ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അംഗീകാരം


സ്വന്തം ലേഖകൻ
Published on Aug 01, 2025, 04:43 PM | 1 min read
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു. വ്യാഴാഴ്ച ചേർന്ന പ്രത്യേക ഡീൻ കൗൺസിൽ യോഗത്തിന്റേതാണ് അടിയന്തര തീരുമാനം. ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി പി ജഗതിരാജ്, അക്കാദമിക് ആന്‍ഡ് റിസർച്ച് കമ്മിറ്റി കൺവീനർ എം ജയപ്രകാശ് എന്നിവർ കഴിഞ്ഞദിവസം വിഷയം കേരള സർവകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
യുജിസി റെഗുലേഷൻസ് 2020ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ ആന്‍ഡ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. എന്നാൽ, ഓപ്പൺ സർവകലാശാലയുടെ പിജി പഠിച്ചിറങ്ങിയ കുട്ടികളിൽ നിന്ന് ഇക്ക്വലൻസി സർട്ടിഫിക്കറ്റ് കേരള സർവകലാശാല ആവശ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് 2018 നവംബർ13ന് പുറത്തിറക്കിയ 272/2018 ഉത്തരവ് പ്രകാരം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉൾപ്പെടെ യുജിസി അംഗീകാരമുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് പിജി പഠിച്ചിറങ്ങുന്നവർക്കും മറ്റു സർവകലാശാലകളിലെ പിജി സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നൽകണം. ഇക്വലൻസി ആവശ്യമില്ലെന്ന് യുജിസിയും നിഷ്‌കർഷിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകളുമുണ്ട്. കോഴ്സുകളെല്ലാം യുജിസി അംഗീകാരമുള്ളതാണെന്നും റെക്കഗ്നിഷൻ തടസ്സങ്ങൾ ഉണ്ടാവരുതെന്നും എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർക്കും നേരത്തെ ഓപ്പൺ യൂണിവേഴ്സിറ്റി കത്ത് അയച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഗവേണിങ്ങ് ബോഡി യോഗത്തിലും വിഷയം ചർച്ചചെയ്ത് യൂണിവേഴ്സിറ്റികൾ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെടില്ലെന്ന് തീരുമാനിച്ചിരുന്നു.








0 comments