പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ: കുഫോസ് അപേക്ഷ 19 മുതൽ


കെ പി വേണു
Published on Mar 12, 2025, 12:00 AM | 2 min read
കൊച്ചി പനങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) പുതിയ അധ്യയന വർഷത്തേക്കുള്ള പിജി, പിഎച്ച്ഡി പ്രവേശന നടപടികൾ ആരംഭിക്കുന്നു. രാജ്യത്തെ പ്രഥമ ഫിഷറീസ് സർവകലാശാലയാണ് കുഫോസ്. എറണാകുളം പുതുവൈപ്പിൽ ഫിഷറീസ് ഗവേഷണ കേന്ദ്രവും പയ്യന്നൂരിൽ ഫിഷറീസ് കോളേജും പ്രവർത്തിക്കുന്നു. പയ്യന്നൂരിലും കൊല്ലം ജില്ലയിലെ കുണ്ടറയിലും പ്രാദേശികകേന്ദ്രങ്ങളുമുണ്ട്. പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം മാർച്ച് 19ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 21. പ്രവേശന പരീക്ഷ മേയ് 25ന്.
ഫല പ്രഖ്യാപനം പിജി: ജൂൺ അഞ്ച്, ഫല പ്രഖ്യാപനം പിഎച്ച്ഡി: ആഗസ്ത് 24, എംബിഎ ജിഡിയും ഇന്റർവ്യൂവും: ജൂൺ 12, 13, പിജി പ്രവേശനം: ജൂൺ 26 മുതൽ 30 വരെ, പിഎച്ച്ഡി / പിഡിഎഫ് ഇന്റർവ്യൂവും പ്രവേശനവും: തീയതി പിന്നീട്, ക്ലാസ് ആരംഭം: ജൂലൈ ഒന്ന്
കോഴ്സുകൾ
ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനിയറിങ് എന്നീ നാല് ഫാക്കൽറ്റികളായി രണ്ട് ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, പോസ്റ്റ് പിഎച്ച്ഡി പ്രോഗ്രാമുകളും കുഫോസ് നടത്തുന്നുണ്ട്. ഡിപ്ലോമ, പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. കേരളത്തിൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്സ് നടത്തുന്നത് കുഫോസ് മാത്രമാണ്. പ്ലസ്ടു തലത്തിൽ സയൻസ് ഗ്രൂപ്പ് പഠിച്ചവർക്കും വിഎച്ച്എസ്‌സി (ഫിഷറീസ് സയൻസ്) പഠിച്ചവർക്കും മെഡിക്കൽ - അഗ്രികൾച്ചർ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. ബിടെക് (ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി) പ്രോഗ്രാമിൽ കേരള സർക്കാർ നടത്തുന്ന എൻജിനിയറിങ് ലിസ്റ്റിൽനിന്നാണ് പ്രവേശനം.
എംഎഫ്എസ്‌സി
അക്വാകൾച്ചർ, അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ്, അക്വാട്ടിക് എൻവയോൺമെന്റൽ മാനേജ്മെന്റ്, ഫിഷ് ജെനറ്റിക്സ് ആൻഡ് ബ്രീഡിങ്, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എക്സ്ടെൻഷൻ, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ്, ഫിഷിങ് ടെക്നോളജി ആൻഡ് എൻജിനിയറിങ് എന്നിവയിലാണ് എംഫ്‌എസ്‌സി പ്രോഗ്രാമുകളുള്ളത്.
എംഎഫ്എസ്‌സി കോഴ്സുകൾക്കും ഫിഷറീസ് ഫാക്കൽറ്റിയിലെ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും ഐസിഎആർ ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംഎഫ്എസ്‌സി, എം ടെക് ഫുഡ് ടെക്നോളജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കും.
എം ടെക്
കുഫോസ് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് എംടെക് പ്രവേശനം. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ്, ഫുഡ് ടെക്നോളജി, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ് (പാർട് ടൈം), ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട്‌ടൈം) എന്നിവയിയിലാണ് എംടെക് പ്രോഗ്രാമുകളുള്ളത്.
എംബിഎ
ഫിനാൻസ് / മാർക്കറ്റിങ് /ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വിഷയങ്ങളിൽ ഇരട്ട സ്പെഷ്യലൈസേഷനോടെ എംബിഎ എടുക്കാം. പ്രവേശനം ക്യാറ്റ്/ കെ- മാറ്റ്/ സി-മാറ്റ് സ്കോറിലൂടെയും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ മുഖേനയുമാണ്.
എംഎസ്‌സി
കുഫോസ് നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് എംഎസ്‌സി പ്രവേശനം. അപ്ലൈഡ് ജിയോ സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ് 3. ബയോടെക്നോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, എൺവയോൺമെന്റൽ സയൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറെെൻ കെമിസ്ട്രി, മൈക്രോ ബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് എന്നിവയിലാണ് എംഎസ്‌സിയിൽ പ്രോഗ്രാമുകളുള്ളത്.
സീറ്റ് സംവരണം
കുഫോസിലെ എല്ലാ കോഴ്സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സീറ്റ് സംവരണവും ഫീസിളവുമുണ്ട്. പ്രത്യേക സ്കോളർഷിപ്പുകളും ഇവർക്ക് നൽകുന്നുണ്ട്. വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് സർവകലാശാല ആവിഷ്‌കരിച്ചിട്ടുള്ളത്. മത്സ്യകൃഷി, മൂല്യവർധിത ഉൽപ്പാദനം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ വിദ്യാർഥികളെ സംരംഭകരാക്കാൻ പരിശീലനം നൽകുന്നതിനായി കിറ്റ്കോയുമായി ചേർന്ന് ബിസിനസ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.കോഴ്സുകൾക്ക് യുജിസി, ഐസിഎആർ, എഐസിടിഇ എന്നീ കേന്ദ്ര ഏജൻസികളുടെ അംഗീകാരമുള്ള കേരളത്തിലെ ഏക സർവകലാശാലയാണ് കുഫോസ്.
വിവരങ്ങൾക്ക്: www.admission. kufos.ac.in, ഹെൽപ് ലൈൻ: 0484 2701085
0 comments