പ്ലസ് വൺ പ്രവേശനം: അപേക്ഷ ശ്രദ്ധയോടെ

ഡോ. രാജേഷ് ബാബു കെ ആർ
Published on May 15, 2025, 06:11 PM | 3 min read
പ്ലസ് വൺ ക്ലാസിലേക്ക് ഏകജാലക സംവിധാനം വഴി അപേക്ഷിക്കേണ്ട സമയമാണിത്. അപേക്ഷ നൽകുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മെയ് 20 വരെ ഓൺലെെനിൽ അപേക്ഷിക്കാം
യോഗ്യത
എസ്‌എസ്‌എൽസി (കേരള), സിബിഎസ്‌ഇ, ഐസിഎസ്‌സി, ടിഎച്ച്എസ്‌എൽസി എന്നീ സ്ട്രീമുകളിൽ റെഗുലർ പഠന സമ്പ്രദായത്തിലൂടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും റെഗുലർ പഠന സമ്പ്രദായത്തിലൂടെ പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.
സിബിഎസ്‌ഇ മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസായവർക്ക് മാത്രമേ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന സയൻസ് കോമ്പിനേഷനുകൾക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. ഓരോ ബോർഡും പാസാകുന്നതിനായി നിശ്ചയിക്കുന്ന മിനിമം ഗ്രേഡോ മാർക്കോ നേടിയിരിക്കണം. മറ്റു ബോർഡുകളുടെ പരീക്ഷ പാസായവർ അപേക്ഷയോടൊപ്പം മൈഗ്രെഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പത്താം ക്ലാസ് പാസായവർക്ക് ഏകജാലക സമ്പ്രദായം വഴി അപേക്ഷിക്കാൻ അർഹതയില്ല.
പ്രായപരിധി
2025 ജൂണിൽ 15 വയസ്സ് തികഞ്ഞിരിക്കണം, പക്ഷേ 20 വയസ്സ് കവിയാൻ പാടില്ല.
എസ്‌എസ്‌എൽസി പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളിൽനിന്ന് പാസാകുന്നവർക്ക് ആറുമാസംവരെ ഇളവ് ഡിജിഇക്ക് അനുവദിക്കാവുന്നതാണ്. എസ്‌എസ്‌എൽസി പാസായവർക്ക് ആറു മാസവും എസ്‌സി, എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷി വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 25 വയസ്സാണ്.
അപേക്ഷാ രീതി
അപേക്ഷ പൂർണമായും ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. https://hscap.kerala.gov.in/ എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
അപേക്ഷയുമായി ബന്ധപ്പെട്ട തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ തുടങ്ങിയവയെല്ലാം ചെയ്യേണ്ടത് ക്യാൻഡിഡേറ്റ് ലോഗിൻ വഴിയാണ്. ലോഗിൻ തയ്യാറാക്കുമ്പോൾ വിവരങ്ങൾ ശ്രദ്ധയോടെവേണം നൽകാൻ. അവ പിന്നീട് മാറ്റം വരുത്താനാകില്ല. മറ്റു വിഭാഗത്തിൽപ്പെടുന്നവർ മാർക്ക് ലിസ്റ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയും ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
പ്ലസ് വൺ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാനുള്ള സ്‌കൂൾ, കോഴ്‌സ് കോഡുകൾ കാണാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്യുക
പൊതുവായി അപേക്ഷയോടൊപ്പം ഒരു സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതില്ല.
ഒരു ജില്ലയിൽ ഒരു അപേക്ഷ
ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ജില്ലാ അതിർത്തിയിൽ വരുന്ന വിദ്യാർഥികൾക്ക് മറ്റു ജില്ലകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കാം. പക്ഷേ, പ്രവേശനം ഏതെങ്കിലും ഒരു ജില്ലയിലേ ലഭിക്കൂ. അപേക്ഷയിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. തെറ്റായ വിവരങ്ങൾ മുഖേന ലഭിക്കുന്ന പ്രവേശനം റദ്ദാക്കപ്പെടും. എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മന്റ്, കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നൽകണം. സമുദായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി ബുക്കിലെ സമുദായം സംബന്ധിച്ച വിവരങ്ങൾ മതിയാകും. എസ്‌എസ്‌എൽസി ബുക്കിൽനിന്ന് വ്യത്യസ്തമായ സമുദായമാണ് അവകാശപ്പെടുന്നതെങ്കിൽ റവന്യു അധികാരികളിൽനിന്ന് മതിയായ രേഖകൾ ഹാജരാക്കണം. സംവരണേതരവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ (EWS) വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അൺ എയ്ഡഡ് സ്കൂളുകളിൽ ഏകജാലക സംവിധാനം വഴിയല്ല പ്രവേശനം നടത്തുന്നത്. അതിനു പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്.
