മെഡിക്കൽ പ്രവേശനം; ഓപ്‌ഷൻ നൽകുമ്പോൾ

പി കെ അന്വര് മുട്ടാഞ്ചേരി
Published on Aug 02, 2025, 09:29 AM | 2 min read
കേരളത്തിലെ ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. നീറ്റ് യുജി 2025 അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഓപ്ഷൻ നൽകാൻ അർഹത. ആഗസ്‌ത് 4 രാത്രി 11:59 വരെ ഓപ്ഷനുകൾ സമർപ്പിക്കാം. ആഗസ്‌ത് 5 ന് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റും 6 ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.
പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങൾ
കേരളത്തിലെ 12 ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ, 6 സർക്കാർ ഡെന്റൽ കോളേജുകൾ, 18 സ്വാശ്രയ ഡെന്റൽ കോളേജുകൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങൾ.
രജിസ്ട്രേഷൻ ഫീസ്
5000 രൂപയാണ് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്. ഓൺലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്‌ക്കണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്സിന്റെ ട്യൂഷൻ ഫീസിൽ ഈ തുക വകയിരുത്തും .പട്ടിക, ഒഇസി വിഭാഗക്കാരും ജുവനൈൽ ഹോം, നിർഭയ ഹോം, ശ്രീചിത്രാ ഹോം നിവാസികളും ഫീസിളവിന് അർഹരായ മറ്റ് വിഭാഗക്കാരും 500 രൂപ അടച്ചാൽ മതി. പ്രവേശനം ലഭിച്ചാൽ ഈ തുക അവരുടെ കോഷൻ ഡെപ്പോസിറ്റിൽ വക വയ്ക്കും. അലോട്ട്മെന്റ് ലഭിക്കാത്ത എല്ലാ വിദ്യാർഥികൾക്കും രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കും.
ശ്രദ്ധയോടെ
ഓപ്‌ഷൻ നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം. ലഭ്യമായ ഓപ്ഷനുകൾ (കോഴ്സ്,കോളേജ്) ഹോം പേജിൽ കാണാം. അലോട്ട്മെന്റ് ലഭിച്ചാൽ ആ സ്ഥാപനത്തിൽ ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ നൽകണം.ലഭിച്ച അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം.ഇല്ലെങ്കിൽ അലോട്ട്മെന്റ് പ്രക്രിയയിൽനിന്നു തന്നെ പുറത്താകും. തുടർ റൗണ്ടുകളിലും ഒന്നാം റൗണ്ടിൽ നൽകിയ ഓപ്ഷനുകൾ തന്നെയാണ് പരിഗണിക്കുക. പുതുതായി കോളേജുകൾ ഉൾപ്പെടുത്തിയില്ലെങ്കിൽ പുതിയ ഓപ്ഷനുകൾ ചേർക്കാനാകില്ല. നൽകിയ ഓപ്ഷനുകളിൽ സമയപരിധിക്കകം എത്ര തവണ വേണമെങ്കിലും മാറ്റങ്ങൾ വരുത്താം. റാങ്ക് ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചവർക്കും ഓപ്ഷൻ നൽകാം. ആഗസ്‌ത് 2 ന് വൈകിട്ട് മൂന്നിനകം ആവശ്യമായ രേഖകൾ നൽകി പോരായ്മകൾ പരിഹരിക്കണമെന്ന് മാത്രം. പ്രവേശന സാധ്യത വിലയിരുത്താൻ വെബ്സൈറ്റിൽ നൽകിയ മുൻ വർഷങ്ങളിലെ ലാസ്റ്റ് റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
പ്രവേശനം 12 നകം
അലോട്ട്മെന്റ് ലഭിക്കുന്നവർ ആഗസ്‌ത് 7 നും 12 ന് വൈകിട്ട് നാലിനുമിടയ്‌ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ചേരണം . അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ച തുക ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ പ്രവേശനപരീക്ഷാ കമീഷണറുടെ പേരിൽ അടച്ചതിനു ശേഷമാണ് കോളേജിൽ ഹാജരാകേണ്ടത്. ഗവൺമെന്റ് മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മുഴുവൻ ഫീസ് തുകയും പ്രവേശന കമീഷണറുടെ പേരിൽ അടയ്ക്കണം. സ്വാശ്രയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുകയാണ് അടയ്‌ക്കേണ്ടത്.
എസ്‌സി/ എസ്‌ടി/ ഒഇസി വിഭാഗക്കാർ
ഫീസിളവിന് അർഹതയുള്ള മറ്റുചില വിഭാഗക്കാരും ടോക്കൺ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ അവർക്ക് സ്വാശ്രയ കോളേജിലെ മൈനോരിറ്റി / എൻആർഐ ക്വോട്ടയിൽ പ്രവേശനം ലഭിച്ചാൽ ഫീസിളവിന് അർഹതയുണ്ടാകില്ല. ടോക്കൺ ഫീസ് അടച്ച് പ്രവേശനം നേടണം.
പ്രതിവർഷ ഫീസ് നിരക്ക് (പുതിയ ഉത്തരവുകൾക്കനുസരിച്ച് ഫീസുകളിൽ മാറ്റം വരാം)
എംബിബിഎസ്
ഗവൺമെന്റ് കോളേജുകൾ : 23,150 രൂപ
സ്വാശ്രയ കോളേജുകൾ: 7.7 -–8.9 ലക്ഷം.
എൻആർഐ: 21,65,720
ബിഡിഎസ്
ഗവൺമെന്റ് കോളേജുകൾ : 20,840 രൂപ
സ്വാശ്രയ കോളേജുകൾ: 3,30,940 .
എൻആർഐ : 6 ലക്ഷം
വിവരങ്ങൾക്ക്: cee.kerala.gov.in. ഫോൺ:04712332120, 2338487









0 comments