരണാനന്തരച്ചടങ്ങുകളില്‍ മൂന്നാമനായി തെക്കന്‍കാറ്റ് മയ്യത്തിന്റെ അരങ്ങിലെത്തി. രാത്രിയെന്നോ പകലെന്നോ നോക്കാതെ, ശരീരക്കേട് കൂട്ടാക്കാതെ, കാലത്തെ കൂസാതെ മരിച്ചവരെ അന്തസ്സൊട്ടും കുറയാതെ യാത്രയയ്‌ക്കാന്‍ അയാള്‍ മുന്നിലെത്തി. പണക്കാരാവട്ടെ പാവങ്ങളാവട്ടെ മരിച്ചവര്‍ ആരായാലും ഒറ്റമുണ്ട് മാത്രമുടുത്ത് ആദരവോടെ അയാള്‍ കര്‍മങ്ങള്‍ക്ക് ഒപ്പം നിന്നു.
മരിച്ചവരെ പരിപാലിച്ച് മൃത്യുവിന്റെ വരവും തെക്കന്‍കാറ്റ് മനസ്സിലാക്കാന്‍ തുടങ്ങിയോ എന്ന് ഉജ്ജിറക്ക് സംശയം പിടിച്ചു. മരണമെത്തും മുമ്പേ കാറ്റ് നിശ്ചലമാവും പോലെ തെക്കന്‍കാറ്റ് മൂകതയുടെ മൗനഗുഹയില്‍ കൂനിയിരിക്കാറുണ്ടെന്നും നായകളുടെ ദൈന്യവിലാപത്തില്‍ മരണത്തിന്റെ ഒച്ച താന്‍ കേള്‍ക്കുന്നുവെന്ന് തെക്കന്‍കാറ്റ് പറഞ്ഞുവെന്നും ആളുകള്‍ ആശ്ചര്യം കൊണ്ടു. പതിയെപ്പതിയെ തെക്കന്‍കാറ്റില്‍നിന്ന് മരണഭയം കാറ്റ് പോലെ ഉജ്ജിറയില്‍ പടര്‍ന്നു. ഒറ്റ മുടിയില്ലാത്ത തെക്കന്‍കാറ്റിന്റെ വലിയ ശിരസ്സിലും താടിയും മീശയും കിളര്‍ക്കാത്ത മുഖത്തിലും ഉയരമില്ലാത്ത ഉടലിലും ദേശം ഒരു വില്ലനെയുണ്ടാക്കി. ഉടലാകെ കുരുക്കള്‍ പൊന്തി, കിടപ്പിലായൊരു മനുഷ്യന്‍ തെക്കന്‍കാറ്റിനെ കണ്ടന്ന് രാത്രി പരലോകത്തേക്ക് യാത്രയായി. അതോടെ മരണം തെക്കന്‍കാറ്റിനൊപ്പം തന്നെയുണ്ടെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. തെക്കന്‍കാറ്റ് വീട്ടില്‍ കയറിയാല്‍ ആ വീട്ടിലെ ഒരാളെങ്കിലും നേരമൊട്ടും കുറയാതെ തെക്കോട്ടെടുക്കും എന്ന് ആളുകള്‍ നുണയുടെ ആധി പറഞ്ഞുപരത്തി.
ചിത്രീകരണം: കെ പി മുരളീധരൻ
അതോടെ അയാള്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനായി. ആരും ഒന്നും അയാള്‍ക്ക് കഴിക്കാന്‍ കൊടുത്തില്ല. കണ്ടവര്‍ അയാളെ കല്ലെറിഞ്ഞോടിച്ചു. ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലിന്റെയും അവഗണനയുടെയും ചാവുകടലില്‍ അയാള്‍ക്ക് ശ്വാസംമുട്ടി. നത്തുപക്ഷികള്‍ അക്കരെനിന്ന് കരഞ്ഞ രാത്രി, പുലരിയുടെ മൈതാനത്ത് അയാള്‍ ഒറ്റയ്‌ക്ക് ഫുട്‌ബോള്‍ കളിച്ചു. ചിരട്ടയില്ലാത്ത മുട്ടില്‍ വേദനയുടെ പക്ഷികള്‍ കൊത്തിവലിക്കുന്നതൊന്നും അയാള്‍ അറിഞ്ഞില്ല. അയാള്‍ കളിച്ചുകൊണ്ടേയിരുന്നു. ഫോർവേഡും ഡിഫന്‍ഡറും ഗോളിയും അയാള്‍ തന്നെയായി.
പുലര്‍ച്ചെ പോത്തിനെ പറമ്പില്‍ കെട്ടാന്‍ വന്നൊരു വയസ്സനാണ് പന്തും കെട്ടിപ്പിടിച്ച് കമിഴ്‌ന്നുകിടക്കുകയായിരുന്ന തെക്കന്‍കാറ്റിനെ കണ്ടത്. അയാളുടെ ഇടങ്കാലിനെ വളകള്‍ തികഞ്ഞ വളയപ്പാന്‍ ചുറ്റിപ്പിടിച്ചിരുന്നു. പാമ്പ് അയാളുടെ കാല്‍മടമ്പില്‍ ശിരസ്സ് ചേര്‍ത്തുവച്ചിരുന്നു. തെക്കന്‍കാറ്റിനെ കണ്ടതും വയസ്സന്റെ പോത്ത് വാലും പൊന്തിച്ച് വഴിയറിയാതെ കിതച്ചു. ഭയന്നുവിറച്ച് വെയില്‍ പകലിന്റെ വാതില്‍ തുറന്നുവരുന്നത് വരെ വയസ്സന്‍ നിന്ന നില്‍പ്പില്‍ നിന്നു.
