പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ

scholarship
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Sep 24, 2025, 12:28 PM | 2 min read

സാമ്പത്തിക സഹായത്തോടൊപ്പം വിദ്യാർഥികൾക്ക് ആത്മവിശ്വാസവും പകരുന്നതാണ് സ്കോളർഷിപ്പുകൾ. പെൺകുട്ടികൾക്ക് മാത്രമായുള്ള ചില പദ്ധതികളെ പരിചയപ്പെടാം


സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്


ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഉന്നത പഠനത്തിനായി കേരള സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സ്കോളർഷിപ്പ് പദ്ധതി. റഗുലർ കോളേജുകളിലും അൺ എയ്ഡഡ് കോളേജുകളിലെ മെറിറ്റു സീറ്റുകളിലും പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക ഡിഗ്രിക്ക് 5,000 രൂപ, പിജിക്ക് 6,000 രൂപ, പ്രൊഫഷണൽ കോഴ്സിന് 7,000 രൂപ. വിവരങ്ങൾക്ക്: www.minority wefare.kerala.gov.in, coll egiateedu.kerala.in


​ഒറ്റ പെൺകുട്ടി സ്കോളർഷിപ്


രക്ഷിതാക്കളുടെ ഏക പെൺകുട്ടിക്ക് ബിരുദാനന്തര പഠനത്തിന് ലഭിക്കുന്ന സ്കോളർഷിപ്പാണിത്. കോളേജ്/ സർവകലാശാല പഠന വകുപ്പുകളിലെ എംഎ/ എംഎസ്‌സി/ എംകോം/ എംഎസ്ഡബ്ല്യു/ എംഎഡ് തുടങ്ങിയ മുഴുവൻ സമയ പിജി കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. രക്ഷിതാക്കളുടെ വരുമാനം ബാധകമല്ല. 36, 200 രൂപ ഓരോ വർഷവും ലഭിക്കും. മറ്റു സ്കോളർഷിപ്പുകളും സ്വീകരിക്കാം. വിവരങ്ങൾക്ക്: www. scholarships.gov.in,ugc.ac.in


സിബിഎസ്ഇ മെറിറ്റ്


സിബിഎസ്ഇ സ്കുളുകളിൽ 11, 12 ക്ലാസിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടികൾക്ക് അർഹത. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്ക് വേണം. സ്കോളർഷിപ്പ് തുക മാസം 500- രൂപ. വിവരങ്ങൾക്ക്: www.cbse.nic.in


സാവിത്രി ഭായ് ഫൂലെ


സാമൂഹ്യ ശാസ്ത്രം/ മാനവികം/ സയൻസ്/ സാങ്കേതിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിന് ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ്. രക്ഷിതാക്കൾക്ക് മറ്റു ആൺമക്കളില്ലെങ്കിൽ ഇരട്ട പെൺമക്കളിൽ ഒരാൾക്ക് അപേക്ഷിക്കാനും അർഹതയുണ്ട്. അവിവാഹിതരായിരിക്കണം. സ്കോളർഷിപ്പ് തുക എല്ലാ മാസവും 31,000 മുതൽ 35,000 രൂപ വരെ. കണ്ടിൻജൻസി തുക വേറെയും. വിവരങ്ങൾക്ക്: www.ugc.ac.in


പ്രഗതി


പെൺകുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഐഐസിടിഇ നടപ്പിലാക്കിയ സ്കോളർഷിപ്പ്. കേന്ദ്ര/ സംസ്ഥാന പ്രവേശന പരീക്ഷയിലൂടെ എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി കോഴ്സുകൾക്ക് ചേർന്നവർക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് അർഹത. രക്ഷിതാക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിച്ചവർക്കും അർഹതയുണ്ട്. ഓരോ വർഷവും 50,000 രൂപ ലഭിക്കും. ഒക്ടാബർ 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www .aicte. pragati. saksham .gov.in, scholar ships.gov.in


ഡിആർഡിഒ


എൻജിനിയറിങ് കോഴ്സുകളിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്‌ ഓർഗനൈസേഷൻ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി. എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്‌പേയ്‌സ്‌/സ്പേയ്‌സ്‌ എൻജിനിയറിങ് തുടങ്ങിയവയിലെ യുജി/ പിജി പ്രോഗ്രാമുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഡിഗ്രിക്ക് ട്യൂഷൻ ഫീസ്/1, 20,000 രൂപ ഏതാണോ കുറവ്, പി ജിക്കാർക്ക് ട്യൂഷൻ ഫീസ്/ 1,86,000 രൂപ ഏതാണോ കുറവ് സ്കോളർഷിപ്പ് തുകയായി ലഭിക്കും. വിവരങ്ങൾക്ക്:www.rac.gov.in


​ഉഡാൻ സ്കോളർഷിപ്


സിബിഎസ്ഇ അംഗീകൃത സ്കൂളുകളിൽ 11–ാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 80 ശതമാനവും മൊത്തം 70 ശതമാനം മാർക്കും പത്താം ക്ലാസ് പരീക്ഷയിൽ വേണം. രക്ഷിതാക്കളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപ വരെ. വിവരങ്ങൾക്ക്: www. cbse.gov.in, scholarships.gov.in


കോട്ടക്- കന്യ


കോട്ടക് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി. ഹയർ സെക്കൻഡറി/ തത്തുല്യം പഠനത്തിനുശേഷം ബിരുദ പ്രൊഫഷണൽ കോഴ്സുകളായ മെഡിക്കൽ/എൻജിനിയറിങ്/ ഇന്റഗ്രേറ്റഡ് എൽഎൽബി/ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്/ ബി എസ്-റിസർച്ച് തുടങ്ങിയവ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി പരീക്ഷയിൽ 75 ശതമാനം മാർക്ക് വേണം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെ ലഭിക്കാം. സെപ്തംബർ 30 വരെ അപേക്ഷാ സമയമുണ്ട്. വിവരങ്ങൾക്ക്: www.kotakeducation foundation.org


മറ്റുള്ളവ


എൽഐസി ഓഫ് ഇന്ത്യ നടപ്പാക്കുന്ന സ്പെഷൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ് പദ്ധതിയിൽ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.www.licindia.in

ഒഎൻജിസി നൽകുന്ന സ്കോളർഷിപ്പുകളിൽ 50 ശതമാനം പെൺകുട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്. www.ongcscho lar.org



deshabhimani section

Related News

View More
0 comments
Sort by

Home