കുപ്രസിദ്ധ കൊലയാളി 'ഡോക്ടർ ഡെത്ത്' അറസ്റ്റിൽ

ന്യൂഡൽഹി: കുപ്രസിദ്ധ കൊലയാളി ഡോക്ടർ ഡെത്ത് അറസ്റ്റിൽ. 67കാരനായ ദേവേന്ദർ ശർമയാണ് പിടിയിലായത്. ഒരു ആശ്രമത്തിൽ വ്യാജപൂജാരിയായി വേഷമിട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രാജസ്ഥാനിലെ ദൗസയിൽ നിന്ന് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്പതിലധികം കൊലപാതക കേസുകളിൽ പ്രതിയാണ് ദേവേന്ദർ ശർമ. തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2023 ആഗസ്തിലാണ് ഡോക്ടർ ഡെത്തിന് പരോൾ ലഭിക്കുന്നത്. പരോളിലിറങ്ങി മുങ്ങിയ ഇയാൾക്കായി 2 വർഷത്തിലധികമായി ഡൽഹി പൊലീസ് അന്വേഷണത്തിലായിരുന്നു.
ആയുർവേദ ഡോക്ടറായിരുന്നു ദേവേന്ദർ ശർമ. അനധികൃതമായി വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിലെ പ്രധാനിയായിരുന്നു ഇയാൾ. 1998 നും 2004 നും ഇടയിൽ 125 ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇയാൾ നടത്തിയത്. 2002 നും 2004 നും ഇടയിൽ 21 ടാക്സി, ട്രക്ക് ഡ്രൈവർമാരെ ഇയാൾ കൊലപ്പെടുത്തി. തുടർന്ന് മുതലകൾ നിറഞ്ഞ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ ഹസാര കനാലിലേക്ക് ഇയാൾ ഇരകളുടെ മൃതദേഹങ്ങൾ തള്ളുകയായിരുന്നു. ഡ്രൈവർമാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കുകയും ചെയ്തിരുന്ന ഇയാളുടെ പേരിൽ 27 കേസുകൾ ഉണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
21 ടാക്സി-ട്രക് ഡ്രൈവർമാരെ കൊന്ന് ഇയാൾ മൃതദേഹം മുതലകളുള്ള കനാലിലേക്ക് ഉപേക്ഷിച്ചെന്നാണ് കേസ്. വാഹനങ്ങൾ തട്ടിയെടുത്ത് മറിച്ചു വിൽക്കാനായിരുന്നു കൊലപാതകങ്ങൾ. 50 ലധികം കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പിന്നീട് ഇയാൾ തുറന്നുപറഞ്ഞു.









0 comments