കാശ് പോര കുപ്പിയും വേണം: പിടിയിലായ ആർ ടി ഒ യുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 49 കുപ്പി മദ്യം

കൊച്ചി: വിജിലൻസ് പിടിയിലായ എറണാകുളം ആർ ടി ഒ ജെർസന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 49 കുപ്പി മദ്യം. കാശ് മാത്രം പോര കൂടെ ഒരു കുപ്പിയും എന്നാണ് കൈക്കൂലിയിൽ നിബന്ധന വെച്ചിരുന്നത്. അങ്ങിനെ വീട് തന്നെ ഒരു ബാർ സെറ്റപ്പിലേക്ക് ഉയർന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഏജന്റുമാരെ ഉപയോഗിച്ചാണ് കൈക്കൂലി ഇടപാട് സുരക്ഷിതമായി നടത്തിയിരുന്നത്. പരാതി പ്രകാരം വിജിലൻസ് എത്തിയപ്പോൾ റബർ ബാൻഡ് ഇട്ട് വേർതിരിച്ച 64000 രൂപയും കണ്ടെത്തി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതും വിജിലൻസ് പരിശോധിക്കയാണ്. ബാങ്ക് അക്കൌണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചു. 84 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ പേരുകളിൽ നിക്ഷേപമുള്ളതായി കണ്ടെത്തി.
ഫോർട്ട്‌കൊച്ചി ചെല്ലാനം സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ ജെർസൻ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ് സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് ആർ.ടി.ഒ. ജെർസനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരുടെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് കഴിഞ്ഞ മൂന്നിന് അവസാനിച്ചതാണ്. ഇവരുടെ മറ്റൊരു ബസിന് പെർമിറ്റ് അനുവദിക്കുന്നതിന് ആർ.ടി. ഓഫീസിൽ അപേക്ഷ നൽകിയിട്ടുമുണ്ട്. ഇതിന് ആർ.ടി.ഒ. ജെർസൻ ആറാം തീയതി വരെ താത്‌കാലിക പെർമിറ്റ് അനുവദിച്ചു. ശേഷം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.
പ്രതിസന്ധി മനസിലാക്കി ജെർസന്റെ നിർദേശപ്രകാരം ഏജന്റായ രാമ പടിയാർ പരാതിക്കാരനെ സമീപിച്ചു. പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ. ജെർസൻ ആവശ്യപ്പെട്ടതായി പറഞ്ഞ് ഇടനില വാഗ്ദാനം ചെയ്തു. പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിച്ചു.
ഇതോടെയാണ് ജെർസൻ പിടിയിലായത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.









0 comments