കുട്ടിക്കാലത്ത് കേട്ട തെക്കന്‍കാറ്റിന്റെ കഥയില്‍ മനസ്സുറപ്പിച്ച് കുളിമുറിയില്‍നിന്ന് പുറത്തേക്ക് വരവെ മുത്തലിയുടെ ഇടങ്കൈയിലെ തള്ളവിരല്‍ വാതലിനിടയില്‍ ചെറുതായൊന്ന് കുരുങ്ങി. വേദന നഖത്തില്‍ കുത്തിപ്പറിച്ചു. ഇടങ്കൈ കുടഞ്ഞ് വേദന ആറ്റാന്‍ ശ്രമിക്കവെ മുസ്‌തഫയുടെ തിരിച്ചുവിളിയുണ്ടായി.
‘‘എന്താ..?''
തിര കരിങ്കല്ലില്‍ തട്ടി ഉയരുന്നത് പോലെ മുസ്‌തഫയുടെ ഒച്ച.
‘‘ഒന്നൂല്ലാ.. നീ പൊരക്കില്ലേ..?''
വേദന കടിച്ചമര്‍ത്തിക്കൊണ്ട് മുത്തലി ചോദിച്ചു.
‘‘ഉം.. എന്തിന്ാ..?''
‘‘ഒന്നൂല്ലാ...''
മുത്തലിയുടെ ശബ്ദം ദുര്‍ബലമായി.
അപ്പുറത്ത് നിന്ന് ഒരു മൂളല്‍ മാത്രം കേട്ടു.
മുത്തലിക്ക് തുടര്‍ന്ന് മിണ്ടണമെന്നുണ്ടായിരുന്നു.
വാക്കുകള്‍ ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടി.
നിശ്ശബ്ദത അലയില്ലാക്കടലായി.
‘‘നീ ശ്രദ്ധിക്കണം..!''
ചിത്രീകരണം: കെ പി മുരളീധരൻ
മുത്തലി കഷ്ടപ്പെട്ട് പറയാന്‍ തുടങ്ങിയതാണ്, അപ്പോഴേക്കും അപ്പുറത്ത് ഫോണ്‍ കട്ടായി. മുസ്‌തഫ അങ്ങനെയാണ്. കാര്യം മാത്രം പറയും, തീര്‍ന്നാല്‍ അപ്പോള്‍ തന്നെ ഫോണ്‍ വയ്‌ക്കും. വീണ്ടും വിളിക്കണമെന്ന് തോന്നിയെങ്കിലും തിരിച്ചുവിളിച്ചാല്‍ മുസ്‌തഫ എടുക്കില്ലെന്ന് ഉറപ്പായതിനാല്‍ അവന്‍ ഫോണ്‍ കിടക്കയിലിട്ടു.
വാതിലമര്‍ന്ന വിരല്‍ഭാഗത്ത് പതുക്കെത്തൊട്ട് അവന്‍ സോഫയില്‍ ചാഞ്ഞിരുന്നു. ഹൃദയമിടിപ്പ് പോലെ ചോരത്തടിപ്പുണ്ടാക്കിയ തള്ളവിരലിലെ വേദന തുടിച്ചു.
‘എല്ലാവരും പന്ത്രണ്ട് മണിക്ക് ഗ്രൗണ്ടിലെത്തണം..'
കോച്ച് വർഗീസിന്റെ വാട്‌സാപ്പ് മെസേജ് ഫോണില്‍ നോട്ടിഫിക്കേഷനായി ഉയര്‍ന്നു.
മെസേജൊന്ന് നോക്കി, അവന്‍ മൊബൈല്‍ വച്ചയിടത്ത് തന്നെ വച്ച് ടെലിവിഷന്‍ ഓണ്‍ ചെയ്‌ത് യൂറോ കപ്പില്‍ സ്‌പെയിനിന്റെയും ജര്‍മനിയുടെയും കളിയുടെ ഹൈലൈറ്റ്‌സും നോക്കി നിസ്സംഗതയോടെ ഇരുന്നു.
കളിയില്‍ അവന്റെ മനക്കണ്ണുറച്ചില്ല.
‘‘നീ സൂക്ഷിക്കണം...!''
ഉള്ളില്‍ നിന്നൊരാള്‍ ഒച്ചയില്ലാതെ പറഞ്ഞു.
അത് മുത്തലി മുസ്‌തഫയോട് പറഞ്ഞതാണോ..?
അതോ, മുത്തലി മുത്തലിയോട് പറഞ്ഞതോ..!.(തുടരും)
* ഹയ്യ അലസ്സലാത്ത് ഹയ്യ അലല്‍ ഹലാഹ് ‐ - നമസ്‌ക്കാരത്തിലേക്ക് വരുവിന്‍.. വിജയത്തിലേക്ക് വരുവിന്‍.
** ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബിലാഹ ‐ - ഒരു മനുഷ്യന് ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശേഷിയോ ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല.
*** അസ്സലാത്തു ഹയ്‌റും മിന നൗം -‐ ഉറക്കത്തേക്കാള്‍ ശ്രേഷ്ഠമാണ് നമസ്‌ക്കാരം
**** അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍- ‐ അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവാണ് ഏറ്റവും വലിയവൻ









0 comments