Related News
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഏകജാലക സംവിധാനം വഴി പ്രത്യേകം അപേക്ഷ നൽകണം. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും വിദ്യാർഥികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.
കോഡും കോമ്പിനേഷനും
ഒരു സ്കൂൾ കോഡും കോമ്പിനേഷൻ കോഡും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർഥികൾ ചേരാൻ ആഗ്രഹിക്കുന്ന സ്കൂളുകളുടെയും കോമ്പിനേഷനുകളുടെയും ഓപ്ഷനുകൾ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് മുൻഗണനാ ക്രമത്തിൽ തയ്യാറാക്കിവേണം അപേക്ഷ നൽകാൻ. ഉദാഹരണത്തിന് ബയോളജി പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടി ലിസ്റ്റിൽ മുൻഗണന നൽകേണ്ടത് അവന് അല്ലെങ്കിൽ അവൾക്ക് സൗകര്യപ്രദമായ സ്കൂളുകളുടെ
സയൻസ്കോ മ്പിനേഷനുകൾക്കാണ്. അപേക്ഷകളിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയത്ത് തിരുത്തൽ വരുത്താം. അതുകൊണ്ടുതന്നെ വിദ്യാർഥികൾ ട്രയൽ അലോട്ട്‌മെന്റ് നിർബന്ധമായും പരിശോധിക്കണം. അപേക്ഷയിൽ നൽകുന്ന ഫോൺ നമ്പർ, പേര് തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ തിരുത്താനാകില്ല. അപേക്ഷയിൽ നൽകുന്ന ഫോൺ നമ്പർ നിലവിൽ പ്രവർത്തനസജ്ജമായതും വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ ആയിരിക്കണം. ഓപ്ഷനുകളിൽ ട്രയൽ അലോട്ട്‌മെന്റ് സമയത്ത് മാറ്റങ്ങൾ വരുത്താം.
മൂന്ന് മുഖ്യ അലോട്ട്മെന്റുകൾ
ഈ വർഷം മൂന്ന് മുഖ്യ അലോട്ട്മെന്റും തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാകും. ആദ്യ രണ്ട് അലോട്ട്മെന്റിലും കുട്ടിക്ക് താൽക്കാലിക പ്രവേശനം നേടാം. മൂന്നാമത്തെ അലോട്ട്‌മെന്റിൽ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം. താൽക്കാലിക പ്രവേശനസമയത്ത് എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കണം. എന്നാൽ, ഫീസ് അടയ്‌ക്കേണ്ടതില്ല. സ്ഥിര പ്രവേശനസമയത്ത് ഒറിജിനൽ രേഖകൾ ഹാജരാക്കുകയും ഫീസ് അടയ്‌ക്കുകയും ചെയ്യണം.
ബോണസ് പോയിന്റ് അവകാശപ്പെടുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം. ക്ലബ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളിലും നമ്പർ, തീയതി, അധികാരികളുടെ ഒപ്പ്, സീൽ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. സപ്ലിമെന്ററി അല്ലോട്ട്മെന്റിനായി നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ പുതുക്കി നൽകണം. അപേക്ഷ പുതുക്കി നൽകാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. സ്പോർട്സ് ക്വോട്ട പ്രത്യേകം അപേക്ഷ നൽകണം. ഓരോ അലോട്ട്‌മെന്റിനുശേഷവും പ്രവേശനം നേടിയ വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ബോണസ് പോയിന്റ്
കൃത്യനിർവഹണത്തിനിടയിൽ ജീവൻ വെടിഞ്ഞ ജവാന്മാരുടെ മക്കൾ, ജവാന്മാരുടെയും എക്സ് സർവീസുകാരുടെയും മക്കൾ, എൻസിസി (75 ശതമാനം ഹാജർ). സ്കൗട്ട് & ഗൈഡ് (രാജ്യപുരസ്കാർ / രാഷ്ട്രപതി പുരസ്കാർ), ലിറ്റിൽ കൈറ്റ്സ് (എ ഗ്രേഡ്), സ്റ്റുഡന്റ് പൊലീസ്, അതേ സ്കൂൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, താലൂക്ക്, എസ്എസ്എൽസി (കേരള സിലബസ്) എന്നിവയ്ക്ക് ബോണസ് പോയിന്റ് ലഭിക്കും. ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തിലെ കുട്ടികൾക്ക് അതേ താലൂക്കിലെ മറ്റു സ്കൂളുകളിൽ ബോണസ് പോയിന്റ് ലഭിക്കും. എൻസിസി, സ്കൗട്ട് & ഗൈഡ്, സ്റ്റുഡന്റ് പൊലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയ്ക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ബോണസ് പോയിന്റിന് അർഹതയുണ്ടായിരിക്കില്ല. ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് പോയിന്റ് 10 ആണ്. (കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡലസെന്റ് കൗൺസലിങ് സെൽ കൺവീനറാണ് ലേഖകൻ)









0 comments