നീറ്റ് യുജി കൗൺസലിങ്: ഓപ്‌ഷൻ നൽകുമ്പോൾ ശ്രദ്ധിക്കണം

പി കെ അന്വര് മുട്ടാഞ്ചേരി
Published on Jul 25, 2025, 10:17 AM | 2 min read
നീറ്റ് യുജി 2025 റാങ്കടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി) നടത്തുന്ന മെഡിക്കൽ, ഡെന്റൽ, നഴ്സിങ് ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 28ന് രാത്രി 11.55 വരെ ആദ്യ റൗണ്ട് ഓപ്ഷനുകൾ നൽകാം. നീറ്റ് യുജി 2025 ൽ യോഗ്യത നേടിയവർക്ക് മാത്രമാണ് അവസരം. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 720 ൽ 144 (ഭിന്നശേഷിക്കാർക്ക് 127) ആണ് യോഗ്യതാ മാർക്ക്.
എന്നാൽ ഒബിസി, എസ്‌സി, എസ്‌ടി (ഭിന്നശേഷിക്കാരടക്കം) വിഭാഗങ്ങൾക്ക് 113 മാർക്ക് മതി. ജൂലൈ 31ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത് ഒന്നിന്നും ആറിനുമിടയിൽ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകണം. അലോട്ട്മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്കുള്ള മറുപടിയാണിവിടെ.
എത്ര ചോയ്സുകൾ
വിദ്യാർഥികളുടെ താൽപ്പര്യമനുസരിച്ച് എത്ര ചോയ്സുകൾ വേണമെങ്കിലും നൽകാം. ഓരോ റൗണ്ടിലും പ്രത്യേകം ചോയ്‌സുകൾ നൽകേണ്ടതുണ്ട് .
ചോയ്സുകൾ ലോക്ക് ചെയ്യുന്നതിനു മുമ്പ് എത്ര തവണ വേണമെങ്കിലും മാറ്റം വരുത്താനും പുനക്രമീകരിക്കാനുമാവും.
ഡീംഡ് യൂണിവേഴ്സിറ്റികളിലെ ഓപ്ഷൻ
ഡീംഡ് യൂണിവേഴ്സിറ്റിയിലേക്ക് രജിസ്ട്രേഷൻ ഫീസായി 5000 രൂപയും സെക്യൂരിറ്റി തുകയായി രണ്ട് ലക്ഷം രൂപയും അടയ്ക്കണം. എന്നാൽ ഡീംഡ് യൂണിവേഴ്സിറ്റികളൊഴികെയുള്ള ഓൾ ഇന്ത്യ ക്വോട്ടയടക്കമുള്ള സീറ്റുകളിലേക്ക് രജിസ്ട്രേഷൻ ഫീസ് 1000 രൂപയും സെക്യൂരിറ്റി തുക 10,000 രൂപയും അടച്ചാൽ മതി. സംവരണ വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. എംസിസി കൗൺസലിങ് വഴി പ്രവേശനം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എംബിബിഎസിന് ഫീസ് നിരക്ക് വ്യത്യസ്‌തമാണ്.
രണ്ടാം റൗണ്ടിൽ ഫ്രീ ഇല്ല
എംസിസി അലോട്ട്മെന്റിൽ ആദ്യ റൗണ്ടിൽ മാത്രമേ ഫ്രീ എക്സിറ്റ് ഉള്ളൂ. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചത് സ്വീകരിച്ചില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മാത്രമല്ല മൂന്നാം റൗണ്ടിൽ പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്‌ക്കണം.
കേരളത്തിൽ
ഇന്ത്യയിലെ എല്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയാണ്. ആയതിനാൽ കേരളത്തിലെ 12 ഗവെൺമെന്റ് കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് എംസിസി കൗൺസലിങ് വഴി പ്രവേശനം നേടാം. എന്നാൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മാനേജ്മെന്റ് / എൻആർഐ സീറ്റുകൾ ലഭ്യമാകണമെങ്കിൽ കേരള എൻട്രൻസ് കമീഷണർ നടത്തുന്ന അലോട്ട്മെന്റ് പ്രക്രിയയിൽ (കീം) പങ്കെടുക്കണം.
ഇഎസ്‌ഐ സീറ്റ്
കൊല്ലം പാരിപ്പള്ളിയടക്കം രാജ്യത്തെ വിവിധ ഇഎസ് ഐ സി മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഇഎസ്ഐസി ഐപി സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം എംസിസി കൗൺസലിങ് വഴിയാണ്. ഈ വിഭാഗത്തിൽ 466 എംബിബിഎസ് സീറ്റുകളും 28 ഡെന്റൽ സീറ്റുകളും 60 നഴ്‌സിങ് സീറ്റുകളുമുണ്ട്. കൊല്ലം മെഡിക്കൽ കോളേജിൽ 38 സീറ്റുണ്ട്. വിവരങ്ങൾക്ക്: mcc.admissions.nic.in
വെറ്ററിനറി, ആയുഷ് സീറ്റുകൾ
വെറ്ററിനറിയുടെ ഓൾ ഇന്ത്യ സീറ്റുകളിലേക്ക് എംസിസി കൗൺസലിങ് വഴി പ്രവേശനം ലഭിക്കില്ല. ഗവ. വെറ്ററിനറി കോളേജുകളിലെ 15 ശതമാനം വെറ്ററിനറി (ബിവിഎസ് സി ആൻഡ് എഎച്ച്) സീറ്റുകളുടെ പ്രവേശനം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന പ്രത്യേക കൗൺസലിങ് പ്രക്രിയ വഴിയാണ്. വിവരങ്ങൾക്ക്: vci.admissions.nic.in. ആയുഷ് (ബിഎഎംഎസ് /ബി എച്ച്എംഎസ് /ബി എസ്എംഎസ് / ബിയുഎംഎസ് ) കോഴ്സുകളുടെ ഓൾ ഇന്ത്യ സീറ്റുകൾ ലഭിക്കാൻ ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മറ്റി നടത്തുന്ന അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: aaccc.gov.in.









0 comments