ഉറുദുവിൽ നാലുവർഷ ബിരുദകോഴ്സുമായി സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ ഉറുദുവിൽ ഈ വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സംബന്ധിച്ച് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ 20 സീറ്റുകളാണുള്ളത്.
നാല് വർഷ ബിരുദ സമ്പ്രദായത്തിൽ മൂന്ന് വിധത്തിൽ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുവാൻ കഴിയും. മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്സ് ബിരുദം, നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വർഷം പ്രോഗ്രാം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം പൂർത്തിയാക്കി മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷ ബിരുദം നേടാം. നാല് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വർഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുന്നതാണ്.
പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ്‍സി / എസ്ടി വിദ്യാർഥികൾക്ക് 25 വയസുമാണ്. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് ഉറുദു ബിരുദ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. ഉറുദു പ്രോഗ്രാമിലേയ്ക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. മറ്റൊരു യു ജി പ്രോഗ്രാം പൂർത്തിയാക്കിയിട്ടുളളവർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ബിരുദ പ്രോഗ്രാമിലേക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാം. അപേക്ഷ ഫീസ് ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ്‍സി / എസ്ടി വിദ്യാർഥികൾക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ എട്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in.









0 comments