കാഞ്ഞങ്ങാട് 256 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്ന് പ്രതികളെ കൂടി റിമാന്‍ഡ് ചെയ്തു

കാസർകോട് : കാഞ്ഞങ്ങാട് 256 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്ന് പ്രതികളെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് അടിയറപ്പാറ രഹാന മന്‍സിലിലെ കെ പി മുഹമ്മദ് അജ്മല്‍ കരീം(26), പാലക്കാട് മണ്ണാര്‍ക്കാട് കോള്‍പ്പാടം തെംങ്കര വെള്ളാപ്പുള്ളി വീട്ടില്‍ വിപി ജംഷാദ്(31) , മണ്ണാര്‍ക്കാട് കുഞ്ചക്കോട് തെങ്കര പാലത്തും വീട്ടില്‍ ഫായിസ്(26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ബേക്കല്‍ പൊലീസ് ബംഗളൂരുവില്‍ നിന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
പെരിയ മുത്തനടുക്കം പുളിക്കാലില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി ആദ്യം അറസ്റ്റിലായ രണ്ടുപേരെയും കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെയും ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. ബേക്കല്‍ ഡിവൈഎസ്പി വി വി മനോജിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്. നേരത്തെ അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപ്രതികള്‍ ബംഗളൂരുവില്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് പൊലീസ് പറഞ്ഞു.









0 comments