ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ

കൊച്ചി : നഗരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പിള്ളി കല്ലേലി ഭാഗം സ്വദേശി നൗഫലിനെയാണ് (22) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്‌ച പകൽ രണ്ടിന് ആണ് കേസിനാസ്‌പദമായ സംഭവം. എറണാകുളം പെന്റാമേനകയിലെ സീ ഷെൽ ബാറിന് മുന്നിൽ നിന്ന പരാതിക്കാരനെ പ്രതിയടക്കം മൂന്നുപേർ ചേർന്ന് എസ്‌ബിഐ ബാങ്കിന് സമീപത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
പ്രതികൾ പരാതിക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 3500 രൂപയും എടിഎമ്മിൽ നിന്ന് 7300 രൂപ പിൻവലിപ്പിച്ചും തട്ടിയെടുത്തു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടക്കവെ, തിങ്കൾ രാത്രി എറണാകുളം എംജി റോഡിലലെ ഡോർമെട്രിയിൽ നിന്നും നൗഫലിനെ പിടികൂടുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയാണ് നൗഫൽ. ഇയാളെ റിമാൻഡ് ചെയ്തു. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ മുകുന്ദൻ, മുബാറക്, സിപിഒമാരായ രതീഷ്, സനീഷ്, മിഥുൻ മോഹൻ, ബരീഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments