യുപിയിൽ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

ലഖ്നൗ : ഉത്തർപ്രദേശിൽ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. മൊറാദാബാദിൽ ശനിയാഴ്ചയാണ് സംഭവം. സൈറ എന്ന ഇരുപതുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി റാഫിയെ പൊലീസ് പിടികൂടി. സൈറയുമായി പ്രണയത്തിലായിരുന്നു താനെന്നാണ് പ്രതിയുടെ വാദം. ശനിയാഴ്ച കന്നുകാലികൾക്ക് തീറ്റ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സൈറയെ കാണാതാവുകയായിരുന്നു.
ഞായറാഴ്ച ഗ്രാമത്തിലെ വയലിൽ കുത്തേറ്റ നിലയിൽ സൈറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് സൈറയെ കുത്തിക്കൊലപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങളിലടക്കം സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി മുറിവേൽപ്പിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സൈറയെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ സൈറ അനുകൂലമായി പ്രതികരിച്ചില്ലെന്നുമാണ് റാഫി പറഞ്ഞത്. ഗ്രാമത്തിലുള്ള മറ്റൊരാൾ കുറച്ചുദിവസങ്ങൾക്കുമുമ്പ് റാഫിയെ മർദിച്ചിരുന്നു. ഇത് സൈറ ചെയ്യിപ്പിച്ചതാണെന്നും ഈ യുവാവുമായി സൈറ പ്രണയത്തിലാണെന്നു കരുതിയതുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റാഫിയുടെ മൊഴി.
സംഭവത്തിനു ശേഷം സംഭവത്തിന് പ്രതി സൈറയെ രണ്ട് ദിവസത്തോളം പിന്തുടർന്നു. ശനിയാഴ്ച സൈറയെ പിന്തുടർന്ന് വയലിലെത്തിയ പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 18ഓളം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി സംഭവസ്ഥലത്തുനിന്നും മടങ്ങിയതെന്നും വീട്ടിലെത്തിയ പ്രതി കൊല നടന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.
സൈറയുടെ ഫോൺ പരിശോധിച്ചതുവഴിയാണ് പ്രതിയിലേക്കെത്തിയത്. അന്വേഷണത്തിൽ സൈറയുടെ മൊബൈൽ ഫോണിലേക്ക് അഞ്ച് മിസ്ഡ് കോളുകൾ വന്നതായി പൊലീസ് കണ്ടെത്തി. നമ്പർ പരിശോധിച്ചപ്പോഴാണ് റാഫിയുടേതാണെന്ന് അറിഞ്ഞത്. റാഫിയും ഇതേ ഗ്രാമത്തിൽ തന്നെയാണ് താമസിക്കുന്നത്. റാഫി തന്റെ മകളെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്ന് സൈറയുടെ അമ്മ സഫീന പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് റാഫിയെ കസ്റ്റഡിയിലെടുത്തത്.









0 comments