പ്ലസ്ടുവിനു ശേഷം കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ


ഡോ. ടി പി സേതുമാധവൻ
Published on May 23, 2025, 09:27 AM | 2 min read
ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നു കഴിഞ്ഞു. തുടർ പഠനത്തിനുള്ള പ്രധാന ചവിട്ടുപടിയാണിത്. കോഴ്സുകൾ താൽപ്പര്യം, അഭിരുചി, ലക്ഷ്യം, ഉപരിപഠന തൊഴിൽ സാധ്യത തുടങ്ങിയവയെല്ലാം വിലയിരുത്തി വേണം ഇനിയുള്ള തീരുമാനങ്ങൾ. തുടർ പഠനത്തിന് കേരളത്തിൽ മികച്ച അവസരങ്ങളുണ്ട്. കേരളത്തിൽ 14 സർവകലാശാലകളിൽ വൈവിധ്യമാർന്ന യുജി, പിജി കോഴ്‌സുകളുണ്ട്. ലോകോത്തര റാങ്കിങ്ങിൽ മുൻനിരയിലുള്ളവയാണ് ഇവയിലേറെയും. യുജി പ്രോഗ്രാമുകളിലേക്ക് മിക്ക സർവകലാശാലകളും ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം നടത്തുന്നത്. എൻജിനിയറിങ്, മെഡിക്കൽ പ്രൊഫഷണൽ കോഴ്‌സുകളടക്കമുള്ള പലതിന്റേയും പ്രവേശന പരീക്ഷകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇവയൊക്ക എഴുതിയിട്ടുള്ളവർ അതാത് വെബ്‌സൈറ്റുകളും തുടർനടപടികളും ശ്രദ്ധിക്കണം.
പ്ലസ് ടുവിനുശേഷം പരമ്പരാഗത ബിരുദ കോഴ്സുകൾക്കൊപ്പം പ്രൊഫഷണൽ, ന്യൂജെനറേഷൻ കോഴ്സുകളുണ്ട്. വിദേശപഠനം ലക്ഷ്യമിട്ടുള്ള കോഴ്സുകളും. സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്‌സ് കോഴ്സുകൾക്ക് രാജ്യത്തിനകത്തും പുറത്തും സാധ്യതകളുണ്ട്. മാനേജ്‌മെന്റ്, അക്കൗണ്ടിങ് ബിസിനസ്സ് സ്റ്റഡീസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, ലിബറൽ ആർട്ട്‌സ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഏവിയേഷൻ കോഴ്സുകൾക്കും സാധ്യതയേറെയാണ്. കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ്, ഓട്ടോമേഷൻ, ഡിസൈൻ, കമ്യൂണിക്കേഷൻ, അനിമേഷൻ, ഫുഡ് സയൻസ്, ന്യൂട്രീഷൻ & ഡയറ്റെറ്റിക്‌സ്, എ ഐ അധിഷ്ഠിത കോഴ്സുകൾ, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ് എന്നിവയും തെരഞ്ഞെടുക്കാവുന്ന വിഷയങ്ങളാണ്. ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്ക് സാധ്യതകളേറി വരുന്നു. ബിബിഎ, നഴ്‌സിങ്, എന്റർപ്രണർഷിപ്, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, കോസ്‌മെറ്റോളജി കോഴ്സുകളും പരിഗണിക്കാം. പാരാമെഡിക്കൽ കോഴ്സുകളിൽ ഫിസിയോതെറാപ്പി, റേഡിയോ ഇമേജിങ്, ഒപ്‌റ്റോമെട്രി, ഓഡിയോളജി & സ്പീച് ലാംഗ്വേജ് പാത്തോളജി എന്നിവയ്ക്ക് അലൈഡ് ഹെൽത്ത് വിഭാഗത്തിൽ സാധ്യതകളുണ്ട്. നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഒരു വർഷംകൊണ്ട് ബിരുദാനന്തര ബിരുദം. ഗവേഷണ മേഖലയിൽ രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്.
കാർഷിക മേഖലയിൽ ബിഎസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അഗ്രിബിസിനസ്സ് മാനേജ്മെന്റ്, ക്ലൈമറ്റ് ചെയ്‌ഞ്ച് & എൻവയോൺമെന്റൽ സയൻസ്, കോ-ഓപ്പറേഷൻ & ബാങ്കിങ്, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്, ഫുഡ് ടെക്നോളജി എന്നിവ താൽപ്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം. ക്ലൈമറ്റ് ചെയ്‌ഞ്ച് & ഇക്കണോമിക്‌സ്, എനർജി & ഇക്കണോമിക്‌സ് കോഴ്സുകൾ, ബിസിനസ്സ് & മാനേജ്‌മെന്റ്, ബിസിനസ് & സൈക്കോളജി, എന്റർപ്രണർഷിപ് & മാനേജ്‌മെന്റ്, മെഷീൻ ഡിസൈൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ പഠനമേഖലകളുമുണ്ട്.
അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, ഗെയിമിങ് ടെക്നോളജി, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി എന്നീ മേഖലയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ, ഉപരിപഠന, സ്കിൽ വികസന സാധ്യതകൾ, മീഡിയ, എന്റർടൈൻമെന്റ് രംഗത്തെ അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയും കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോർ പരിഗണിക്കാം. നഴ്‌സിങ്, പാരാമെഡിക്കൽ മേഖലകളിൽ ലോകത്താകമാനം അവസരങ്ങളേറും. പ്ലസ് ടു തലത്തിൽ പഠിച്ച വിഷയങ്ങൾ തന്നെ തുടർപഠനത്തിന് തെരഞ്ഞെടുക്കണമെന്നില്ല. താൽപ്പര്യമുള്ള വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം മേൽ സൂചിപ്പിച്ച മേഖലകളിലേക്ക് കടക്കാനുള്ള നിരവധി ബിരുദാനന്തര, സ്‌കിൽ വികസന പ്രോഗ്രാമുകളുണ്ട്.









0 comments