ശബരിമല: മാസ്‌റ്റർ പ്ലാൻ പദ്ധതികൾക്ക് 70.37 കോടിരൂപ ചെലവഴിച്ചു


സ്വന്തം ലേഖകൻ
Published on Sep 18, 2025, 12:09 PM | 1 min read
തിരുവനന്തപുരം: ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പസംഗമം നടത്തുമ്പോൾ സർക്കാരിന് അഭിമാനിക്കാനേറെ. തീർഥാടകരുടെ സൗകര്യ വർധനവിനായി ശബരിമല മാസ്‌റ്റർ പ്ലാൻ യാഥാർഥ്യമാക്കി തീർഥാടന കാലം സുഗമമാക്കി. ശബരിമല മാസ്‌റ്റർ പ്ലാനിന്റെ ഭാഗമായ പദ്ധതികൾക്ക്‌മാത്രം 2016–21 ലെ സർക്കാരും നിലവിലെ സർക്കാരും 70,37,74,264 രൂപയാണ് ചെലവഴിച്ചത്. മാസ്‌റ്റർ പ്ലാനിലെ 35 പദ്ധതികൾക്കായാണ് ഇൗ തുക ചെലവഴിച്ചത്. സന്നിധാന വികസനത്തിനും പമ്പ ട്രക്ക് റൂട്ടിനുമായി 1033.62 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസയിൽ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണിത്.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേഔട്ട് പ്ലാനിന് 2020-ല്‍തന്നെ സര്‍ക്കാര്‍ അംഗീകാരം നൽകിയിരുന്നു. സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി 778.17 കോടി രൂപയും പമ്പയുടെയും ട്രക്ക് റൂട്ടിന്റെ യും വികസനത്തിനായി 255.45കോടി രൂപയും ഉൾപ്പെ ടെയാണ് 1033.62 കോടി രൂപയുടെ പദ്ധതി.
ശബരിമല റോപ് വേ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവയുടെ നിര്‍മാണകരാറില്‍ ഏര്‍പ്പെട്ടതായി മന്ത്രി അറിയിച്ചു. റോപ്‌വേ യാഥാര്‍ഥ്യമാകുന്നതോടെ ചരക്ക് നീക്കം പൂര്‍ണമായും ഇതുവഴിയാകും. നിലവില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് പമ്പയില്‍നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം.
ശബരിമലയിലെ സൗകര്യം വർധിപ്പിക്കാനായി കഴക്കൂട്ടം, ചെങ്ങന്നൂർ, ചിറങ്ങര, എരുമേലി, നിലയ്‌ക്കൽ, മണിയങ്കോട് എന്നിവിടങ്ങളില്‍ കിഫ്ബി സഹായത്തോടെ 116.41 കോടി രൂപ ചിലവഴിച്ചു ഇടത്താവള നിർമാണം ആരംഭിച്ചു. ഇതിൽ കഴക്കൂട്ടം, മണിയങ്കോട് ഇടത്താവളങ്ങളുടെ നിർമാണം പൂര്‍ത്തിയായി. നിലയ്ക്കലിലുള്ള ഏഴ് വിരി കെട്ടിടങ്ങളില്‍ മൂന്ന് വിരി കെട്ടിടങ്ങള്‍ തീര്‍ഥാടകര്‍ക്കായി തുറന്ന് നല്‍കിയിരുന്നു.









0 comments