കളമശ്ശേരി സ്ഫോടന കേസ്; സാക്ഷിപറയുന്നവരെ കൊലപ്പെടുത്തുമെന്ന് ടെലഫോൺ സന്ദേശം

കൊച്ചി: എട്ട് പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. വിചാരണ തുടങ്ങാനിരിക്കെയാണ് ഭീഷണി.
മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് സന്ദേശം ലഭിച്ചത്. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി വന്നിട്ടുള്ളത്. കേസിൽ മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തും. യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കും എന്നിങ്ങനെ ഭീഷണിപ്പെടുത്തയതായാണ് പരാതി. ഇതു പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2023 ഒക്ടോബർ 29നാണ് കൊച്ചിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിൽ സ്ഫോടനമുണ്ടായത്. പെട്രോൾ ബോംബ് ഉയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തും, ആറുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു.
കേസിലെ ഏക പ്രതിയാണ് മാർട്ടിൻ. തീവ്രവാദ ആക്രമണം നടത്തിയതിന് യുഎപിഎ ചുമത്തിയിരുന്നു. ഇതിന് പുറമെ സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സ്വയം നിർമിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. മൂന്നു സ്ഫോടനങ്ങളാണ് ഹാളിൽ നടത്തിയത്. ഇതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ എത്തി കുറ്റം ഏറ്റു.

കേസിൽ അന്വേഷണം പൂർത്തിയാക്കിയ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. യഹോവയുടെ സാക്ഷികൾ പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. 3578 പേജുള്ള കുറ്റപത്രം ആണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ 294 സാക്ഷികളാണുള്ളത്. 137 തൊണ്ടിമുതലും 236 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
12 വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ (53), കുറുപ്പുംപടി സ്വദേശനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്ന (12) ലിബ്നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെ.എ. ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.









0 comments