മകളേയും സുഹൃത്തിനേയും കൊലപ്പെടുത്തി; ദുരഭിമാനക്കൊലയ്ക്ക് മാതാപിതാക്കളും ബന്ധുക്കളും അറസ്റ്റിൽ

മേദിനിനഗർ : മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച ദമ്പതികളെയും കുടുംബത്തിലെ മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി തർഹാസി പൊലീസ്. ഞായറാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ പലാമു ജില്ലയിലെ കിണറ്റിൽ നിന്ന് വിഭ കുമാരി (21) യുടെയും കാമുകൻ സുഭാഷ് കുമാറിന്റെയും (22) മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ദുരഭിമാനക്കൊലപാതകമെന്ന് കണ്ടെത്തിയത്.
വിഭയുടെ മാതാപിതാക്കളായ ഉപേന്ദ്ര മഹ്തോയും കലാവതി ദേവിയും സുഭാഷുമായുള്ള ബന്ധത്തിന് എതിരായിരുന്നു, അവർ ബന്ധം അവസാനിപ്പിക്കാൻ വിഭയെ നിർബന്ധിച്ചു. എന്നാൽ വിഭ തയ്യാറായില്ലെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (ലെസ്ലിഗഞ്ച്) മനോജ് കുമാർ ഝാ പറഞ്ഞു. സുഭാഷിന്റെ കണ്ണുകളിൽ ഗുരുതരമായ പരിക്കുകളും വയറിലും പുറകിലും പൊള്ളലേറ്റ പാടുകളും പോലീസ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണം ചെയ്താണ് മാതാപിതാക്കൾ കൊലപാതകം നടത്തിയത്. ആഗസ്ത് ഒന്ന് രാത്രിയിൽ സുഭാഷിനോട് അവരുടെ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. വിഭയുടെ മാതാപിതാക്കളും മൂന്ന് പിതൃസഹോദരന്മാരും ചേർന്ന് ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നു. സുഭാഷിന്റെ സഹോദരൻ ജയപ്രകാശ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പറഞ്ഞു.









0 comments