ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

PHARMACY STUDENTS

എഐ പ്രതീകാത്മകചിത്രം

avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jul 17, 2025, 12:10 PM | 2 min read

കേരളത്തിലെ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിത്‌. ഓൺലൈനിൽ ആഗസ്‌ത്‌ 12 നകം അപേക്ഷ നൽകണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്നോളജിക്കാണ് അലോട്ട്മെന്റ്‌ ചുമതല.


16 കോഴ്സുകൾ


ഫാർമസി (ഡിഫാം), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ്‌ റേഡിയോതെറാപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ മെക്കാനിക്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയറ്റർ ആൻഡ്‌ അനസ്‌തേഷ്യ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപ്പിക് ടെക്നോളജി, ഡെന്റൽ ഓപ്പറേറ്റിങ്‌ റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളാണുള്ളത്‌. പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.


കോഴ്സ് ദൈർഘ്യം


പൊതുവെ രണ്ട് വർഷമാണ് ഡിപ്ലോമ കോഴ്സുകൾ. റേഡിയോ ഡയഗ്നോസിസ് & റേഡിയോതെറാപ്പി ടെക്നോളജി മൂന്നു വർഷ കോഴ്സാണ്. ഫാർമസി പ്രോഗ്രാമിന് മൂന്ന് മാസത്തെ പ്രാക്ടിക്കൽ പരിശീലനമുണ്ട്. ഡയാലിസിസ് ടെക്നോളജി കോഴ്സ് ഇന്റേൺഷിപ്പടക്കം രണ്ടുവർഷമാണ്. ഓപ്പറേഷൻ തിയറ്റർ ആൻഡ്‌ അനസ്‌തേഷ്യ ടെക്നോളജി, ന്യൂറോ ടെക്നോളജി, എൻഡോസ്കോപ്പി ടെക്നോളജി എന്നിവയ്ക്ക് ആറുമാസത്തെ ഇന്റേൺഷിപ്പ്‌ അടക്കം രണ്ടര വർഷമാണ് ദൈർഘ്യം.


യോഗ്യത


അപേക്ഷകർക്ക് 2025 ഡിസംബർ 31ന് 17 വയസ്സ്‌ തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡി ഫാമിന് ബയോളജിക്ക് പകരം മാത്തമാറ്റിക്സ് പഠിച്ചാലും മതി. ഡി ഫാം ഒഴികെയുള്ള കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35 ശതമാനം മതി. ഡി ഫാമിന് മാർക്ക് വ്യവസ്ഥയില്ല.


വിഎച്ച്എസ്ഇയിൽ ചില വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർക്ക് പ്രത്യേക സംവരണമുണ്ട്. ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ്‌ ക്വാളിറ്റി കൺട്രോൾ പഠിച്ചവർക്ക് മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിന് 5 ശതമാനം സീറ്റും മെയിന്റനൻസ് ആൻഡ്‌ ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപ്മെൻസ് പഠിച്ചവർക്ക് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി കോഴ്സിന് 2 ശതമാനം സീറ്റും ഇസിജി ആൻഡ്‌ ഓഡിയോമെട്രിക് ടെക്നോളജി പഠിച്ചവർക്ക് കാർഡിയോ വാസ്കുലർ ടെക്നോളജി കോഴ്സിന് 2 ശതമാനം സീറ്റുമാണ് നീക്കി വച്ചിട്ടുള്ളത്.


അപേക്ഷ


എല്ലാ കോഴ്സുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. 600 രൂപയാണ് അപേക്ഷാ ഫീ. പട്ടികവിഭാഗക്കാർക്ക് 300 രൂപ മതി. സർവീസ് ക്വോട്ടക്കാർക്കും 600 രൂപയാണ് ഫീസ്. ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അടയ്ക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം വെബ് സൈറ്റ് വഴി താൽപ്പര്യമുള്ള സ്ഥാപനം/ കോഴ്സുകളുടെ ഓപ്ഷനുകൾ നൽകി അലോട്ട്മെന്റ്‌ പ്രക്രിയയിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്‌: www.lbs centre.kerala.gov.in. ഫോൺ:0471-2560363, 9400977754



deshabhimani section

Related News

View More
0 comments
Sort by

Home